CrimeFeaturedHome-bannerKeralaNews

സൂരജിന് വധശിക്ഷയില്ല,ഉത്രക്കേസിൽ വിധി പ്രഖ്യാപിച്ച് കോടതി

കൊല്ലം:ലോകം ഉറ്റുനോക്കിയ അഞ്ചൽ വധക്കേസിൽ പ്രതി ഭർത്താവ് സൂരജിന് കോടതി ശിക്ഷ വിധിച്ചു.ഉത്രയെ മൂർഖൻ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്ന കേസിൽ ഭർത്താവ് സൂരജിന് 17 വർഷം തടവും, ഇരട്ട ജീവപര്യന്തവും 5 ലക്ഷം രൂപ പിഴയും ശിക്ഷ. സൂരജ് കുറ്റക്കാരനെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

10 വർഷം വിഷവസ്തു ഉപയോഗിച്ചുള്ള കൊലയ്ക്കും, 7 വർഷം തെളിവ് നശിപ്പിച്ചതിനുമാണ് ശിക്ഷ.കൊലപാതകത്തിനും, കൊലപാതക ശ്രമത്തിനുമാണ് ഇരട്ട ജീവപര്യന്തം.17 വർഷത്തെ തടവിന് ശേഷമാവും ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടി വരിക.
കൊല്ലം അഡീഷണല്‍ സെഷന്‍സ് മജിസ്ട്രേറ്റ് എം. മനോജാണ് വിധി പ്രസ്താവിച്ചത്.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കാന്‍ വേണ്ട സാഹചര്യ തെളിവുകള്‍ കേസിനുണ്ടെന്ന നിരീക്ഷണത്തോടെയാണ് സൂരജിനെ കോടതി കുറ്റക്കാരനായി പ്രഖ്യാപിച്ചത്. വിചിത്രവും പൈശാചികവുമായ കൊല ചെയ്ത പ്രതിക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ഏറ്റവുമൊടുവിലും കോടതിയില്‍ വാദിച്ചത്.

അടൂരിലെ സൂരജിൻ്റെ വീട്ടിൽ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയിൽ പറഞ്ഞു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി

സ്വത്തിനു വേണ്ടി സ്വന്തം ഭാര്യയെ ഭർത്താവ് മുർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുക. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂർവതകൾ ഏറെ നിറഞ്ഞ കേസിൽ 87 സാക്ഷികൾ നൽകിയ മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളും അപഗ്രഥിച്ച ശേഷമാണ് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജ് സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജീവനുളള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ ഏറ്റവും വലിയ സവിശേഷത.

പ്രതിയായ സൂരജിന്റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാൻ പൊലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചർച്ചയായിരുന്നു. വിചാരണയുടെ തുടക്കം മുതൽ താൻ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്കു മുന്നിൽ ഉയർത്തിയത്. എന്നാൽ ശാസ്ത്രീയമായ തെളിവുകളുടെ സമാഹരണത്തിലൂടെ സൂരജിൻറെ വാദങ്ങൾ പൊളിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു.

രാജ്യത്ത കുറ്റാന്വേഷണചരിത്രത്തിൽ തന്നെ സവിശേഷ പ്രധാന്യമുള്ള കേസായാണ് ഉത്രക്കേസ് ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. ഐപിഎസ് ട്രെയിനിംഗിൻ്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഉത്രക്കേസുണ്ട്. രാജ്യത്ത് ഇതിനു മുൻപ് രണ്ട് തവണ പാമ്പിനെ ഉപയോഗിച്ച് ആളുകളെ കൊല്ലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ പൂണെയിലും നാഗ്പൂരിലുമായിരുന്നു അത്. പൂണെയിൽ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊല്ലപ്പെടുത്താൻ പാമ്പിനെ ഉപയോഗിച്ചെന്നായിരുന്നു കേസെങ്കിൽ, നാഗ്പൂരിൽ മാതാപിതാക്കളുടെ സ്വത്ത് തട്ടിയെടുക്കാൻ മകൻ പാമ്പിനെ കൊണ്ട് കൊത്തിച്ചു കൊന്നു എന്നായിരുന്നു കേസ്.

എന്നാൽ ഈ രണ്ട് കേസിലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വിചാരണ കോടതികൾ വെറുതെ വിട്ടത് മഹാരാഷ്ട്രാ പൊലീസിന് തിരിച്ചടിയായി. സമാനവിധി ഉത്രക്കേസിൽ ഉണ്ടായില്ല എന്നത് കേരള പൊലീസിനാകെ അഭിമാനം പകരുന്ന കാര്യമാണ്. കൊലപാതകം, ഗൂഢാലോചന, ജീവനുള്ള വസ്തുവിനെ വച്ച് കൊലപാതകശ്രമം, ഗാർഹിക പീഡനം, കൊലപാതകശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് പൊലീസ് കുറ്റപത്രത്തിൽ സൂരജിനെതിരെ ചാർത്തിയായത്.

കേസിൽ ആദ്യം പ്രതി ചേർക്കപ്പെട്ട പാമ്പു പിടുത്തക്കാരൻ കല്ലുവാതുക്കൽ സുരേഷിനെ പൊലീസ് പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസിൽ കോടതിക്ക് മുന്നിലുള്ള ഏറ്റവും വലിയ സാക്ഷിമൊഴിയാണ് സുരേഷിൻ്റേത്. സൂരജിനെ പാമ്പുകളെ കൊടുത്തിടിട്ടുണ്ടെന്നും അവയെ കൈകാര്യം ചെയ്യാൻ സൂരജിന് അറിയാമെന്നും സുരേഷ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഭാര്യയെ കൊല്ലാൻ വേണ്ടിയായിരുന്നു സൂരജ് പാമ്പിനെ വാങ്ങിയത് എന്നറിയില്ലായിരുന്നുവെന്ന സുരേഷിൻ്റെ മൊഴി അംഗീകരിച്ചാണ് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker