ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് യു.എസ് സെനറ്റര്‍ നടത്തിയത് 24 മണിക്കൂര്‍ പ്രസംഗം; ഡെമോക്രാറ്റിക് അംഗമായ കോറി ബുക്കര്‍ നടത്തിയ പ്രസംഗം റെക്കോര്‍ഡ് ബുക്കില്‍

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് യു.എസ് സെനറ്ററും ഡെമോക്രാറ്റിക് അംഗവുമായ കോറി ബുക്കര്‍ നടത്തിയത് റെക്കോഡ് പ്രസംഗം. ട്രംപ് അമേരിക്കയെ പിന്നോട്ടു നയിക്കുകയാണെന്ന് ആരോപിച്ചു കൊണ്ടാണ് ബുക്കര്‍ പ്രസംഗിച്ചത്. തുടര്‍ന്ന് ട്രംപിന്റെ നയങ്ങള്‍ ഓരോന്നും അക്കമിട്ടു നിരത്തി കൊണ്ട് എതിര്‍ത്തു. യു.എസ് സെനറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രസംഗമാണ് ബുക്കര്‍ നടത്തിയത്. 24 മണിക്കൂറും 20 മിനിറ്റ് നീണ്ടുനില്‍ക്കുന്നതുമായ പ്രസംഗമാണ് ബെക്കറുടെ ഭാഗത്തു നിന്നും ഉണ്ടായത്. ട്രംപിന്റെ നയങ്ങളെ വിമര്‍ശിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം.
1957ല്‍ സിവില്‍ റൈറ്റ്‌സിനെതിരെ റിപബ്ലക്കിന്‍ സെനറ്റര്‍ സ്റ്റോം തുര്‍മോണ്ടിന്റെ റെക്കോഡാണ് ബൂക്കര്‍ മറികടന്നത്. ന്യൂ ജേഴ്‌സിയില്‍ നിന്നുള്ള 55കാരനായ സെനറ്ററാണ് ബൂക്കര്‍. നിശ്ചിത സമയങ്ങളില്‍ ബൂക്കര്‍ക്ക് സഹായവുമായി ഡെമോക്രാറ്റിക് അംഗങ്ങളും രംഗത്തെത്തി. സെനറ്റില്‍ ചോദ്യങ്ങളുമായി ?ഡെമോക്രാറ്റിക് അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു.
ട്രംപ് ഭരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ബൂക്കര്‍ യു.എസ് പ്രസിഡന്റ് ജനാധിപത്യത്തിന് ഭീഷണിയാണെന്നും പറഞ്ഞു. ഫണ്ട് വെട്ടിക്കുറക്കല്‍, ജീവനക്കാരെ പിരിച്ചുവിടല്‍, ആരോഗ്യപദ്ധതികളെ അട്ടിമറിക്കല്‍ എന്നിവയിലെ ട്രംപിന്റെ നയങ്ങള്‍ക്കാണ് വിമര്‍ശനം.
നമ്മുടെ രാജ്യത്ത് ഇത് സാധാരണ സമയമല്ല, യുണൈറ്റഡ് സ്റ്റേറ്റ്‌സ് സെനറ്റ് അവയെ അങ്ങനെ പരിഗണിക്കരുത്. അമേരിക്കന്‍ ജനതക്കും അമേരിക്കന്‍ ജനാധിപത്യത്തിനും നേരെയുള്ള ഭീഷണികള്‍ ഗുരുതരവും അടിയന്തിരവുമാണ്, അവയ്ക്കെതിരെ പോരാടാന്‍ നാമെല്ലാവരും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്നും യു.എസ് സെനറ്റില്‍ അദ്ദേഹം പറഞ്ഞു.
71 ദിവസത്തിനുള്ളില്‍ യു.എസ് പ്രസിഡന്റ് അമേരിക്കക്കാരുടെ സുരക്ഷയില്‍ സാമ്പത്തിക സ്ഥിരതയിലും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നും യു.എസ് സെനറ്റര്‍ പറഞ്ഞു.