FeaturedHome-bannerKeralaNews

ചേലോടെ ചേലക്കര ! യു.ആർ പ്രദീപിന് ജയം

ചേലക്കര: ഇത്തവണയും പതിവു തെറ്റിച്ചില്ല, ചേലക്കരയില്‍ ചേലോടെ യു ആര്‍ പ്രദീപ് ജയിച്ചു കഴിഞ്ഞു. 12122 വോട്ടുകള്‍ക്കാണ് ജയം. ചേലക്കര ഇടതുകോട്ടയാണെന്ന് വീണ്ടും വ്യക്തമാക്കി. ആദ്യ റൗണ്ട് എണ്ണികഴിഞ്ഞപ്പോള്‍ തന്നെ, രണ്ടായിരം വോട്ടുകളുടെ ലീഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ് ഉയര്‍ത്തി.

ഓരോ റൗണ്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴും കൃത്യമായ ലീഡ് ഉയര്‍ത്താന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് സാധിച്ചു. പതിറ്റാണ്ടുകളായി തങ്ങള്‍ സംരക്ഷിച്ചുപോരുന്ന ചെങ്കോട്ട കാക്കാന്‍ എല്‍ഡിഎഫും മണ്ഡലം തിരിച്ചുപിടിക്കാന്‍ യുഡിഎഫും ശക്തമായ പോരാട്ടം നടത്തി. എന്നാല്‍, ചേലക്കരയുടെ മനസ്സ് ഇക്കുറിയും ഇടതുപക്ഷത്തിനൊപ്പം തന്നെയെന്ന് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കി.

തലപ്പിള്ളി താലൂക്കിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂര്‍ക്കര, പാഞ്ഞാള്‍, പഴയന്നൂര്‍, തിരുവില്വാമല, വള്ളത്തോള്‍ നഗര്‍ , വരവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ചേലക്കര മണ്ഡലം.ഒറ്റനോട്ടത്തില്‍ ഇടതുകോട്ട എന്ന് തോന്നുമെങ്കിലും ചേലക്കര യുഡിഎഫിനും കോണ്‍ഗ്രസിനും ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ്.

1965ലാണ് ചേലക്കര നിയോജക മണ്ഡലം രൂപവത്കരിച്ചത്. കോണ്‍ഗ്രസിലെ കെകെ ബാലക്യഷ്ണനായിരുന്നു മണ്ഡലത്തിന്റെ പ്രഥമ എംഎല്‍എ. എന്നാല്‍ 1967ല്‍ പി കുഞ്ഞനിലൂടെ സിപിഎം മണ്ഡലം പിടിച്ചെടുത്തു. എന്നാല്‍ 1970ല്‍ കെകെ ബാലകൃഷ്ണനിലൂടെ മണ്ഡലം തിരിച്ചുപിടിച്ച യുഡിഎഫ് 1977ലും 1980ലും മണ്ഡലം നിലനിര്‍ത്തി.

1965 മുതല്‍ 2021 വരെ നടന്ന 14 തിരഞ്ഞെടുപ്പുകളില്‍ എട്ട് തവണ വിജയം ഇടതുപക്ഷത്തിനൊപ്പമായിരുന്നെങ്കില്‍ ആറ് തവണം വിജയം യുഡിഎഫിനൊപ്പമായിരുന്നു. 1996 മുതല്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചത് കെ രാധാകൃഷ്ണനായിരുന്നു.

2006, 2011, 2021 വര്‍ഷങ്ങളില്‍ രാധാകൃഷ്ണന്‍ വിജയം ആവര്‍ത്തിച്ചു. 2016-ലാണ് നിലവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി യുആര്‍ പ്രദീപ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. ചുരുക്കത്തില്‍ ഇടതിനും വലതിനും ഒരുപോലെ മേല്‍ക്കോയ്മ അവകാശപ്പെടാന്‍ പറ്റുന്ന മണ്ഡലമാണ് ചേലക്കര.എന്നാല്‍ ഇക്കുറിയും വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിലും ലീഡ് ഉയര്‍ത്താന്‍ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിന് സാധിച്ചില്ല.

കഴിഞ്ഞ ലോക്സഭാ മണ്ഡലത്തില്‍ ചേലക്കരയില്‍ കേവലം 5000 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് സിറ്റിങ് എംഎല്‍എ കൂടിയായിരുന്ന കെ രാധാകൃഷ്ണന്‍ എംപിയ്ക്ക് നേടാനായത്. അതി തന്നെയായുരുന്നു രമ്യയെ അവിടെ സ്ഥാനാര്‍ഥിയാക്കാനുള്ള യു ഡി എഫിന്റെ പ്രചോദനവും.

പക്ഷേ, യുഡിഎഫിനെ മേല്‍ക്കോയ്മ ഉണ്ടായിരുന്ന ചേലക്കര പഞ്ചായത്തില്‍ ഉള്‍പ്പടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയ്ക്ക് മുകളിലേക്ക് ലീഡുയര്‍ത്താന്‍ രമ്യാ ഹരിദാസിന് സാധിച്ചില്ല.തിരുവില്വാമല പഞ്ചായത്ത് അംഗവും മുന്‍ വൈസ് പ്രസിഡന്റുമായ കെ ബാലകൃഷ്ണനെ സ്ഥാനാര്‍ഥിയാക്കിയതിലൂടെ ജയിച്ചു കയറാമെന്ന കണക്കുകൂട്ടലിലായിരുന്നു ബിജെപി .

ഇതിന് പുറമേ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. സരസു ബിജെപിയുടെ വോട്ട് കുത്തനെ വര്‍ധിപ്പിച്ചിരുന്നു. ഇത് നിയമസഭാ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തല്‍.എന്നാല്‍ വോട്ടെണ്ണലിന്റെ തുടക്കത്തില്‍ തന്നെ കെ ബാലകൃഷ്ണന്‍ പിന്‍തള്ളപ്പെടുകയായിരുന്നു. പിവി അന്‍വര്‍ എംഎല്‍എ നേതൃത്വം നല്‍കുന്ന ഡിഎംകെ ചേലക്കരയുടെ ചിത്രത്തിലേ ഉണ്ടായിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker