News

ലത മങ്കേഷ്‌കര്‍ ഒരിക്കലും സ്വന്തം പാട്ടുകള്‍ കേട്ടിരുന്നില്ല; അധികം അറിയപ്പെടാത്ത വസ്തുതകള്‍

മുംബൈ: ഇതിഹാസ ഗായികയും ഭാരതരത്ന ജേതാവുമായ ഗായിക ലത മങ്കേഷ്‌കര്‍ വിട പറഞ്ഞിരിക്കുകയാണ്. തന്റെ ശബ്ദമധുരിമയാല്‍ മനോഹരമായ പാട്ടുകളുടെ ഒരു കലവറ തന്നെ സൃഷ്ടിച്ചിട്ടാണ് ഇന്ത്യയുടെ വാനമ്പാടി ഇന്ന് പറന്നകന്നത്. ഇന്ത്യയുടെ ഏറ്റവും മികച്ച ഗായകരില്‍ ഒരാളാണ് ലത മങ്കേഷ്‌കര്‍. അവരുടെ സോളോകളും മുഹമ്മദ് റാഫി, കിഷോര്‍ കുമാര്‍, മുകേഷ് തുടങ്ങിയവരോടൊപ്പമുള്ള അനശ്വരമായ യുഗ്മഗാനങ്ങളും ഏറ്റവും അവിസ്മരണീയമായ സംഗീതസൃഷ്ടികളില്‍ ചിലതാണ്.

ബോളിവുഡ് ഹങ്കാമയ്ക്ക് നല്‍കിയ അഭിമുഖത്തിലൊരിക്കല്‍ സ്വന്തം പാട്ടുകള്‍ കേള്‍ക്കാറില്ലെന്ന് ലത മങ്കേഷ്‌കര്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ കേട്ടാല്‍ അതില്‍ ഒരു നൂറ് തെറ്റുകള്‍ താന്‍ തന്നെ കണ്ടുപിടിക്കും എന്നതായിരുന്നു അവര്‍ പറഞ്ഞ കാരണം. നാനാവശത്തുനിന്നും സ്വന്തം പാട്ടിനെ ഏവരും പുകഴ്ത്തുമ്പോഴും അത്രയ്ക്കും വിമര്‍ശനാത്മകമായാണ് ലത സ്വന്തം പാട്ടുകളെ കണ്ടിരുന്നത്.

ലതയുടെ വാക്കുകളില്‍ മദന്‍ മോഹനായിരുന്നു ഏറ്റവും മികച്ച സംഗീത സംവിധായകന്‍. ‘മദന്‍ മോഹനുമായി എനിക്ക് പ്രത്യേക ബന്ധം ഉണ്ടായിരുന്നു. ഒരു ഗായികയും സംഗീത സംവിധായകനും തമ്മിലുള്ളതിലും ഏറെയായിരുന്നു അത്. അത് ഒരു സഹോദരനും സഹോദരിയും തമ്മിലുള്ളതായിരുന്നു,’ 2011 ലായിരുന്നു ലത ഇങ്ങനെ പറഞ്ഞത്.

ജഹാന്‍ അരയിലെ വോ ചുപ്പ് രഹേയാണ് മദന്‍ മോഹനുമായി ചെയ്തതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഗാനമായി അവര്‍ വിശേഷിപ്പിക്കുന്നത്. 1942 ല്‍ മറാത്തി സിനിമയായ കിടി ഹസാലില്‍ നാച്ചു യ ഗാഡേ ഖേലു സാരി മാനി എന്ന ഗാനമാണ് ലത ആദ്യം പാടിയിരുന്നത്. ഫൈനല്‍ കട്ട് ചെയ്തപ്പോള്‍ ആ പാട്ട് സിനിമയില്‍ നിന്നും ഒഴിവാക്കുകയാണുണ്ടായത്. എന്നാല്‍ പിന്നീടങ്ങോട്ട് ഒഴിവാക്കാനാവാത്ത വിധം ലതയുടെ ശബ്ദം ഇന്ത്യയാകെ മുഴങ്ങിക്കേട്ടു.

ഇന്ത്യന്‍ സംഗീത ഇതിഹാസം എന്നതിനപ്പുറവും രാജ്യത്തിന് പുറത്തേക്കും അവരുടെ പാട്ടിന് ആരാധകരുണ്ടായിരുന്നു. ലണ്ടനിലെ പ്രശസ്തമായ റോയല്‍ ആല്‍ബേര്‍ട്ട് ഹാളില്‍ ആദ്യമായി പാടിയ ഇന്ത്യക്കാരി ലത മങ്കേഷ്‌കറായിരുന്നു. 2007ല്‍ ഫ്രാന്‍സ് സര്‍ക്കാര്‍ രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓഫീസര്‍ ഓഫ് ദി ലെജിയന്‍ ഓഫ് ഓണര്‍ നല്‍കി ലതയെ ആദരിച്ചു.

ആരോഗ്യ പ്രശനങ്ങളെ തുടര്‍ന്ന് കുറച്ച് വര്‍ഷങ്ങളായി ലത പാടുന്നുണ്ടായിരുന്നില്ല. 2015 ലാണ് അവര്‍ അവസാനമായി പാടിയത്. കഴിഞ്ഞ ജനുവരി എട്ടിനായിരുന്നു ലത മങ്കേഷ്‌കര്‍ക്ക് കൊവിഡ് ബാധിച്ചത്. പിന്നാലെ മുംബൈയിലെ ഒരു സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊവിഡിന് പിന്നാലെ ന്യുമോണിയയും ബാധിച്ചിരുന്നു. എന്നാല്‍ പതുക്കെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരുന്നു, എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇപ്പോള്‍ മരണവാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

കൊവിഡ് രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് ജനുവരി 11ന് ലത മങ്കേഷ്‌കറെ സൗത്ത് മുംബൈയിലെ ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ന്യൂമോണിയയും സ്ഥിരീകരിച്ചതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐ.സി.യു) മാറ്റുകയും ചെയ്തിരുന്നു.
ജനുവരി 28ന് ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായതിനാല്‍ വെന്റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രോഗം വീണ്ടും മൂര്‍ച്ഛിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ശരത് പവാര്‍, നിതിന്‍ ഗഡ്കരി, നടന്‍ അക്ഷയ് കുമാര്‍ തുടങ്ങി നിരവധി രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരാണ് പ്രിയ ഗായികയുടെ മരണവാര്‍ത്തയില്‍ ദുഖം രേഖപ്പെടുത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker