അമേരിക്കൻ സൈന്യത്തിന്റെ ആവശ്യമില്ല, ഇസ്രയേൽ ഞങ്ങൾക്ക് തരും’; ഗാസ ഏറ്റെടുക്കുമെന്ന് ആവർത്തിച്ച് ട്രംപ്
വാഷിങ്ടണ്‍: ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോരാട്ടത്തിനൊടുവില്‍ ഇസ്രയേല്‍, ഗാസ അമേരിക്കയ്ക്ക് കൈമാറുമെന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഗാസയുടെ പുനര്‍നിര്‍മാണത്തിന് യു.എസ്. സൈന്യത്തെ അയക്കേണ്ടിവരില്ലെന്നും ട്രംപ് കുറിച്ചു.
പലസ്തീനികളെ ഇതിനകംതന്നെ മേഖലയില്‍ കൂടുതല്‍ സുരക്ഷിതവും മനോഹരവുമായ പ്രദേശങ്ങളില്‍ പുതിയതും ആധുനികവുമായ വീടുകളോടെ പുനരധിവസിപ്പിക്കാമായിരുന്നു. അവര്‍ക്ക് സന്തോഷത്തോടെ സുരക്ഷിതവും സ്വതന്ത്രവുമായിരിക്കാന്‍ അവസരം ലഭിക്കും. ലോകമെമ്പാടുമുള്ള മികച്ച സംഘങ്ങളുമായി ചേര്‍ന്ന്, ഭൂമിയിലെ ഏറ്റവും വലുതും അതിശകരവുമായ വികസിത പ്രദേശമായി മാറുന്ന ഒന്നിന്റെ നിര്‍മാണം യു.എസ്. ആരംഭിക്കും. മേഖലയില്‍ സ്ഥിരത ഉറപ്പാക്കുമെന്നും ട്രംപ് കുറിച്ചു.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യു.എസ്. സന്ദര്‍ശനത്തിനിടെ വൈറ്റ് ഹൗസില്‍ ഇരുവരും ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഗാസ ഏറ്റെടുത്ത് പുനര്‍നിര്‍മിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ട്രംപ് ആദ്യമായി പ്രഖ്യാപിച്ചത്. ഗാസയില്‍ നിലവിലുള്ള പലസ്തീന്‍കാര്‍ അവിടംവിട്ട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയിക്കോട്ടെ. ഗാസയെ സമ്പൂര്‍ണമായി പുനര്‍നിര്‍മിക്കാം. ഗാസയ്ക്കുമേല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശമാണ് യു.എസ്. ലക്ഷ്യമിടുന്നതെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
എന്നാല്‍, ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളി പലസ്തീന്‍ ജനതയും ഗാസ നിവാസികളും രംഗത്തെത്തി. തങ്ങളുടെ ജനതയുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റം അനുവദിക്കാന്‍ കഴിയില്ലെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് വ്യക്തമാക്കി. ഗാസ പലസ്തീനിന്റെ അവിഭാജ്യഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എരിതീയില്‍ എണ്ണയൊഴിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനമെന്നായിരുന്നു സായുധസംഘടനയായ ഹമാസിന്റെ പ്രതികരണം.
ട്രംപിന്റെ ആശയത്തെ ജോര്‍ദാന്‍, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങള്‍ തള്ളി. ഏത് തരത്തിലുമുള്ള വംശീയ ഉന്മൂലനം എതിര്‍ക്കുമെന്നായിരുന്നു ഐക്യരാഷ്ട്രസഭയുടെ പ്രതികരണം. സ്വന്തം രാജ്യത്തുനിന്ന് പലസ്തീനികള്‍ മാറില്ലെന്നായിരുന്നു സൗദിയുടെ പ്രതികരണം.