കാനഡ യുഎസിന്റെ ഭാഗമെന്ന് കാണിക്കുന്ന പുതിയ മാപ്പ് പുറത്തുവിട്ട് ട്രംപ്; മറുപടിയുമായി ജസ്‌റ്റിൻ ട്രൂഡോ
ന്യൂയോർക്ക്: കാനഡ യുഎസിന്റെ ഭാഗമാണെന്ന് കാണിക്കുന്ന പുതിയ ഭൂപടം പുറത്തുവിട്ട അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെയാണ് ട്രംപ് ഈ മാപ്പ് പങ്കുവച്ചത്. കാനഡയെ അമേരിക്കയിലേക്ക് കൂട്ടിച്ചേർക്കാൻ സാമ്പത്തിക ശക്തി ഉപയോഗിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമാണ് പുതിയ സംഭവവികാസം ഉണ്ടായിരിക്കുന്നത്.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ നിയുക്ത യുഎസ് പ്രസിഡന്റ് കാനഡയെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൻ്റെ ഭാഗമായി കാണിക്കുന്ന ഒരു ഭൂപടം പങ്കിടുകയായിരുന്നു. “ഓ കാനഡ!” എന്നായിരുന്നു ഇതിന് നൽകിയ ക്യാപ്‌ഷൻ. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കാമെന്ന തന്റെ മുൻ വാഗ്‌ദാനം ആവർത്തിച്ച ട്രംപ് കഴിഞ്ഞ ദിവസം ഒരുപടി കൂടി കടുപ്പിച്ച് ഭീഷണി മുഴക്കിയിരുന്നു.
നിങ്ങൾ കൃത്രിമമായി വരച്ച വരയിൽ നിന്ന് രക്ഷപ്പെടൂ, ഇത് എങ്ങനെയുണ്ടെന്ന് നോക്കൂ, വളരെ വലിയ കാര്യമായിരിക്കും. ദേശീയ സുരക്ഷക്കും ഇതാവും നല്ലത് എന്നായിരുന്നു തന്റെ തിരഞ്ഞെടുപ്പ് വിജയം സാക്ഷ്യപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷം ഫ്ലോറിഡ മാർ-എ ലാഗോ ഹോമിൽ നടത്തിയ പത്രസമ്മേളനത്തിൽ ട്രംപ് പറഞ്ഞത്.
എന്നാൽ മാപ്പ് പങ്കിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ ലിബറൽ പാർട്ടി ഇതിന് മറുപടിയുമായി രംഗത്ത് വന്നു. യുഎസിന്റെ ഭാഗം ആയതും അല്ലാത്തതുമായ വ്യക്തമായ ചിത്രങ്ങളോട് കൂടി അവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഒരു പോസ്‌റ്റ് പങ്കുവച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
അതേസമയം, കനേഡിയൻ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്ന് ജസ്‌റ്റിൻ ട്രൂഡോ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപ് നിലപാട് കടുപ്പിക്കുന്നത്. ഈ വർഷം ഒക്‌ടോബർ അവസാനത്തോടെ നടക്കേണ്ട തിരഞ്ഞെടുപ്പിലേക്ക് പാർട്ടി പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ താൻ പ്രധാനമന്ത്രിയായും ലിബറൽ പാർട്ടി തലവനായും തുടരുമെന്ന് ട്രൂഡോ അറിയിച്ചിരുന്നു.
രാജ്യങ്ങള്‍ തമ്മിൽ ലയിപ്പിക്കുന്നതിന്റെ സാധ്യത പോലും നിലനില്‍ക്കുന്നില്ലെന്നായിരുന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയുടെ മറുപടി. കാനഡ യുഎസിന്റെ ഭാഗമാകുന്നതിനുള്ള നേരിയ സാധ്യതപോലും ഇല്ലെന്നും ട്രൂഡോ വ്യക്തമാക്കി. വ്യാപാരത്തിലും സുരക്ഷയിലും പങ്കാളികളായി തുടരുന്നതിന്റെ ആനുകൂല്യം ഇരുരാജ്യങ്ങളിലേയും തൊഴിലാളികള്‍ക്കും ജനസമൂഹത്തിനും ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കനേഡിയൻ വിദേശകാര്യ മന്ത്രിയും ട്രംപിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ രാജ്യം മുട്ടുമടക്കില്ലെന്നാണ് വിദേശകാര്യമന്ത്രി മെലാനി ജോളി. കാനഡയെ കുറിച്ച് ട്രംപിന് യാതൊരു ധാരണയുമില്ലെന്നും ജോളി പറഞ്ഞു. തങ്ങളുടെ സമ്പദ് വ്യവസ്ഥ ശക്തമാണെന്നും അവർ ട്രംപിന് മുന്നറിയിപ്പ് നൽകി.