FeaturedNews

കോവാക്സിന് ബ്രിട്ടന്‍ അംഗീകാരം; 22 മുതല്‍ വാക്സിന്‍ എടുത്തവര്‍ക്ക് പ്രവേശനം

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ബ്രിട്ടന്‍ അംഗീകാരം നല്‍കി. കോവാക്സിന്‍ സ്വീകരിച്ചവര്‍ക്ക് നവംബര്‍ 22 ന് ശേഷം ബ്രിട്ടനില്‍ പ്രവേശിക്കാം. ക്വാറന്റീന്‍ വേണ്ട. ലക്ഷക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ആശ്വാസകരമാണ് ബ്രിട്ടന്റെ പുതിയ തീരുമാനം.

നവംബര്‍ 22 മുതല്‍ കോവാക്സിന്‍ എടുത്ത യാത്രക്കാര്‍ക്കും യുകെയില്‍ ക്വാറന്റീന്‍ ആവശ്യമില്ലെന്ന് ഇന്ത്യയിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ അലക്സ് എല്ലിസ് ട്വിറ്ററില്‍ അറിയിച്ചു. നവംബര്‍ 22ന് പുലര്‍ച്ചെ നാല് മണി മുതലാണു മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക. യാത്രയ്ക്കു മുന്‍പുള്ള കോവിഡ് പരിശോധനയില്‍ ഇളവ് ലഭിക്കും. എട്ടാം ദിനത്തിലെ പരിശോധന, ക്വാറന്റീന്‍ എന്നിവയിലും ഇളവുണ്ടാകും.

ഇന്ത്യക്കു പുറമേ, ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച യുഎഇ, മലേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ആശ്വാസകരമാണ് ബ്രിട്ടന്റെ പുതിയ ഇളവുകള്‍. ഈ മാസം ആദ്യമാണ് ഇന്ത്യയുടെ തദ്ദേശീയ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയത്.

ഡെല്‍റ്റ വകഭേദത്തിനെതിരെ കോവാക്സിന്‍ 70 ശതമാനം ഫലപ്രദമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. കോവാക്സിന് സ്വിറ്റ്സര്‍ ലാന്‍ഡ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ലോകാരോഗ്യ സംഘടന അംഗീകരിക്കുന്നതിന് മുമ്പു തന്നെ, 16 ഓളം രാജ്യങ്ങള്‍ കോവാക്സിന്‍ സ്വീകരിച്ചിരുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേരില്‍ കുത്തിവയ്ക്കുന്ന രണ്ടാമത്തെ വാക്സീനാണ് കോവാക്സിന്‍. കോവാക്സിനു പുറമേ ചൈനയുടെ സിനോവാക്, സിനോഫാം വാക്സീനുകള്‍ക്കും യുകെയുടെ അംഗീകാരം നല്‍കി. ഈ രണ്ടു വാക്സീനുകള്‍ക്കും ലോകാരോഗ്യസംഘടന നേരത്തേ അടിയന്തര അനുമതി നല്‍കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button