FeaturedNationalNews

ജനസംഖ്യ നിയന്ത്രണനിയമം: കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ മൗനം പാലിച്ച് ബിജെപിയും കേന്ദ്രസര്‍ക്കാരും

ദില്ലി: ജനസംഖ്യ നിയന്ത്രണ നിയമം ഉടന്‍ കൊണ്ടുവരുമെന്ന കേന്ദ്രമന്ത്രി പ്രഹ്ളാദ് സിംഗ് പട്ടേലിന്‍റെ പ്രതികരണത്തില്‍ മൗനം പാലിച്ച് കേന്ദ്രസര്‍ക്കാരും ബിജെപിയും. നിയമം നടപ്പാക്കില്ലെന്ന് പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയ കേന്ദ്രത്തെ മന്ത്രിയുടെ പ്രസ്താവന വെട്ടിലാക്കിയിരിക്കുകയാണ്. 

ജനസംഖ്യ നിയന്ത്രണ നിയമം വൈകില്ലെന്നും, നടപടികള്‍ പുരോഗമിക്കുകയാണെന്നും റായ്പൂരില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ വ്യക്തമാക്കിയത്.  ഭക്ഷ്യക്ഷാമത്തിലേക്കടക്കം പല രാജ്യങ്ങളും നീങ്ങുന്നതിന് ജനപ്പെരുപ്പം കാരണമായി ചൂണ്ടിക്കാട്ടിയാണ് മന്ത്രി നിലപാടറിയിച്ചത്. 2016ല്‍ മന്ത്രി തന്നെ ഇതുമായി ബന്ധപ്പെട്ട ബില്‍ പാര്‍ലമെന്‍റില്‍ കൊണ്ടുവന്നിരിന്നു. മൂന്നാമതുണ്ടാകുന്ന കുട്ടിക്ക് സര്‍ക്കാരിന്‍റെ ഒരു ആനുകൂല്യവും നല്‍കരുതെന്ന നിര്‍ദ്ദശവുമായാണ് ബില്‍ അവതരിപ്പിച്ചത്. 2019ല്‍ രാകേഷ് സിന്‍ഹ എംപിയും സ്വകാര്യ ബില്‍  അവതരിപ്പിച്ചു.  രണ്ടിലധികം കുട്ടികളുണ്ടാകുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കില്ലെന്ന് വ്യക്തമാക്കി ബിജെപി ഭരിക്കുന്ന അസം സര്‍ക്കാര്‍ 2021ല്‍ നിലപാടറിയിച്ചു . 

എന്നാല്‍ രാജ്യത്തെ ജനസംഖ്യ നിരക്ക് സംബന്ധിച്ച കണക്കുകള്‍ ഉദ്ധരിച്ച് നിയമം കൊണ്ടുവരേണ്ട സാഹചര്യം നിലവിലില്ലെന്നായിരുന്നു മന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചത്. ബോധവത്ക്കരണം തുടര്‍ന്നാല്‍ മതിയാകുമെന്നും വ്യക്തമാക്കി.തുടര്‍ന്ന് രാകേഷ് സിന്‍ഹ എംപി ബില്‍ പിന്‍വലിക്കുകയും ചെയ്തു. അങ്ങനെ 35 തവണയിലേറെയാണ്  ഇതുമായി കൊണ്ടുവന്ന ബില്ലുകള്‍ പാര്‍ലമെന്‍റ് കടക്കാതെ പോയത്. 

സര്‍ക്കാര്‍ നയം വ്യക്തമാക്കിയിട്ടും അതിന്   വിരുദ്ധ പ്രസ്താവന നടത്തിയ മന്ത്രിയുടെ നിലപാട് പാര്‍ട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന  മധ്യപ്രദേശിലെ വിഭാഗീയ രാഷ്ട്രീയം കൊഴുപ്പിക്കാനാണ്  അവിടെ നിന്നുള്ള മന്ത്രി ശ്രമിച്ചതെങ്കിലും, ദേശീയ തലത്തില്‍ കേന്ദ്രത്തിന് വിശദീകരണം നല്‍കേണ്ടി വരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker