കൊച്ചി: ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്ന് പ്രതീക്ഷയായി ഉമ തോമസിന്റെ കുറിപ്പ്. എംഎല്‍എ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പാണ് പുറത്തുവന്നത്. വാടകവീട്ടില്‍ നിന്ന് എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് സൂചിപ്പിക്കുന്നതാണ് കുറിപ്പ്. പാലാരിവട്ടം പൈപ്പ് ലൈന്‍ ജങ്ഷനിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മറ്റൊരു വാടക വീട്ടിലാണ് ഉമ തോമസും കുടുംബവും താമസിക്കുന്നത്.
സ്വന്തം വീട്ടിലേക്കു മാറുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ളതാണ് കുറിപ്പ്. വാടകവീട്ടിലെ എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയിട്ടുണ്ട്.
കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ വീണുപരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് ആദ്യമായാണു കിടക്കയില്‍ എഴുന്നേറ്റിരിക്കുന്നതും എഴുതുന്നതും. കഴിഞ്ഞ ദിവസം പുതുവർഷ ദിനത്തില്‍ പതിഞ്ഞ ശബ്ദത്തില്‍ ഉമ തോമസ് മക്കളോട് ആശംസകളറിയിച്ചിരുന്നു.
അതേസമയം ഉമ തോമസിന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. 2 ദിവസത്തിനകം വെന്റിലേറ്റര്‍ സഹായം ഒഴിവാക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്.