ട്രംപ് ശരീരത്തിൽ കടന്നുപിടിച്ചു; ലൈംഗികാരോപണവുമായി മുൻമോഡൽ
ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീൻ്റെ മുന്നില്‍ വെച്ച് ഡൊണാള്‍ഡ് ട്രംപ് തന്നെ ലൈംഗിക കൈയ്യേറ്റം ചെയ്തുവെന്ന് മുന്‍ മോഡലിന്റെ വെളിപ്പെടുത്തല്‍. 1993-ലാണ് ട്രംപ് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചതെന്നാണ് മുന്‍ മോഡലായ സ്‌റ്റെയ്‌സി വില്യംസ് ആരോപിക്കുന്നത്.
അന്ന് താന്‍ ജെഫ്രിയുടെ കാമുകിയായിരുന്നുവെന്നും ട്രംപിനെ പരിചയപ്പെടാനായി ന്യൂയോര്‍ക്കിലെ ട്രംപ് ടവറിലെത്തിയപ്പോഴായിരുന്നു സംഭവമെന്നും സ്‌റ്റെയ്‌സി പറയുന്നു. മുന്നിലെത്തിയ നിമിഷം ട്രംപ് തന്റെ ശരീരഭാഗങ്ങളില്‍ ബലമായി കടന്നു പിടിച്ചുവെന്നും താന്‍ നിന്ന നില്‍പ്പില്‍ മരവിച്ചുപോയിയെന്നും സ്റ്റെയ്‌സി ആരോപിക്കുന്നു. കമല ഹാരിസ് നടത്തുന്ന സര്‍വൈവേഴ്‌സ് ഓഫ് കമല എന്ന പരിപാടിക്കിടെയാണ് മുന്‍മോഡലിന്റെ വെളിപ്പെടുത്തല്‍.
എന്നാല്‍ സ്റ്റെയ്‌സിയുടെ ആരോപണം തീര്‍ത്തും വ്യാജമാണെന്നാണ് ട്രംപ് അനുയായികളുടെ പക്ഷം. മുന്‍കാമുകിയെ മര്‍ദിച്ചു എന്ന് കമല ഹാരിസിന്റെ ഭര്‍ത്താവ് ഡഗ് എംഹോഫിനു നേരെ ഉയര്‍ന്ന ആരോപണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള മാര്‍ഗമാണെന്നുമാണ് ട്രംപ് അനുയായികള്‍ ആരോപിക്കുന്നത്.
സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ ട്രംപിനെതിരേ ലൈംഗിക ആരോപണങ്ങളുമായി നിരവധി സ്ത്രീകളാണ് രംഗത്തെത്തിയത്. എന്നാല്‍ എല്ലാ ആരോപണങ്ങളും ട്രംപ് നിഷേധിച്ചു.