Home-bannerKeralaNewsPolitics

Trikkakkara by election: ഉമ തോമസ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയാവും

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് സ്ഥാനാ‍ർത്ഥിയായി  അന്തരിച്ച എം.എൽ.എ പിടി തോമസിൻ്റെ ഭാര്യ ഉമ തോമസ് മത്സരിക്കും ( Uma thomas to contest from thrikkakkara as UDF Candidate). തിരുവനന്തപുരത്ത് ചേർന്ന കോൺ​ഗ്രസ് നേതൃയോ​ഗത്തിലാണ് ഉമയെ സ്ഥാനാ‍ർത്ഥിയാക്കാനുള്ള തീരുമാനമുണ്ടായത്. എന്നാൽ ഉമയുടെ പേര് ഹൈക്കമാൻഡിൻ്റെ അന്തിമ അംഗീകാരത്തിനായി കൈമാറിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ദില്ലിയിൽ നിന്നുണ്ടാവും. 

കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീന‍ർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ർ പങ്കെടുത്ത യോ​ഗത്തിൽ ഉമ തോമസിൻ്റെ പേര് മാത്രമാണ് പരി​ഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. 

യോ​ഗത്തിന് മുൻപേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശൻ ആശയവിനിമയം നടത്തിയിരുന്നു. പിടി തോമസിൻ്റെ സിറ്റിം​ഗ് സീറ്റിൽ ഉമാ തോമസ് തന്നെ മത്സരിക്കണം എന്നാണ് കോൺ​ഗ്രസിലെ പൊതുവികാരം. ഇക്കാര്യത്തിൽ കെ.സുധാകരനും വിഡി സതീശനും ഒറ്റക്കെട്ടുമാണ്. അനാവശ്യ ച‍ർച്ചകൾക്ക് സമയം നൽകാതെ എത്രയും പെട്ടെന്ന് സ്ഥാനാ‍ർത്ഥിയെ പ്രഖ്യാപിക്കണം എന്നാണ് വിഡി സതീശൻ്റെ നിലപാടാണ്. ഉമ തോമസിനെ സ്ഥാനാ‍ർത്ഥിയാക്കുന്നതിനെതിരെ ഡൊമനിക് പ്രസൻ്റേഷൻ അടക്കമുള്ളവ‍ർ രം​ഗത്ത് വരാൻ സാധ്യതയുണ്ടെങ്കിലും പ്രതിഷേധം അനുനയിപ്പിക്കാനാവും എന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ് നേതൃത്വം. 

തൃക്കാക്കരയിൽ വികസനത്തിനൊപ്പം നിൽക്കും എന്ന പ്രസ്താവനയിലൂടെ കെ.വി.തോമസ് നൽകിയ സൂചനകളെ കെപിസിസി നേതൃത്വം കൃത്യമായി മനസ്സിലാക്കുന്നുണ്ട്. ഉമ തോമസിൻ്റെ സ്ഥാനാ‍ർത്ഥിത്വത്തിനെതിരെ പലതരം വിമർശനങ്ങളുണ്ടാവാനുള്ള സാധ്യത ശക്തമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ തൃക്കാക്കരയിലെ ഏറ്റവും ബെസ്റ്റ് ഓപ്ഷൻ ഉമയാണ് എന്ന് കെ.സുധാകരനും സംഘവും കരുതുന്നു. മുൻ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സരരം​ഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോൺ​ഗ്രസ് സംഘടനാ സംവിധാനം പൂ‍ർണമായും പ്രവർത്തസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം. പിടി തോമസിനോടുള്ള തൃക്കാക്കരയിലെ ജനങ്ങൾക്കുള്ള ആത്മബന്ധം ഉമയ്ക്ക് തുണയാവുമെന്നും നഗരസ്വഭാവമുള്ള തൃക്കാക്കര പോലൊരു മണ്ഡലത്തിൽ ഒരു വനിതാ സ്ഥാനാർത്ഥി വരുന്നത് അനുയോജ്യമായിരിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button