കോഴിക്കോട്: പാലക്കാട് സ്വദേശിനിയായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ ആമാശയത്തില്‍നിന്ന് രണ്ടുകിലോയോളം തൂക്കമുള്ള മുടിക്കെട്ട് നീക്കംചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തിയത്. മുടിക്കെട്ടിന് 30 സെന്റീമീറ്റര്‍ നീളവും 15 സെന്റീമീറ്റര്‍ വീതിയുമുണ്ട്. ആമാശയത്തിന്റെ അതേരൂപത്തിലാണ് ഇതുണ്ടായിരുന്നത്.
സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. വൈ. ഷാജഹാന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഡോ. വൈശാഖ് ചന്ദ്രന്‍, ഡോ. ജെറി ജോര്‍ജ്, ഡോ. ബി. രജിത്ത്, ഡോ. അഞ്ജലി അനില്‍, അനസ്‌തേഷ്യ വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. മുഹമ്മദ് ബഷീര്‍, അസി. പ്രൊഫ. ഡോ. അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ശസ്ത്രക്രിയക്കുശേഷം കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡോ. ഷാജഹാന്‍ പറഞ്ഞു.
കാരണം ആകാംക്ഷയും അമിതസമ്മര്‍ദവും
അമിത ആകാംക്ഷയും അമിതസമ്മര്‍ദവുമുള്ള കുട്ടികളിലും ചെറുപ്പക്കാരിലും, പ്രത്യേകിച്ച് പെണ്‍കുട്ടികളില്‍ കാണുന്ന അവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പലകാലങ്ങളിലായി കടിക്കുകയും വിഴുങ്ങുകയും ചെയ്ത തലമുടി ആമാശയത്തിനുള്ളില്‍ കെട്ടുപിണഞ്ഞ് ആഹാരാംശവുമായി ചേര്‍ന്ന് ട്യൂമറായി മാറും. ഇത് ഭക്ഷണം കഴിക്കുന്നത് കുറയ്ക്കും. വിളര്‍ച്ചയ്ക്കും വളര്‍ച്ച മുരടിക്കാനും ഇടയാക്കും. ക്ഷീണിതരാവുമ്പോഴാണ് പൊതുവേ ആശുപത്രിയിലെത്തുക. ഇതിന്റെ ശാസ്ത്രീയനാമം ‘ട്രൈക്കോബിസയര്‍’ എന്നാണ്.