വാഷിങ്ടണ്‍: ലോകത്തിലെ തന്നെ ഏറ്റവും സങ്കീര്‍ണമായ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേത്. പോപ്പുലര്‍ വോട്ടില്‍ മുന്നിലെത്തിയാലും 270 ഇലക്ടറല്‍ വോട്ടുകള്‍ നേടാനായാല്‍ മാത്രമേ ആരാകും പ്രസിഡന്റെന്ന് ഉറപ്പിക്കാനാകൂ. അവിടെയാണ് സ്വിങ് സ്റ്റേറ്റുകള്‍ എന്ന ഏഴ് സംസ്ഥാനങ്ങള്‍ നിര്‍ണായകമാവുന്നത്. ഒരു പാര്‍ട്ടിയുടെയും കോട്ടയല്ലാത്ത, എങ്ങോട്ടും ചായാവുന്ന സംസ്ഥാനങ്ങളാണ് ഈ സ്വിങ് സ്റ്റേറ്റുകള്‍.
അരിസോണ, ജോര്‍ജിയ, മിഷിഗന്‍, നെവാഡ, നോര്‍ത്ത് കരോലിന, പെന്‍സില്‍വേനിയ, വിസ്‌കോണ്‍സിന്‍ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകള്‍. 538 ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ 94-ഉം ഇവിടെയാണ്. ഏഴ് സ്വിങ് സ്റ്റേറ്റുകളില്‍ ആറിടത്തും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാണ്‍ഡ് ട്രംപ് മുന്നിട്ട് നില്‍ക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
സ്വിങ് സ്റ്റേറ്റുകളില്‍ നോര്‍ത്ത് കരോലിന ഒഴികെയുള്ള ആറും കഴിഞ്ഞതവണ ജോ ബൈഡനൊപ്പമായിരുന്നു. ഇത്തവണ പെന്‍സില്‍വേനിയയില്‍ ട്രംപ് മുന്‍തൂക്കം നേടിയിട്ടുണ്ട്. 19 ഇലക്ടറല്‍ വോട്ടുകളുണ്ട് പെന്‍സില്‍വാനിയയില്‍. ജോര്‍ജിയയിലും അതുപോലെ ട്രംപിനാണ് ലീഡ്.
16 വോട്ടുകളുള്ള ജോര്‍ജിയ പിടിക്കാനായാല്‍ അത് റിപ്പബ്ലിക്കന്‍സിന് ഏറെ നിര്‍ണായകമാകും. 11 ഇലക്ടറല്‍ വോട്ടുകളുള്ള അരിസോണയിലും 15 ഇലക്ടറല്‍ വോട്ടുകളുള്ള മിഷിഗണിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നതെങ്കിലും നേരിയ മുന്‍തൂക്കം ട്രംപിനുണ്ട്. ഈ സ്വിങ് സ്റ്റേറ്റുകളിലെ സൂചനകള്‍ ഇതേ നില തുടര്‍ന്നാല്‍ ട്രംപിന് തിരിച്ചുവരവിനുള്ള സാധ്യതകള്‍ തെളിയും. വിസ്‌കോണ്‍സിനിലും റിപ്പബ്ലിക്കന്‍സിന് മുന്‍തൂക്കമുണ്ട്.
ജനങ്ങളുടെ വോട്ടിനെക്കാള്‍ ഇലക്ടറല്‍ കോളേജ് എന്ന സംവിധാനത്തെയാണ് പ്രസിഡന്റിനെ നിശ്ചയിക്കാന്‍ അമേരിക്ക ആശ്രയിക്കുന്നത്. ഓരോ സംസ്ഥാനത്തെയും പാര്‍ട്ടിഘടകങ്ങളാണ് അതതിടത്തെ ഇലക്ടറല്‍ കോളേജ് അംഗത്തെ (ഇലക്ടര്‍) നിശ്ചയിക്കുക. ഓരോ സംസ്ഥാനത്തിനും അവിടത്തെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് തുല്യമായ ഇലക്ടര്‍മാരുണ്ടാവും. സംസ്ഥാനത്തെ ജനപ്രതിനിധികളുടെ എണ്ണം ജനസംഖ്യാനുപാതികമായി ഓരോ പത്തുവര്‍ഷവും മാറിക്കൊണ്ടിരിക്കും. ഇത്തവണ 538 ഇലക്ടര്‍മാരാണുള്ളത്. കാലിഫോര്‍ണിയയിലാണ് ഏറ്റവുമധികം: 54.
ആകെയുള്ള 538 ഇലക്ടര്‍മാരില്‍ 94 എണ്ണമാണ് സ്വിങ് സ്റ്റേറ്റസ്‌കളിലുള്ളത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടകളെല്ലാം ഒപ്പംനിന്നാലും കേവലഭൂരിപക്ഷമായ 270-ന് ഡൊണാള്‍ഡ് ട്രംപിന് 51 ഇലക്ടറല്‍ വോട്ടിന്റെ കുറവുവരും. ഡെമോക്രാറ്റിക് സംസ്ഥാനങ്ങളെല്ലാം പിടിച്ചാലും കമലാ ഹാരിസിന് 44 വോട്ടിന്റെ കുറവുമുണ്ടാകും. അവിടെയാണ് ഈ ഏഴു സംസ്ഥാനങ്ങളുടെ പ്രസക്തി.
2016-ല്‍ നെവാഡ ഒഴികെ എല്ലാം ട്രംപിനു കിട്ടി. 2020-ല്‍ നോര്‍ത്ത് കരോലൈന ഒഴികെ എല്ലാ സംസ്ഥാനങ്ങളും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോബൈഡനൊപ്പം നിന്നു. 1980- നുശേഷം ഒരിക്കലേ നോര്‍ത്ത് കരോലൈന ഡെമോക്രാറ്റുകളെ കനിഞ്ഞിട്ടുള്ളൂ; 2008-ല്‍ ആഫ്രോ-അമേരിക്കന്‍ വംശജനായ ബരാക് ഒബാമ മത്സരിച്ചപ്പോള്‍.