കൊച്ചി: ഡിജിറ്റൽ അറസ്റ്റിലൂടെ പണം തട്ടിയെടുത്ത കേസിൽ രണ്ടു പേരെ അറസ്റ്റ് ചെയ്ത് കൊച്ചി സൈബര്‍ പൊലീസ്. മലപ്പുറം സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശി മുഹമ്മദ് മുഹ്സിൽ, കെപി മിസ്ഹാബ് എന്നിവരാണ് പിടിയിലായത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാലു കോടി രൂപയാണ് ഇവര്‍ കാക്കനാട് സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. സംഭവത്തിൽ കാക്കനാട് സ്വദേശിയുടെ പരാതിയിൽ സൈബര്‍ പൊലീസ് അന്വേഷണം നടത്തിവരുകയായിരുന്നു.
തുടര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ഫോണിലേക്ക് വിളിച്ചശേഷം നിയമവിരുദ്ധമായ ഇടപാട് നടന്നിട്ടുണ്ടെന്ന് പറഞ്ഞുകൊണ്ട് പൊലീസ് എന്ന വ്യാജേന വീഡിയോ കാള്‍ വന്നുകൊണ്ടുള്ള ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് വ്യാപകമാകുന്നതിനിടെയാണ് സംഭത്തിൽ മലയാളികള്‍ അറസ്റ്റിലാകുന്നത്. ഉത്തരേന്ത്യൻ കേന്ദ്രീകരിച്ചുള്ള ഇത്തരം സംഘങ്ങളെക്കുറിച്ച് നേരത്തെയും വിവരം ലഭിച്ചിട്ടുണ്ടെങ്കിലും കേരളത്തിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരമാണ് രണ്ടുപേരുടെയും അറസ്റ്റിലൂടെ പുറത്തുവരുന്നത്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. കൂടുതൽ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.