31.1 C
Kottayam
Thursday, May 16, 2024

ഉഡുപ്പി കോളേജിലെ കുളിമുറിദൃശ്യം; മൂന്ന് വിദ്യാർഥിനികൾക്കെതിരേ പോലീസ് കേസെടുത്തു

Must read

മംഗളൂരു: സഹപാഠിയുടെ കുളിമുറിദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്ന സംഭവത്തില്‍ ഉഡുപ്പിയിലെ മൂന്ന് കോളേജ് വിദ്യാര്‍ഥിനികള്‍ക്കെതിരേ പോലീസ് കേസെടുത്തു. ഉഡുപ്പി നേത്രജ്യോതി അലൈഡ് ഹെല്‍ത്ത് സയന്‍സിലെ മൂന്ന് നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ക്കെതിരെയാണ് മല്‍പേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കോളേജിനെതിരേയും കേസെടുത്തിട്ടുണ്ട്. രണ്ട് കേസുകളിലും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി ഉഡുപ്പി എസ്.പി. അക്ഷയ് ഹാക്കായ് മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, ഉഡുപ്പിയിലെ സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചരണം നടത്തിയതിന് മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജൂലായ് 18-നാണ് ഉഡുപ്പിയിലെ നഴ്‌സിങ് കോളേജ് വിദ്യാര്‍ഥിനി സഹപാഠികള്‍ക്കെതിരേ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയത്. സഹപാഠികളായ മൂന്നുപെണ്‍കുട്ടികള്‍ തന്റെ കുളിമുറിദൃശ്യങ്ങള്‍ രഹസ്യമായി മൊബൈല്‍ഫോണില്‍ പകര്‍ത്തിയെന്നായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് മൂന്ന് പെണ്‍കുട്ടികളെയും കോളേജില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പ്രാങ്ക് വീഡിയോ എന്ന പേരിലാണ് ഇത് ചിത്രീകരിച്ചതെന്നും വീഡിയോ ഡിലീറ്റ് ചെയ്‌തെന്നുമാണ് പെണ്‍കുട്ടികള്‍ മറുപടി നല്‍കിയതെന്നായിരുന്നു കോളേജ് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ മൂന്നുവിദ്യാര്‍ഥിനികളും ക്ഷമാപണം നടത്തി. വിവരം പോലീസിലും അറിയിച്ചു. വിദ്യാര്‍ഥിനികള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഫോണ്‍ പോലീസിന് കൈമാറിയതായും കോളേജ് അധികൃതര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഉഡുപ്പിയിലെ വിഷയത്തില്‍ സാമൂഹികമാധ്യമങ്ങളിലടക്കം നടക്കുന്ന പ്രചരണങ്ങളില്‍ അടിസ്ഥാനമില്ലെന്ന് പോലീസും അറിയിച്ചു. വസ്തുതാവിരുദ്ധമായ വിവരങ്ങളോ വ്യാജ വീഡിയോകളോ ആരും പ്രചരിപ്പിക്കരുത്. ഉഡുപ്പിയിലെ വീഡിയോ എന്ന പേരില്‍ പല വ്യാജവീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇതിലൊന്നും അടിസ്ഥാനമില്ല. കോളേജില്‍നിന്ന് രഹസ്യമായി ചിത്രീകരിച്ചെന്ന് പറയുന്ന ഒരു വീഡിയോയും പോലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ഒരു പരാതിയും കിട്ടിയിട്ടില്ല. ഉഡുപ്പി സംഭവവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന പല വീഡിയോകളും വ്യാജമാണെന്നും ഉഡുപ്പി പോലീസ് സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, ഉഡുപ്പിയിലെ രഹസ്യവീഡിയോ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി.യും എ.ബി.വി.പി.യും രംഗത്തെത്തിയിരുന്നു. ഉഡുപ്പിയിലെ സംഭവം ഹിന്ദു പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്താനുള്ള നീക്കമാണെന്നും കോളേജില്‍നിന്ന് ചിത്രീകരിച്ച വീഡിയോ ഇത് ചിത്രീകരിച്ചവരുടെ ബന്ധുക്കള്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നുമായിരുന്നു എ.ബി.വി.പി.യുടെ ആരോപണം. പ്രതികള്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും എ.ബി.വി.പി. ആവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍ ചില അദൃശ്യകരങ്ങളുടെ സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്നതായി ഉഡുപ്പിയിലെ ബി.ജെ.പി. എം.എല്‍.എ. യശ്പാല്‍ സുവര്‍ണയും പ്രതികരിച്ചു. ഇത്തരം പ്രാങ്കുകള്‍ ശരിയല്ല. കുളിമുറിയില്‍ ക്യാമറവെയ്ക്കുന്നതും ശരിയല്ല. ഇതൊരു ബ്ലാക്ക്‌മെയിലിങ് തന്ത്രമാകാം. കുറ്റക്കാരായ മൂന്ന് പേര്‍ക്കെതിരേയും ഉചിതമായ നടപടി സ്വീകരിക്കണം. ഇക്കാര്യം മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബി.ജെ.പി. എം.എല്‍.എ. പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week