ഡല്ലാസ്: ടി20 ലോകകപ്പില്‍ മുന്‍ ചാംപ്യന്മാരായ പാകിസ്ഥാനെ അട്ടിമറിച്ച് അമേരിക്ക. ഡല്ലാസ്, ഗ്രാന്‍ഡ് പ്രയ്‌റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു യുഎസിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ യുഎസിന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന്റെ സ്‌കോറിനൊപ്പമെത്താനായി. പിന്നാലെ സൂപ്പര്‍ ഓവറിലേക്ക്. 19 റണ്‍സ് വിജലക്ഷ്യമാണ് യുഎസ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുക്കാനാണ് സാധിച്ചത്.
പാകിസ്ഥാന് വേണ്ടി സൂപ്പര്‍ ഓവര്‍ എറിഞ്ഞത് മുഹമ്മദ് ആമിറായിരുന്നു. ഓവറില്‍ എക്‌സ്ട്രായിനത്തില്‍ മാത്രം യുഎസിന് എട്ട് റണ്‍സ് ലഭിച്ചു. 10 റണ്‍സ് മാത്രമാണ് യുഎസ് താരങ്ങളായ ആരോണ്‍ ജോണ്‍സും ഹര്‍മീത് സിംഗും അടിച്ചെടുത്തത്. പാകിസ്ഥാന് വേണ്ടി മറുപടി ബാറ്റിംഗിനെത്തിയത് ഫഖര്‍ സമാനും ഇഫ്തികര്‍ അഹമ്മദുമായിരുന്നു. മൂന്നാം പന്തില്‍ നേത്രവല്‍ക്കര്‍ ഇഫ്തികറിനെ പുറത്താക്കി. തുടര്‍ന്നത്തെിയ ഷദാബ് ഖാന് ജയിപ്പിക്കാന്‍ സാധിച്ചതുമില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ നിശ്ചിത ഓവവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. ബാബര്‍ അസം (44), ഷദാബ് ഖാന്‍ (40) എന്നിവരാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഷഹീന്‍ അഫ്രീദി 23 റണ്‍സെടുത്തു. മുഹമ്മദ് റിസ്വാന്‍ (9), ഉസ്മാന്‍ ഖാന്‍ (3), ഫഖര്‍ സമാന്‍ (11), അസം ഖാന്‍ (0), ഇഫ്തികര്‍ അഹമ്മദ് (18) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹാരിസ് റൗഫ് (3) ഷഹീനൊപ്പം പുറത്താവാതെ നിന്നു. യുഎസിന് വേണ്ടി നൊസ്തുഷ് കെഞിഗെ മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗില്‍ 38 പന്തില്‍ 50 റണ്‍സെടുത്ത മൊനാങ്ക് പട്ടേലാണ് യുഎസിനെ പാകിസ്ഥാന്റെ സ്‌കോറിനൊപ്പമെത്താന്‍ സഹായിച്ചത്. ഭേദപ്പെട്ട തുടക്കമായിരുന്നു യുഎസിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സ്റ്റീവന്‍ ടെയ്‌ലര്‍ (12) – മൊനാങ്ക് സഖ്യം 36 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ടെയ്‌ലറെ നസീം ഷാ പുറത്താക്കി. മൂന്നാം വിക്കറ്റില്‍ ആന്‍ഡ്രീസ് ഗൗസിനൊപ്പം (35) മൊനാങ്കിന് 68 റണ്‍സ് കൂട്ടിചേര്‍ക്കാനായി. എന്നാല്‍ ഗൗസിനെ പുറത്താക്കി ഹാരിസ് റൗഫ് പാകിസ്ഥാന് പ്രതീക്ഷ നല്‍കി.
വൈകാതെ മൊനാങ്കിനെ മുഹമ്മദ് ആമിറും മടക്കി. ഇതോടെ മൂന്നിന് 111 എന്ന നിലയിലേക്ക് വീണു യുഎസ്. എന്നാല്‍ നിതീഷ് കുമാറിനെ കൂട്ടുപിടിച്ച് ആരോണ്‍ ജോണ്‍സ് (36) യുഎസിനെ ഒപ്പമെത്തിച്ചു. അവസാന പന്തില്‍ ഹാരിസ് റൗഫിനെതിരെ നിതീഷ് നേടിയ ബൗണ്ടറിയാണ് സ്‌കോര്‍ നിശ്ചിത സമയത്ത് ഒപ്പമെത്തിച്ചത്.