തിരുവനന്തപുരം: കരമനയിലെ മോഷണത്തിന് ശേഷം വീണ്ടും മോഷണം നടത്താന്‍ കേരളത്തിലേക്ക് എത്തിയതോടെ പോലീസ് വലയിലായി മോഷ്ടാക്കള്‍. ജയില്‍ മുന്‍ ഡിഐജി എസ്. സന്തോഷിന്റെ വീട്ടില്‍ മോഷണം നടത്തിയ ഉത്തര്‍പ്രദേശി സ്വദേശികളായ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനോജ് കുമാര്‍(26), വിജയ് കുമാര്‍(25) എന്നിവരെയാണ് കരമന പോലീസ് സിറ്റി ഷാഡോ സംഘത്തിന്റെ സഹായത്തോടെ പിടികൂടിയത്.
കരമനയിലെ മോഷണത്തിന് ശേഷം പ്രതികളെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ക്രിസ്മസ് ദിനത്തിലാണ് റിട്ടയേര്‍ഡ് ഡി.ഐ.ജി. സന്തോഷിന്റെ പൂട്ടിക്കിടന്ന വീട്ടില്‍ മോഷണം നടന്നത്. വീട്ടില്‍ ഉണ്ടായിരുന്നവര്‍ സ്വന്തം നാടായ ആലപ്പുഴയിലേക്ക് പോയ സമയത്താണ് ഇവര്‍ മോഷണം നടത്തിയത്. വീടിന്റെ പുറക് വശത്തെ വാതിലിന്റെ പൂട്ട് തുറന്നാണ് ഇവര്‍ വീടിന്റെ അകത്ത് പ്രവേശിച്ചത്. 20 ഗ്രാം സ്വര്‍ണവും, വിലകൂടിയ വാച്ചുകളും വീട്ടില്‍ നിന്ന് മോഷണം പോയിരുന്നു.
മോഷണത്തിന് ശേഷം പ്രതികള്‍ വീട്ടില്‍ നിന്ന് പോകുന്ന ദൃശ്യം നെടുങ്കാട്ടു നിന്ന് കരമന പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തമ്പാനൂരില്‍ ലോഡ്ജില്‍ താമസം ഉണ്ടെന്ന് വിവരം ലഭിച്ചിരുന്നു. ഇവിടെ നിന്ന് പ്രതികളുടെ തിരിച്ചറിയല്‍ രേഖകളും കണ്ടെത്തി.
തുടര്‍ന്ന് ഇവരുടെ മൊബൈല്‍ ഫോണുകളും മറ്റും നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം തീവണ്ടിയില്‍ കേരളത്തിലേക്ക് വരുന്നതായി കണ്ടെത്തിയത്. പകല്‍ ആളില്ലാത്ത വീടുകള്‍ കണ്ടെത്തിവച്ചിട്ട് രാത്രി മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പോലീസ് പറയുന്നു.
ഫോര്‍ട്ട് എ.സി. പ്രസാദ്, കരമന സി.ഐ. അനൂപ്, സി.പി.ഒ.മാരായ ഹരീഷ് ലാല്‍, ഹിരണ്‍, സിറ്റി ഷാഡോ എസ്.ഐ.ഉമേഷ്, ഹരിലാല്‍, ഷംനാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.