ഒരു പൊതി കഞ്ചാവ് 500, പ്രീബുക്കിംഗ് ഓഫർ 300 രൂപ കളമശ്ശേരി കഞ്ചാവ് വേട്ടയിൽ കൂടുതൽ പേരിലേക്ക് അന്വേഷണം

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിൽ വില്പനക്കായി കഞ്ചാവ് എത്തിച്ച സംഭവത്തിൽ ആലുവ സ്വദേശികളായ രണ്ട് പേർകൂടി അറസ്റ്റിൽ. കോളേജിലെ പൂർവവിദ്യാർഥികളായ ആഷിഖ്, ഷാലിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഞ്ചാവ് കോളേജിൽ എത്തിച്ചു എന്ന കാര്യം ഇവർ സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇത് സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നു തൃക്കാക്കര എ.സി.പിയായ പി.വി ബേബി മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്.
പ്രതികളിൽനിന്ന് കുറച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ പിടിയിലായിരിക്കുന്നവരാണ് കഞ്ചാവ് കോളേജിൽ എത്തിച്ചു നൽകിയത് എന്ന കാര്യം സമ്മതിച്ചിട്ടുണ്ട്. എന്നാൽ ഇത് സാധൂകരിക്കുന്ന കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ഇപ്പോൾ ഇവർ നൽകിയിരിക്കുന്ന മൊഴി പൂർണമായി വിശ്വസിക്കാവുന്നതല്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ തുടർ നടപടിയുള്ളൂ വിദ്യാർഥികൾ ഉൾപ്പെട്ട കേസായതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നും തൃക്കാക്കര എസിപി പി.വി ബേബി പറഞ്ഞു.
അറസ്റ്റ് ചെയ്ത രണ്ടുപേർക്കും കേസിൽ നേരിട്ട് പങ്കാളിത്തമുണ്ട്. കൂടുതൽ പേർ പ്രതികളാവാനും സാധ്യതയുണ്ട്. ഇത്രയും വലിയ അളവിൽ ആദ്യമായാണ് കോളേജിലേക്ക് കഞ്ചാവ് കൊണ്ടുവന്നിട്ടുള്ളത്. എന്നാൽ നേരത്തെ ചെറിയ തോതിൽ ഇവർ കഞ്ചാവ് കോളേജിൽ എത്തിച്ചിട്ടുണ്ട്. ഇവർക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിക്കുന്നത്, ആരാണ് വിതരണക്കാർ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് അന്വേഷണത്തിലാണ്. ഇതര സംസ്ഥാനക്കാരാണ് കഞ്ചാവ് എത്തിക്കുന്നതെന്നാണ് മൊഴി നൽകിയിട്ടുള്ളത്. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ തെളിവുകൾ പോലീസ് ശേഖരിക്കുകയാണ്. കൂടാതെ കോളേജ്, ഹോസ്റ്റൽ കേന്ദ്രീകരിച്ച് അന്വേഷണം കൂടുതൽ വിപുലപ്പെടുത്തും. ഇതിൽ കൂടുതൽ പേർ പങ്കാളികളായിട്ടുള്ളതായാണ് കരുതുന്നതെന്നും അതിനുള്ള തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും എസിപി പി.വി ബേബി പറഞ്ഞു.
കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത ആകാശിനെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. കഞ്ചാവ് മുൻകൂർ ബുക്ക് ചെയ്യുന്നവർക്ക് ഡിസ്കൗണ്ടായും കഞ്ചാവ് വില്പന നടത്തിയിരുന്നു. 500 രൂപയുടെ കഞ്ചാവ് 300 രൂപ കൊടുക്കുക, അഡ്വാൻസ് പണം നൽകുന്നവർക്ക് മാത്രം നൽകുക തുടങ്ങിയ രീതികളായിരുന്നു കോളേജിൽ ഉണ്ടായിരുന്നത്.
കളമശ്ശേരി പോളിടെക്‌നിക്കിൽ ഹോളി ആഘോഷത്തിനെത്തിച്ച വൻകഞ്ചാവ് ശേഖരമാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. കൊല്ലം കുളത്തൂപ്പുഴ ആകാശ് (21), ആലപ്പുഴ കാര്‍ത്തികപ്പിള്ളി സ്വദേശി ആദിത്യന്‍ (20), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ് (21) എന്നിവരാണ് അറസ്റ്റിലായത്.
ആകാശിന്റെ മുറിയില്‍നിന്ന് 1.909 കിലോഗ്രാമും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയും എസ്എഫ്‌ഐ നേതാവുമായ അഭിരാജിന്റേയും ആദിത്യന്റേയും മുറിയില്‍നിന്ന് 9.7 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. കഞ്ചാവിന്റെ അളവ് ഒരു കിലോഗ്രാമതില്‍ താഴെ ആയതിനാല്‍ അഭിരാജിനേയും ആദിത്യനേയും സ്‌റ്റേഷന്‍ ജാമ്യത്തില്‍വിട്ടിരുന്നു. ഇതോടെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിൽ ഹോസ്റ്റലിലെ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. ഏതെല്ലാം അക്കൗണ്ടുകളിലേക്ക് പണം വന്നെന്നും പോയെന്നുമുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.