KeralaNews

ഒരാഴ്ചസമയം, അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

തിരുവനന്തപുരം: അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. അനധികൃതമായി വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ച് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറ‌ഞ്ഞു.

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. എന്നാല്‍ ചില ജീവനക്കാര്‍ അനധികൃതമായി അവധിയിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ല. ജില്ലകളില്‍ അനധികൃതമായി അവധിയിലുള്ള ജീവനക്കാരുടെ വിവരങ്ങള്‍ അടുത്ത അഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അനധികൃത അവധിയിലുള്ള ജീവനക്കാരില്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ താത്പര്യമുള്ളവര്‍ ഒരാഴ്ചയ്ക്കകം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് പൊതു അറിയിപ്പ് നല്‍കാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഇതനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

തുടര്‍ച്ചയായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണം അനേകം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതിന് കാരണമാകുന്നുണ്ട്. ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് രാവും പകലുമില്ലാതെ ജോലി ചെയ്യുന്നത്. ഈ സമയത്ത് ആരോഗ്യ മേഖലയില്‍ നിന്നും ജീവനക്കാര്‍ മാറി നില്‍ക്കാന്‍ പാടില്ല.

കൂടുതല്‍ മികവുറ്റ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതിന് ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമിതരായ ജീവനക്കാരില്‍ അനധികൃത ഹാജരില്ലായ്മ വകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ ഇത്തരം ജീവനക്കാരെ സര്‍വീസില്‍ തുടരാനനുവദിക്കുന്നത് സേവനതല്‍പരരായ, അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നതിന് ഇടയാക്കുകയും ചെയ്യും. അതിനാലാണ് കര്‍ശന നടപടി സ്വീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ശക്തമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ചിരുന്നു. ഇത് കൂടാതെ ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. പ്രധാന ആശുപത്രികളില്‍ പ്രത്യേകം ഫീവര്‍ ക്ലിനിക്ക് ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയെന്നും വീണാ ജോ‌ർജ് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker