മലപ്പുറം: ഹണിട്രാപ്പിലൂടെ യുവാവിൽ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ രണ്ട് അസം സ്വദേശികൾ പിടിയിൽ. യാസ്‌മിൻ ആലം (19), ഖദീജ കാത്തൂൻ (21) എന്നിവരെയാണ് തങ്ങൾപടിയിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത്. എടപ്പാളിലെ ഒരു മൊബൈൽ ഫോൺ കടയിലെ ജീവനക്കാരനിൽ നിന്ന് ഇരുവരും പണം തട്ടിയെടുത്തതായാണ് പരാതി.
പരാതിക്കാരൻ മുൻപ് മുംബയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇയാൾക്ക് ഹിന്ദി സംസാരിക്കാൻ അറിയാം. അതുകൊണ്ട് കടയിലെത്തിയ യാസ്‌മിൻ ആലവുമായി കാര്യങ്ങൾ സംസാരിച്ചിരുന്നത് പരാതിക്കാരനായിരുന്നു.
പിന്നാലെ യുവാവുമായി യാസ്‌മിൻ സൗഹൃദത്തിലായി. ഒടുവിൽ യാസ്‌മിൻ ആലം യുവാവിനെ താമസസ്ഥലത്ത് എത്തിക്കുകയും ഖദീജയെ ഉപയോഗിച്ച് ഹണിട്രാപ്പിൽപ്പെടുത്തുകയായിരുന്നു. പരാതിക്കാരനും ഖദീജയും തമ്മിലുളള സ്വകാര്യ ദൃശ്യങ്ങൾ യാസ്‌മിൻ ആലം വീഡിയോയിൽ പകർത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യാസ്‌മിൻ ആലം പലതവണയായി യുവാവിൽ നിന്നും പണം തട്ടിയെടുത്തു.
പത്ത് ലക്ഷം രൂപ പലതവണകളിലായി യുവാവ് യാസ്‌മിന് അയച്ചുകൊടുത്തിരുന്നു. ഒടുവിൽ പണം കൊടുക്കാൻ വേറെ വഴിയില്ലാതെ വന്നതോടെ പരാതിക്കാരൻ ബംഗളൂരുവിലുളള സഹോദരിയോട് പണം ആവശ്യപ്പെട്ടു. ഇതോടെയാണ് വീട്ടുകാർ ഇക്കാര്യങ്ങൾ അറിഞ്ഞത്. തുടർന്ന് കുറ്റിപ്പുറം പൊലീസിന് പരാതി നൽകി.
പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് പരാതിക്കാരനുമായുളള വീഡിയോകളും ചിത്രങ്ങളും അക്കൗണ്ട് വിവരങ്ങളും പൊലീസ് കണ്ടെത്തി. ഇൻസ്പെക്ടർ കെ നൗഫൽ, പ്രിൻസിപ്പൽ എസ്ഐ എ എം യാസിർ, എസ് ഐ ശിവകുമാർ, എ എസ് ഐമാരായ സുധാകരൻ, സഹദേവൻ, എസ് സി പി ഒമാരായ ആന്റണി, വിപിൻ സേതു, അജി ക്രൈസ്റ്റ്, സി പി ഒ മാരായ സരിത, അനിൽകുമാർ, രഞ്ജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.