വാട്സാപ്പ് അക്കൗണ്ടുകളും ഹാക്ക് ചെയ്ത ‘പെഗാസസ്’ കേസിൽ അമേരിക്കൻ കോടതിയുടെ നിർണായക വിധി
ന്യൂയോർക്ക്: പെഗാസസ് ചാര സോഫ്റ്റ്‍വെയർ ഉപയോഗിച്ച് വാട്സാപ്പ് അക്കൗണ്ടുകൾ അടക്കം ഹാക്ക് ചെയ്ത കേസിൽ ഇസ്രയേൽ ഗ്രൂപ്പ് എൻ എസ് ഒ ടെക്നോളജീസ് കുറ്റക്കാരെന്ന് അമേരിക്കയിലെ ഓക് ലാൻഡ് കോടതി വിധിച്ചു.
ഇസ്രയേലി കമ്പനി നിർമ്മിച്ച സോഫ്റ്റ‍്‍വെയർ ചാരസംഘടനകളടക്കമുള്ളവർ, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്താനായി ഉപയോഗിക്കുകയായിരുന്നു എന്ന് കോടതി കണ്ടെത്തി. വാട്സാപ്പിനെ സംബന്ധിച്ചടുത്തോളം ഈ വിധി വലിയ ആശ്വാസമാണെന്നാണ് വിലയിരുത്തലുകൾ.
2019 മെയ് മാസത്തിൽ രണ്ടാഴ്‌ചയ്ക്കിടെ മാധ്യമപ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 1,400 വ്യക്തികളുടെ ഫോണുകൾ നിരീക്ഷണം നടത്താനും ചോർത്താനും പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ചെന്ന കേസിലാണ് എൻ എസ് ഒ ഗ്രൂപ്പിനെ കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്നത്.
വാട്സാപ്പ് അടക്കം ഹാക്ക് ചെയ്തുകൊണ്ട് സെൻസിറ്റീവ് ഡാറ്റകളടക്കം ചോർത്തിയെന്നാണ് കണ്ടെത്തിയത്. കേസിൽ യു എസ് ജില്ലാ ജഡ്ജി ഫില്ലിസ് ഹാമിൽട്ടണാണ് വിധി പുറപ്പെടുവിച്ചത്. വാട്സാപ്പിന് അനുകൂലമായ വിധിയാണ് കോടതി പുറപ്പെടുവിച്ചത്.
എൻ എസ് ഒ ഗ്രൂപ്പ് അമേരിക്കയിലെ സംസ്ഥാന, ഫെഡറൽ ഹാക്കിംഗ് നിയമങ്ങളും വാട്സാപ്പിൻ്റെ സേവന നിബന്ധനകളും ലംഘിച്ചുവെന്ന് കണ്ടെത്തിയാണ് കുറ്റക്കാരായി വിധിച്ചത്. എൻ എസ് ഒ ഗ്രൂപ്പ് യു എസ് കമ്പ്യൂട്ടർ ഫ്രോഡ് ആൻഡ് ദുരുപയോഗ നിയമം ലംഘിച്ചുവെന്നും കോടതി ചൂണ്ടികാട്ടി.
ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായി തുടരുന്ന വാട്സാപ്പിന് നൽകേണ്ട നഷ്ടപരിഹാരം നിർണ്ണയിക്കാൻ എൻ എസ് ഒ ഗ്രൂപ്പ് 2025 മാർച്ചിൽ വിചാരണ നേരിടേണ്ടിവരുമെന്നാണ് മറ്റൊരു കാര്യം. ഇന്ത്യയിലും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ അടക്കം ഫോണുകൾ ചോർത്തപ്പെട്ടത് വലിയ വിവാദമായിരുന്നു.