തിരുവനന്തപുരം: ഊരൂട്ടമ്പലം ഇരട്ടക്കൊല കേസില്‍ മൊഴിയില്‍ സ്ഥിരീകരണം കിട്ടിയശേഷം അറസ്റ്റെന്ന് റൂറല്‍ എസ്പി ഡി ശില്‍പ്പ. മാഹിന്‍കണ്ണും ഭാര്യയും കസ്റ്റഡിയിലെന്ന് റൂറല്‍ എസ്‍പി പറഞ്ഞു. കേസ് അന്വേഷിക്കുന്നത് പതിനഞ്ചംഗ പ്രത്യേക സംഘമാണ്. മാറനെല്ലൂരില്‍ നിന്ന് 11 വര്‍ഷം മുമ്പ് കാണാതായ വിദ്യയെയും കുഞ്ഞിനെയും കടലില്‍ തള്ളിയിട്ട് കൊന്നതാണെന്ന് വിദ്യയുടെ കാമുകനായിരുന്ന മാഹിൻകണ്ണ് പൊലീസിനോട് സമ്മതിച്ചിരുന്നു.
2011 ഓഗസ്റ്റ് 18 ന് സുഹൃത്തായ മാഹിൻകണ്ണിനൊപ്പം പോയ വിദ്യയും മകൾ ഗൗരിയും കൊല്ലപ്പെട്ടിരുന്നു.വിദ്യയെയും കുഞ്ഞിനെയും പൂവാറിന് സമീപം കടലിൽ തള്ളിയിട്ട് കൊന്നെന്നാണ് മാഹിൻ കണ്ണിന്‍റെ മൊഴി. മാഹിന്‍ കണ്ണ് മാത്രമല്ല ഭാര്യ റുഖിയയും അറിഞ്ഞുകൊണ്ട് നടത്തിയ ആസൂത്രിത കൊലപാതകം, 2011 ഓഗസ്റ്റ് 19 ന് കുളച്ചലിൽ നിന്നും കിട്ടിയ അമ്മയുടേയും കുഞ്ഞിന്‍റെയും മൃതദേഹം വിദ്യയുടേയും ഗൗരിയുടേതുമാണെന്ന് പുതിയ സംഘത്തിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞു. പുതുക്കട പൊലീസില്‍ നിന്ന് അന്വേഷണ സംഘം മൃതദേഹങ്ങളുടെ രേഖകള്‍ ശേഖരിച്ചു.
മാഹിൻ കണ്ണിനെ തുടക്കം മുതൽ വിദ്യയുടെ അമ്മ രാധ സംശയിച്ചെങ്കിലും പൊലീസ് ഉഴപ്പുകയായിരുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെ പത്ത് മാസത്തിനകം പൊലീസ് പൂട്ടിക്കെട്ടിയ കേസ് പിന്നെ പൊങ്ങിയത് ഐഎസ് റിക്രൂട്ട്മെന്‍റിന്‍റെ പേരിൽ സ്ത്രീകളെ കാണാതായ സംഭവങ്ങള്‍ വീണ്ടും അന്വേഷിക്കണമെന്ന് 2019 ല്‍ നിര്‍ദേശം വന്നതോടെയാണ്.
അന്ന് അഭിഭാഷകന്‍റെ സഹായത്തോടെ മാത്രമേ ചോദ്യം ചെയ്യാവു എന്ന കോടതി ഉത്തരവ് മറയാക്കി മാഹിന്‍ കണ്ണ് തടിയൂരി . മനുഷ്യാവകാശ കമ്മീഷനും മാഹിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയതോടെ പൊലീസിന് പൂര്‍ണമായും പിന്മാറേണ്ടി വന്നു.