ന്യൂയോര്‍ക്ക്: യുക്രൈനിലെ സൈനിക ആക്രമണം റഷ്യ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭ പ്രമേയം പാസ്സാക്കി. പ്രമേയത്തെ 141 രാജ്യങ്ങള്‍ അനുകൂലിച്ചു. അഞ്ചു രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
റഷ്യ, ബെലാറൂസ്, വടക്കന്‍ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിര്‍ത്തത്. ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്ഥാനും വോട്ടെടുപ്പില്‍ വിട്ടുനിന്നു. ഏതാനും ദിവസം മുമ്പ് റഷ്യന്‍ അധിനിവേശത്തെ എതിര്‍ത്ത് യുഎന്‍ രക്ഷാസമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നിരുന്നു. ഇന്ത്യയ്ക്ക് പുറമേ ചൈനയും യുഎഇയും വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല.
സൈനിക ആക്രമണം ശക്തമായി തുടരുന്നതിനിടെ, റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച ഇന്ന് നടക്കും. പോളണ്ട് ബെലാറൂസ് അതിര്‍ത്തിയിലാണ് ചര്‍ച്ച നടക്കുക. വെടിനിര്‍ത്തല്‍ അടക്കം ചര്‍ച്ചയാകാമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.റഷ്യന്‍ സംഘത്തലവന്‍ വ്ലാഡിമിര്‍ മെഡിന്‍സ്‌കിയാണ് റഷ്യന്‍ നിലപാട് വ്യക്തമാക്കിയത്. ചര്‍ച്ചകള്‍ക്കായി റഷ്യന്‍ സംഘം സ്ഥലത്തെത്തി.
യുക്രൈന്‍ സംഘം ഇന്നെത്തും. ഇന്നലെ നടത്താന്‍ തീരുമാനിച്ച ചര്‍ച്ച പിന്നീട് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.ചര്‍ച്ച നടത്തണമെങ്കില്‍ റഷ്യ ബോംബാക്രമണം നിര്‍ത്തണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി ആവശ്യപ്പെട്ടിരുന്നു. അതേസമയം റഷ്യന്‍ സേന കീവില്‍ ആക്രമണം കടുപ്പിക്കുകയാണ്. നഗര കേന്ദ്രങ്ങളിലും പുറത്തും സ്ഫോടനങ്ങളുണ്ടായി. ജനവാസകേന്ദ്രങ്ങളെ റഷ്യ ലക്ഷ്യം വെക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
യുക്രൈനിലെ യുദ്ധത്തില്‍ 498 റഷ്യന്‍ സൈനികര്‍ മരിച്ചെന്ന് മോസ്‌കോ സ്ഥിരീകരിച്ചു. 1597 സൈനികര്‍ക്ക് പരിക്കേറ്റു. 2870 യുക്രൈന്‍ സൈനികരെ വധിച്ചെന്നും റഷ്യ പറഞ്ഞു. സൈനിക നടപടി തുടങ്ങിയശേഷം ഇതാദ്യമായാണ് ആള്‍നാശമുണ്ടായെന്ന റഷ്യയുടെ വെളിപ്പെടുത്തല്‍. ഇന്ത്യക്കാരെ യുക്രൈന്‍ മനുഷ്യകവചമായി ഉപയോഗിക്കുകയാണെന്ന് റഷ്യ ആരോപിച്ചു. ഇന്ത്യന്‍ വിദ്യാര്‍ഥികളെ തടവിലാക്കി വയ്ക്കുന്നത് യുക്രൈന്‍ സൈന്യമാണെന്നും റഷ്യ കുറ്റപ്പെടുത്തി.
അതേസമയം 9000 റഷ്യന്‍ സൈനികരെ കൊലപ്പെടുത്തിയതായി യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി അവകാശപ്പെട്ടു. യുക്രൈനെയും ജനങ്ങളെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കാനാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് സെലെന്‍സ്‌കി കുറ്റപ്പെടുത്തി.യുക്രൈന്‍ റഷ്യന്‍ സൈന്യത്തെ ധീരമായി ചെറുത്തുനിന്നെന്ന് സെലന്‍സ്‌കി പറഞ്ഞു. റഷ്യയുടെ പദ്ധതികളെ കീവ് തകിടം മറിച്ചെന്നും യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു.
യുദ്ധത്തില്‍ ഇതുവരെ 14 കുട്ടികളുള്‍പ്പെടെ രണ്ടായിരത്തിലേറെ സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് യുക്രൈന്‍ വ്യക്തമാക്കി. യുദ്ധഭീതിയില്‍ 8,36,000 പേര്‍ നാടുവിട്ടെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു. റഷ്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായക്കോടതി അന്വേഷണം ആരംഭിച്ചു. യുക്രൈന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. റഷ്യ-യുക്രൈന്‍ യുദ്ധം ഒരാഴ്ച പിന്നിടുമ്പോള്‍ കൂടുതല്‍ രക്തരൂഷിതമാകുകയാണ്. യുക്രൈന്റെ വടക്കും കിഴക്കും തെക്കും മേഖലകളില്‍ റഷ്യ ആക്രമണം ശക്തമാക്കി.
തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യന്‍സേന വിവിധ നഗരങ്ങളില്‍ ബോംബിട്ടു. ഹാര്‍കിവില്‍ റഷ്യ ക്രൂസ് മിസൈല്‍ ആക്രമണം നടത്തി. കരിങ്കടല്‍ തീരനഗരമായ ഖെര്‍സോനിന്റെ നിയന്ത്രണം കൈക്കലാക്കിയെന്ന് റഷ്യ അവകാശപ്പെട്ടു.ഹര്‍കീവിലെ നഗരകൗണ്‍സില്‍ ഓഫീസിനുനേരെ റഷ്യ നടത്തിയ ക്രൂസ് മിസൈല്‍ ആക്രമണത്തില്‍ നാലുപേര്‍ മരിച്ചെന്ന് യുക്രൈന്‍ അറിയിച്ചു. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. ഹാര്‍കിവിലെ പൊലീസ് ആസ്ഥാനവും സര്‍വകലാശാലാ കെട്ടിടങ്ങളും റഷ്യന്‍ സേന തകര്‍ത്തു. മരിയുപോള്‍ നഗരവും റഷ്യന്‍ പട വളഞ്ഞിരിക്കുകയാണ്. കീവ് ലക്ഷ്യമാക്കി റഷ്യയുടെ 65 കിലോമീറ്റര്‍ സേനാവ്യൂഹം യാത്ര തുടരുകയാണ്. ഇതിന്റെ വേഗം കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.