
തൃശ്ശൂര്‍: ചാലക്കുടി പോട്ട ബാങ്ക് കൊള്ള കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് മോഷണം പോയ പന്ത്രണ്ട് ലക്ഷം രൂപ കണ്ടെത്തി. പ്രതി റിജോ ആന്‍റണിയെ ഇന്നലെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് 12 ലക്ഷം കണ്ടെത്തിയത്. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നായിരുന്നു പ്രതിയുടെ ആദ്യമൊഴി. ഇന്നലെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
49 ലക്ഷം രൂപയുടെ കടം തീര്‍ക്കാന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ പതിനഞ്ച് ലക്ഷം മാത്രം എടുത്തത് ബാങ്കിലുള്ളവർ പുറത്തുള്ളവരെ ഫോണ്‍ ചെയ്ത് വിവരങ്ങള്‍ അറിയിക്കുമെന്ന ഭയം മൂലമെന്നാണ് കുറ്റസമ്മത മൊഴി. കുറച്ചു സമയം മാത്രമേ ബാങ്കിലുണ്ടായിരുന്നുള്ളൂ. കയ്യില്‍ കിട്ടിയതുമായി മടങ്ങുക എന്നതായിരുന്നു ലക്ഷ്യം. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്താനുപയോഗിച്ച കത്തി മുമ്പ് ഗള്‍ഫിലുണണ്ടായിരുന്നപ്പോള്‍ വാങ്ങിയതായിരുന്നു.
മോഷണ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ പരമാവധി ക്യാമറയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചിരുന്നു. പെരാമ്പ്ര അപ്പോളോയുടെ ഭാഗത്ത് ചുറ്റി സഞ്ചരിച്ച ശേഷമാണ് വീട്ടില്‍ കയറിയത്. പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാത്തിലാണ് വീട്ടിലിരുന്നതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
ചൊവ്വാഴ്ച ബാങ്കിലെത്തി കാലാവധി കഴിഞ്ഞ എടിഎം പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ് സീൻ ഉണ്ടാക്കി. ബാങ്കിനെക്കുറിച്ച് അറിയാനും തരപ്പെട്ടാൽ അന്ന് മോഷണം നടത്താനുമായിരുന്നു ആദ്യ പ്ലാൻ. തൊട്ടുപുറത്ത് പൊലീസ് ജീപ്പ് ഉണ്ടായിരുന്നതിനാൽ ആശ്രമം ഉപേക്ഷിച്ചു.
ബുധനാഴ്ച ചാലക്കുടി സെൻ്റ് മേരീസ് ഫൊറോന പള്ളിയിലെ അമ്പ് തിരുനാൾ ആഘോഷത്തിനിടെ പ്രവാസി അമ്പിൽ റിജോ ആൻ്റണി നൃത്തം ചെയ്തു. ബുധനാഴ്ച രാത്രിയായിരുന്നു ആഘോഷം. ഈ യാത്രയിലാണ് അവിടെ പാർക്ക് ചെയ്തിരുന്ന ബൈക്കിൽ നിന്ന് നമ്പർ പ്ലേറ്റ് മോഷ്ടിക്കുന്നത്.
വ്യാഴാഴ്ച വീട്ടിൽ പദ്ധതികൾ തയ്യാറാക്കി.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് 12 നായിരുന്നു ബാങ്ക് കൊള്ള. തുടർന്ന് ദേശീയ പാതക്കരികിലെ നാടുകുന്നി- ബസ് സ്റ്റോപ്പിന് സമീപം നിർത്തി ജാക്കറ്റ് മാറ്റി. റിയർവ്യൂ വെച്ചു. ചെറുകുന്ന്, ക്രഷർ, വാഴക്കുന്ന്, താണിപ്പാറ എന്നിവിടങ്ങിളിൽ കറങ്ങി. പഞ്ചായത്ത് കുളം വഴി 2 റൗണ്ട് അടിച്ച ശേഷം ആശാരിപ്പാറയിലെ വീട്ടിലേക്ക്.
ശനിയാഴ്ച വീട്ടിൽ നിരീക്ഷണം.
ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 ന് പ്രതി വീട്ടില്‍ കുടുംബ സമ്മേളനം നടത്തി. വൈകിട്ട് 5.30 ന് പ്രതി പൊലീസിന്റെ വലയത്തിലായി. 7 ന് അറസ്റ്റ് രേഖപ്പെടുത്തി.