InternationalNews

യുക്രെയ്‌ന്റെ ധാതുസമ്പത്തിന്റെ 50 ശതമാനം അവകാശം അമേരിക്കയ്ക്ക്; യു.എസുമായുള്ള ധാതുകരാറില്‍ ധാരണയായി; ഇരുപക്ഷവും അംഗീകരിച്ച പുതിയ ഉടമ്പടിയില്‍ ഒപ്പുവെക്കും

വാഷിങ്ടണ്‍: യു.എസുമായുള്ള ധാതുകരാറില്‍ ധാരണയായെന്ന് യുക്രെയ്ന്‍. മുതിര്‍ന്ന യുക്രെയ്ന്‍ ഉദ്യോഗസ്ഥനാണ് കരാറില്‍ ധാരണയായ വിവരം അറിയിച്ചത്. ചില ഭേദഗതികളോടെ കരാറില്‍ ധാരണയായെന്നാണ് യുക്രെയ്ന്‍ അറിയിച്ചു. എന്നാല്‍, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. യുക്രെയ്ന്റെ ധാതുസമ്പത്തിന്റെ 50 ശതമാനം അവകാശം അമേരിക്കയ്ക്ക് നല്‍കുന്നതാണ് കരാര്‍.

ഈ ആഴ്ച തന്നെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് കരാറില്‍ ഒപ്പിടും. സുരക്ഷാ ഉറപ്പുകളോ ആയുധങ്ങളുടെ തുടര്‍ച്ചയായ കൈമാറ്റമോ കരാറില്‍ ഇല്ലെന്നാണു സൂചന. ‘സ്വതന്ത്രവും പരമാധികാരവും സുരക്ഷിതവുമായ’ യുക്രെയ്‌നാണു യുഎസ് ആഗ്രഹിക്കുന്നത്. ഭാവിയിലെ ആയുധ കയറ്റുമതി സംബന്ധിച്ചു ചര്‍ച്ചകള്‍ തുടരുമെന്നും യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യുക്രെയ്‌നിന്റെ പ്രകൃതി സമ്പത്തില്‍ 500 ബില്യന്‍ ഡോളറിന്റെ അവകാശം ചോദിച്ചിരുന്ന യു.എസ് നിലപാടില്‍ പ്രതിഷേധിച്ച് ധാതുകരാറിന്റെ മുന്‍ കരടില്‍ ഒപ്പിടാന്‍ സെലന്‍സ്‌കി വിസമ്മതിച്ചിരുന്നു. യു.എസ് പ്രഖ്യാപിച്ച സഹായത്തില്‍നിന്ന് വളരെ കുറച്ചേ ലഭിച്ചുള്ളൂവെന്നും യുക്രെയ്നിന് ആവശ്യമായ സുരക്ഷാ ഉറപ്പുകള്‍ കരാറില്‍ ഇല്ലെന്നും അറിയിച്ചാണ് കരാറില്‍ നിന്നും പിന്മാറിയത്.

പുതുക്കിയ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുക. ധാതുക്കള്‍, ഹൈഡ്രോകാര്‍ബണുകള്‍ എന്നിവയുടെ ഖനനത്തിനും മറ്റുമായി യുഎസും യുക്രെയ്‌നും പുനര്‍നിര്‍മാണ നിക്ഷേപഫണ്ട് രൂപീകരിക്കും. അടുത്ത ആഴ്ച വൊളോഡിമര്‍ സെലന്‍സ്‌കി വാഷിംങ്ടണ്‍ സന്ദര്‍ശിക്കുമെന്നും, യുക്രെയ്ന്‍ ആവശ്യപ്പെടുന്ന സുരക്ഷാ ഗ്യാരണ്ടികള്‍ അടങ്ങുന്ന കരാറില്‍ ഇരുഭാഗവും ഒപ്പുവെയ്ക്കുമെന്നും ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യമാണ് സെലന്‍സ്‌കിയുടെ ഓഫീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

യുക്രെയ്ന്‍-റഷ്യ സമാധാനകരാറിലേക്ക് ആഴ്ചകളുടെ ദൂരം മാത്രമേയുള്ളൂ എന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞത്. ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്മാനുവല്‍ മാക്രോണും ഇതാവര്‍ത്തിച്ചു. അമേരിക്കയുടെ പിന്തുണ ഉറപ്പിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗമെന്നാണ് ധാതു കരാറിനെ മാക്രോണ്‍ വിശേഷിപ്പിച്ചത്.

ആണവ, പ്രതിരോധ വ്യോമയാന മേഖലകളില്‍ നിര്‍ണായകമായ ധാതുക്കളുടെ ശേഖരമുള്ള രാജ്യമാണ് യുക്രെയ്ന്‍. ഈ ധാതുസമ്പത്തിന്റെ 50 ശതമാനം അമേരിക്കയ്ക്ക് നല്‍കുന്നതിന് 500 ബില്യണ്‍ ഡോളറിന്റെ കരാറാണ് ട്രംപ് ആദ്യം മുന്നോട്ടുവെച്ചത്. യുക്രെയ്ന് നല്‍കി വരുന്ന ആയുധ- സാമ്പത്തിക സഹായത്തിന് പകരമായിരുന്നു കരാര്‍. എന്നാല്‍ യുദ്ധാനന്തരം സൈനിക സഹായം ഉറപ്പു നല്‍കണമെന്ന യുക്രെയ്ന്റെ ആവശ്യം പരാമര്‍ശിക്കാത്ത കരാര്‍ അംഗീകരിക്കില്ലെന്ന് സെലന്‍സ്‌കി വ്യക്തമാക്കി. തുടര്‍ന്ന് യുക്രെയ്‌നെ മാറ്റിനിര്‍ത്തി റഷ്യ-യുഎസ് ഉഭയകക്ഷി ചര്‍ച്ചകള്‍ സമാന്തരമായി ആരംഭിക്കുക കൂടിചെയ്തതോടെ ഇരുനേതാക്കളും തമ്മിലെ അസ്വാരസ്യം പരസ്യമായ വാക്‌പോരില്‍ വരെയെത്തിയിരുന്നു.

റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചര്‍ച്ചകളില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും പങ്കെടുക്കാമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ഈ രാജ്യങ്ങള്‍ക്കും പങ്ക് വഹിക്കാനാകുമെന്നും താന്‍ അതിലൊരു തെറ്റും കാണുന്നില്ലെന്നും പുടിന്‍ വ്യക്തമാക്കി. നിലവില്‍ അമേരിക്ക യുക്രെയ്‌നില്‍ നിന്ന് അകലുന്ന സാഹചര്യവും എന്നാല്‍ യുക്രെയ്‌നെ യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തുണയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുടിന്റെ ഈ പ്രതികരണം.

കഴിഞ്ഞ ദിവസമാണ് റഷ്യ- യുക്രെയ്ന്‍ യുദ്ധം മൂന്നാം വര്‍ഷത്തിലേക്ക് കടന്നത്. ആക്രമണങ്ങളും പ്രതിരോധവും പ്രത്യാക്രമണങ്ങളുമായി യുദ്ധം ഇപ്പോഴും തുടരുന്നു. മൂന്നാം വാര്‍ഷികത്തലേന്ന് ഇത്രനാളും കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ ഡ്രോണ്‍ ആക്രമണമാണ് യുക്രെയ്‌ന് നേരെ റഷ്യ നടത്തിയത്. 2022 ഫെബ്രുവരി 24നാണ് റഷ്യ യുക്രൈനിലേക്ക് ഏകപക്ഷീയ ആക്രമണം ആരംഭിച്ചത്. യുദ്ധം ആരംഭിക്കുമ്പോള്‍ യുക്രയിനെ അതിവേഗം കീഴ്‌പെടുത്താമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ കരുതിയിരുന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് കണ്ട ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമായി ഇത് മാറി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker