KeralaNews

ഇതിലും നല്ലത് ഉണ്ണി മുകുന്ദന്‍ കക്കാന്‍ പോകുന്നത്, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുഖമായി മാറുന്നു’; പോസ്റ്റിന് മറുപടിയുമായി താരം

കൊച്ചി:മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവർക്ക് ജയ് ഗണേഷ് ഒഴിവാക്കാമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഒരു സിനിമ ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ട കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇത്തരം വിദ്വേഷം വമിക്കുന്ന പോസ്റ്റുകള്‍ പങ്കുവെക്കാന്‍ അനുവാദം കൊടുത്ത ഈ ഗ്രൂപ്പിനെ ഇനി ഒരു സിനിമാഗ്രൂപ്പായി കാണാൻ സാധിക്കില്ലെന്നും ഇത്തരം പൊതു ഇടങ്ങള്‍ വിദ്വേഷം വളര്‍ത്താന്‍ വേണ്ടി ഉപയോഗപെടുത്തുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നെന്നും നടൻ വ്യക്തമാക്കി.

‘മാളികപ്പുറം ഒരു അജണ്ട സിനിമയാണെന്ന് കരുതുന്നവര്‍ക്ക് ജയ് ഗണേഷ് ഒഴിവാക്കാം. സിനിമ ഗ്രൂപ്പിൽ വന്ന് പോസ്റ്റില്‍ എന്നെ വര്‍ഗീയവാദി ആക്കുന്നതുപോലെ തന്നെ തിയറ്ററില്‍ വന്നു സിനിമ കണ്ടവരെയും അത്തരത്തില്‍ ചിത്രീകരിക്കുകയാണെന്ന് മനസിലാക്കുന്നു. ഒരു കൂട്ടം ആളുകളുടെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ദാഹം ശമിപ്പിക്കാത്ത ഒരു സിനിമ ഞാന്‍ ചെയ്തു എന്നതുകൊണ്ടു ഇത്തരം പൊതു ഇടങ്ങള്‍ വിദ്വേഷം വളര്‍ത്താന്‍ വേണ്ടി ഉപയോഗപെടുത്തുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നു.

എന്തായാലും ഇത്തരം വിദ്വേഷം വമിക്കുന്ന പോസ്റ്റുകള്‍ പങ്കുവയ്ക്കാന്‍ സമ്മതം കൊടുത്തതുകൊണ്ട് തന്നെ ഈ ഗ്രൂപ്പിനെ ഇനി ഒരു സിനിമാഗ്രൂപ്പായി കാണാൻ സാധിക്കില്ല. ഏപ്രിൽ 11 ആണ് ജയഗണേഷ് തിയറ്ററുകളിലെത്തുന്നത്. ഇതൊരു ഫാമിലി എന്റർടെയ്‌നറാണ്. ഈ സിനിമ നിങ്ങൾ ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ട്. അതുകൊണ്ട് എല്ലാവരും കുടുംബത്തോടൊപ്പം ചിത്രം കാണണം’– ഉണ്ണി മുകുന്ദൻ കുറിച്ചു.

നടൻ കരിയറിന്റെ വളര്‍ച്ചക്ക് വേണ്ടി ചില രാഷ്ട്രീയപാര്‍ട്ടികളെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് ‘മാളികപ്പുറം’ പോലെയുള്ള സിനിമകൾ ചെയ്യുന്നതെന്നായിരുന്നു സിനിമാഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റ്. ‘മല്ലു സിങ് അല്ലാതെ മലയാളത്തില്‍ മറ്റൊരു ഹിറ്റ് ഇല്ലാതിരുന്ന, അഭിനയത്തിന്റെ കാര്യം പറയാന്‍ ആണെങ്കില്‍ ഒരു ആംഗ്രി യങ് മാന്‍ ആറ്റിട്യൂട് മാത്രമുള്ള ഉണ്ണിമുകുന്ദന്‍ തന്റെ കരിയര്‍ ഗ്രോത് ഉണ്ടാക്കാന്‍ കണ്ടുപിടിച്ച എളുപ്പ മാര്‍ഗം ആണ് ഹിന്ദുത്വ രാഷ്ട്രീയത്തെയും അതിന്റെ അണികളെയും സുഖിപ്പിക്കുക എന്നത്. പതിയെ പതിയെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മലയാള സിനിമയുടെ മുഖമായി ഉണ്ണിമുകുന്ദന്‍ മാറിക്കൊണ്ട് ഇരിക്കുകയാണ്.

മാളികപ്പുറം ഒരു ബിലോ ആവറേജ് സീരിയല്‍ ലെവല്‍ പടം ആയിരുന്നിട്ടു കൂടി ഹിറ്റ് ആവാന്‍ കാരണം ഭക്തി എന്ന ലൈനില്‍ മാര്‍ക്കറ്റ് ചെയ്തത് കൊണ്ട് ആയിരുന്നു. അടുത്തത് ജയ് ഗണേഷ് ആണ്, ഒരു തീവ്രവാദ ആശയത്തെ കൂട്ട് പിടിച്ചു പടം ഹിറ്റ് അടിക്കുന്നതിലും കരിയര്‍ ഗ്രോത് ഉണ്ടാക്കുന്നതിലും നല്ലത് കട്ടപ്പാരയും എടുത്തു കക്കാന്‍ പോകുന്നതാണ്’- എന്നായിരുന്നു കുറിപ്പിൽ ആരോപിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker