KeralaNews

അൻവറിനെ പിന്തുണച്ച് യു. പ്രതിഭ;’സ്തുതിപാടലല്ല വേണ്ടത്,ആഭ്യന്തര വകുപ്പിൽ എക്കാലത്തും പവർഗ്രൂപ്പുണ്ട്

ആലപ്പുഴ: ആഭ്യന്തര വകുപ്പിനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ച പി.വി. അൻവർ എം.എൽ.എ.യെ പിന്തുണച്ച് മറ്റൊരു സി.പി.എം. എം.എൽ.എ. യു. പ്രതിഭ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പിന്തുണച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഭരണകക്ഷി എം.എൽ.എ. ഇക്കാര്യത്തിൽ പരസ്യമായി അഭിപ്രായം വ്യക്തമാക്കുന്നത്. കോൺഗ്രസ് പുറത്താക്കിയ സിമി റോസ്‌ബെൽ ജോണിനും എം.എൽ.എ. പിന്തുണ അറിയിച്ചിട്ടുണ്ട്.

‘പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരേയാണ്’. പിന്തുണ: എന്നാണ് ഒറ്റവരി പോസ്റ്റ്. ഇത് ഇടാനുണ്ടായ കാരണം ‘മാതൃഭൂമി’യോടു വിശദീകരിച്ചു. അൻവറിന്റേത് സത്യസന്ധമായ അഭിപ്രായമാണ്. ആഭ്യന്തരവകുപ്പിൽ എക്കാലത്തും ഒരു പവർഗ്രൂപ്പുണ്ടായിരുന്നു. അതു പരിശോധിക്കണം- പ്രതിഭ പറഞ്ഞു.

ഒരു സംവിധാനത്തിലെ തിരുത്തലാണ് അൻവർ ഉദ്ദേശിക്കുന്നത്. അതു മുഖ്യമന്ത്രിക്കെതിരേയാണെന്നു വരുത്തുന്നതു മാധ്യമങ്ങളാണ്. കോൺഗ്രസുകാർ പോലും വിഷയത്തെ അങ്ങനെയാണു കാണുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടു വന്നപ്പോഴും അതു മുകേഷിനെതിരേയുള്ള നീക്കമായി ചുരുക്കാനാണ് എതിരാളികൾ ശ്രമിച്ചത്.

കമ്മിറ്റി ഉദ്ദേശിച്ചത് സിനിമ മേഖലയിലെ പൊതുവായ തിരുത്തലാണ്. അതുപോലെ അൻവറിന്റെ ആരോപണങ്ങൾ പരിശോധിക്കപ്പെടണം. ഉമ്മൻചാണ്ടിക്കെതിരേ സി.ഡി.യുണ്ടെന്നു പറഞ്ഞ് തപ്പിപ്പോയ മാധ്യമങ്ങൾ ഇതിലും ഉത്സാഹം കാണിക്കണം. മിടുക്കരായ എത്രയോ ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥരുണ്ട്. രാജു നാരായണസ്വാമിയൊക്കെ ഏതോ മൂലയ്ക്കിരിപ്പാണ്.

സ്തുതിപാടലും മിനുക്കിയ വാക്കുകളുമല്ല, പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാണ് എല്ലാ രംഗത്തും വേണ്ടത്. സിനിമയിൽ മുഖ്യധാരയിലുള്ള ആരും ഇതുവരെ ആരോപണവുമായി മുന്നോട്ടുവന്നിട്ടില്ല. അവർക്കു മോശം അനുഭവം ഇല്ലാത്തതുകൊണ്ടാകില്ല. പേടിയുള്ളതിനാൽ ആരും തുറന്നുപറയില്ല. ൈസബർ ആക്രമണത്തെയും പേടിക്കണം.

സ്ത്രീകൾ വിമർശനമുന്നയിച്ചാൽ സ്ത്രീകൾ തന്നെയാകും ഏറ്റവും വലിയ ആക്രമണം നടത്തുക. പാർട്ടിയിൽ നേരിട്ട ദുരനുഭവമാണ് സിമി റോസ്‌ബെൽ ജോൺ പറഞ്ഞത്. സെക്കൻഡ് ഹാൻഡ് സ്കൂട്ടറിൽനിന്ന് കോടീശ്വരനിലേക്കുള്ള ദൂരമാണോ രാഷ്ട്രീയപ്രവർത്തനം എന്നാണവർ ചോദിച്ചത്. അവരെ കോൺഗ്രസ് പുറത്താക്കി. ഉന്നയിച്ച വിഷയം അന്വേഷിക്കണം.

വ്യക്തിപരമായി തനിക്കിതുവരെ മോശം അനുഭവമുണ്ടായില്ല. എല്ലാവരും നന്നായാണ് പെരുമാറിയിട്ടുള്ളത്. ചിലപ്പോഴൊക്കെ ചില തമാശകൾ കേട്ടിട്ടുണ്ടെന്നു മാത്രം- പ്രതിഭ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker