ഇറാനിൽ ഇരട്ട സ്ഫോടനം: 73 പേർ കൊല്ലപ്പെട്ടു, 171 ഓളം പേർക്ക് പരിക്ക്
തെഹ്റാൻ: ഇറാനിൽ ഇരട്ട ബോംബ് സ്ഫോടനത്തിൽ 73 പേർ കൊല്ലപ്പെട്ടു. 170ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ ശവകുടീരത്തിന് സമീപത്താണ് സ്ഫോടനം നടന്നത്. അദ്ദേഹത്തിന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്കിടെയാണ് സ്ഫോടനം ഉണ്ടായത്. 2020 ൽ യുഎസിന്റെ ഡ്രോൺ ആക്രമണത്തിലായിരുന്നു സുലൈമാനി കൊല്ലപ്പെട്ടത്.
ആയിരങ്ങളായിരുന്നു സ്ഫോടനം നടക്കുമ്പോൾ പ്രദേശത്ത് ഒത്തുകൂടിയത്.ഒരേ സമയത്താണ് രണ്ട് സ്ഫോടനങ്ങളും നടന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നടന്നത് ഭീകരാക്രമണമെന്ന് കെർമാൻ ഗവർണർ പറഞ്ഞു. അതേസമയം സ്ഫോടത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
2020 ജനുവരി മൂന്നിനായിരുന്നു ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ സുലൈമാനിയും ഇറാഖിന്റെ അർദ്ധസൈനിക വിഭാഗത്തിന്റെ ഡെപ്യൂട്ടി കമാൻഡർ അബൂ മഹ്ദി അൽ-മുഹന്ദിസിനയും കൊല്ലപ്പെട്ടത്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കഴിഞ്ഞാൽ ഇറാനിലെ ഏറ്റവും ശക്തനായ വ്യക്തിയായിരുന്നു സുലൈമാനി.
ഇറാനിലെ ഖുദ്സ് സേനാ തലവനായിരുന്ന സുലൈമാനി ഡൽഹി മുതൽ ലണ്ടൻ വരെ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തെന്നും യുദ്ധം നിർത്താൻ വേണ്ടിയാണ് സുലൈമാനിയെ കൊലപ്പെടുത്തിയതെന്നുമായിരുന്നു അന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശദീകരിച്ചത്. അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും സൈനിക ഉദ്യോഗസ്ഥർക്കും നേരെ സുലൈമാനി പൈശാചികമായ ആക്രമണങ്ങൾ ആസൂത്രണം ചെയ്തെന്നും ട്രംപ് പറഞ്ഞിരുന്നു