News

24 മണിക്കൂറിനിടെ ഇന്ത്യ ലക്ഷ്യമാക്കി പറന്നുയര്‍ന്നത് ആറു വിമാനങ്ങള്‍; 1377 പേര്‍ കൂടി നാട്ടിലേക്ക്

ന്യൂഡല്‍ഹി: റഷ്യ ആക്രമണം കടുപ്പിച്ച യുക്രൈനില്‍ നിന്ന് 24 മണിക്കൂറിനിടെ 1377 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍. 24 മണിക്കൂറിനിടെ ആറ് വിമാനങ്ങളാണ് ഇന്ത്യക്കാരുമായി നാട്ടിലേക്ക് പറന്നത്. ഇതില്‍ പോളണ്ടില്‍ നിന്നുള്ള ആദ്യ വിമാനവും ഉള്‍പ്പെടുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. കീവ് പിടിക്കാന്‍ റഷ്യ കടുത്ത പോരാട്ടമാണ് നടത്തുന്നത്. യുക്രൈന്‍ സൈന്യം ശക്തമായ ചെറുത്തുനില്‍പ്പാണ് കീവില്‍ കാഴ്ചവെയ്ക്കുന്നത്. കീവില്‍ ഇന്ത്യക്കാര്‍ ആരും തന്നെ ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

അതിനിടെ, യുക്രൈനില്‍ കുടുങ്ങിയ ശേഷിക്കുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വ്യോമസേന വിമാനം റുമാനിയയിലേക്ക് പുറപ്പെട്ടു. സി-17 വിമാനമാണ് റുമാനിയയിലേക്ക് പുറപ്പെട്ടത്. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കാന്‍ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റുമാനിയയിലെത്തി.

അതിനിടെ, സുരക്ഷ കണക്കിലെടുത്ത് ഷെഹിനി അതിര്‍ത്തി വഴി പോളണ്ടിലേക്ക് കടക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കി. ഇന്ത്യക്കാര്‍ ബുഡോമെഴ്‌സ് വഴി അതിര്‍ത്തി കടക്കണമെന്ന് പോളണ്ടിലെ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു.
ഇന്ത്യക്കാരെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കുന്നതിന് ഓപ്പറേഷന്‍ ഗംഗ വിപുലീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. മൂന്ന് ദിവസങ്ങളിലായി 26 വിമാനങ്ങളാണ് രക്ഷാദൗത്യത്തിനായി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

വ്യോമ സേനയുടെ 17 വിമാനങ്ങളും ദൗത്യത്തില്‍ ചേരും. ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി അടുത്ത മൂന്ന് ദിവസം 26 വിമാനങ്ങള്‍ ബുഡാപേസ്റ്റ്, ബുക്കാറസ്റ്റ് എന്നിവിടങ്ങളിലേക്ക് അയയ്ക്കും. പോളണ്ട്, സ്ലോവാക്യ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളും ഉപയോഗിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശൃംഗ്ല മാധ്യമങ്ങളോട് പറഞ്ഞു.

ആദ്യ മുന്നറിയിപ്പ് നല്‍കിയ സമയത്ത് യുക്രൈനില്‍ ഏതാണ്ട് 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. അതില്‍ 12,000 ഇന്ത്യക്കാര്‍ ഇതുവരെ യുക്രൈന്‍ വിട്ടു. അത് ഏകദേശം 60 ശതമാനം വരും. അതില്‍ 40 ശതമാനം പേര്‍ സംഘര്‍ഷം രൂക്ഷമായ ഖാര്‍കീവ്, സുമി മേഖലകളിലാണ്. ബാക്കിയുള്ളവര്‍ യുക്രൈനിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ എത്തുകയോ അവിടേക്ക് പുറപ്പെടുകയോ ചെയ്തിട്ടുണ്ട്.

ഖാര്‍കീവ്, സുമി പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈനിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്കും കൂടുതല്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അയയ്ക്കും. കീവില്‍ ഇനി ഇന്ത്യക്കാര്‍ ആരും ഇല്ലെന്നാണ് അന്വേഷണത്തില്‍ നിന്ന് വ്യക്തമായത്. ഇന്ത്യന്‍ പൗരന്‍മാരെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ റഷ്യയും യുക്രൈനും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker