FeaturedKeralaNews

നിപ വൈറസ്; മരിച്ച 12 വയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പുതുതായി സജ്ജമാക്കിയ ലാബില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് പേരുടെ ഏഴ് സാമ്പിളുകള്‍ നെഗറ്റീവായതെന്നും മന്ത്രി അറിയിച്ചു. ഇതോടെ കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള പത്ത് പേരുടെ ഫലം നെഗറ്റീവായി. കുട്ടിയുടെ രക്ഷിതാക്കള്‍ അടക്കം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു.

കൂടുതല്‍ പേരുടെ സാമ്പിള്‍ ഇന്ന് പരിശോധിക്കും. 48 പേരാണ് മെഡിക്കല്‍ കോളജുകളിലുള്ള ഹൈ റിസ്‌ക് കാറ്റഗറിയില്‍ നിലവിലുള്ളത്. വയനാട്- 4 എറണാകുളം 1, കോഴിക്കോട് 31, മലപ്പുറം 8, കണ്ണൂര്‍ 3, പാലക്കാട് 1 എന്നിങ്ങനെയാണ് ഈ വിഭാഗത്തിലുള്ളവരുടെ എണ്ണം. പുലര്‍ച്ചെ അഞ്ചു പേരുടെ സാമ്പിള്‍ പരിശോധന നടത്തിയിട്ടുണ്ട്. ഫലം ഇന്ന് തന്നെ പുറത്ത് വരും.

കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിക്കുന്നത് കഴിഞ്ഞ ദിവസമാണ്. കോഴിക്കോട് പന്ത്രണ്ട് വയസുകാരന്റെ മരണകാരണം നിപയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചത്. മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 251 പേരില്‍ 54 ഹൈറിസ്‌ക് വിഭാഗത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 38 പേര്‍ ആശുപത്രി ഐസൊലേഷനിലാണ്. പതിനൊന്ന് പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്. ഇതില്‍ എട്ട് പേരുടെ പരിശോധനാ ഫലമാണ് ഇപ്പോള്‍ നെഗറ്റീവായത്. ഹൈറിസ്‌ക് വിഭാഗത്തിലുള്ള 54 പേരില്‍ 30 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നും മന്ത്രി അറിയിച്ചു. രോഗലക്ഷണങ്ങളുള്ള പതിനൊന്ന് പേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

കുട്ടിയുടെ വീടും പരിസരവും മൃസംരക്ഷണ വകുപ്പ് സന്ദര്‍ശിച്ചു. വീടിന്റെ പരിസരത്ത് രണ്ട് റമ്പൂട്ടാന്‍ മരങ്ങള്‍ കണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പാതി കടിച്ച റമ്പൂട്ടാനുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ഓരോ 25 വീടിനും ഒരു സംഘമെന്ന നിലയില്‍ പ്രദേശത്ത് വിവരശേഖരണം നടത്തും. നിപ ചികിത്സയ്ക്കായി നേരത്തെ തന്നെ സംസ്ഥാനത്ത് പ്രോട്ടോക്കോള്‍ ഉണ്ടെന്നും, റെംഡിസീവര്‍ ഉപയോഗിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഭോപ്പാല്‍ എന്‍ഐവി സംഘം നാളെ കോഴിക്കോടെത്തുമെന്നും വീണാ ജോര്‍ജ് അറിയിച്ചു.

അതിനിടെ, നിപയില്‍ വയനാട്ടിലും ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചീഫ് സെക്രട്ടറിക്കാണ് കേന്ദ്രം ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. കണ്ണൂര്‍ ,മലപ്പുറം ജില്ലകളിലെ ജാഗ്രതക്കു പുറമേയാണ് വയനാട്ടിലും ജാഗ്രത വേണമെന്ന നിര്‍ദേശം നല്‍കിയത്. കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിക്കുന്നത് ഇന്നലെയാണ്. പന്ത്രണ്ട് വയസുകാരന്‍ നിപ ബാധിച്ച് മരിച്ചതോടെ കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഈ പട്ടികയില്‍ വയനാട് ജില്ലയെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം കുട്ടി കഴിച്ച റംമ്പൂട്ടാന്‍ തന്നെയാവും കാരണമെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ആരോഗ്യ വകുപ്പ്. കുട്ടി റംമ്പൂട്ടാന്‍ കഴിച്ചിരുന്നു. മാത്രമല്ല കട്ടിയുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ ഫലം നെഗറ്റീവ് കൂടി ആയതോടെയാണ് റംമ്പൂട്ടാന്‍ തന്നെയാവും രോഗ കാരണമെന്ന നിഗമനത്തിലേക്ക് ബന്ധപ്പെട്ടവര്‍ എത്തുന്നത്.

ബന്ധുവീട്ടില്‍ നിന്നായിരുന്നു കട്ടി റംമ്പൂട്ടാന്‍ കഴിച്ചത്. ഒപ്പം തൊട്ടടുത്തായി വവ്വാലുകളുടെ വലിയ ആവാസ വ്യവസ്ഥയും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കോഴിക്കോട് പകര്‍ച്ച വ്യാധികള്‍ പ്രത്യേകിച്ച് നിപ്പ രണ്ടാമതും റിപ്പോര്‍ട്ട് ചെയ്തതോടെ കോഴിക്കോടിനെ പ്രത്യേക ജാഗ്രതയോടെ കാണുമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

രോഗം വന്നയിടങ്ങളില്‍ ഒരു വീട്ടില്‍ മുപ്പത് പേര്‍ എന്ന നിലയ്ക്കുള്ള വീട് അടിസ്ഥാനമാക്കിയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. നിപ ആദ്യം വന്ന അവസ്ഥയില്‍ നിന്നും നമ്മള്‍ ഏറെ മാറിയതും ക്വാറന്റീന്‍, സാമൂഹിക അകലം, മാസ്‌ക് പോലുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ അവബോധം നേടിയതും പ്രതിരോധ പ്രവര്‍ത്തനങ്ങളെ എളുപ്പമാക്കിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

അടിയന്തര പ്രാധാന്യത്തോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിപ ലാബ് സഞ്ജമാക്കിയതും രോഗ നിര്‍ണയം എളുപ്പമാക്കാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കഴിയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എട്ടു പേരുടെ ഫലം നെഗറ്റീവ് ആയത് താല്‍ക്കാലികമായി ആശ്വാസം തരുന്നുണ്ടെങ്കിലും രോഗ ഉറവിടം പൂര്‍ണമായും കണ്ടെത്തുന്നത് വരെ അതി ജാഗ്രതയുണ്ടാവണമെന്ന് മന്ത്രി അറിയിച്ചു.

കോഴിക്കോട്, ചാത്തമംഗലം പാഴൂര്‍ മുന്നൂരിലെ തെങ്ങുകയറ്റത്തൊഴിലാളിയായ വായോളി അബൂബക്കറിന്റെയും (ബിച്ചുട്ടി) ഉമ്മിണിയില്‍ വാഹിദയുടെയും ഏകമകന്‍ മുഹമ്മദ് ഹാഷിം (12) ആണ് നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. മുഹമ്മദ് ഹാഷിമിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 251 പേര്‍ ഉള്‍പ്പെട്ടതായി മന്ത്രി വീണാ ജോര്‍ജ് പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. സമ്പര്‍ക്കപ്പട്ടികയിലുള്ളവരില്‍ 129 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 38 പേര്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. ഉയര്‍ന്ന സാധ്യതയുള്ള 54 പേരാണുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker