KeralaNews

അരുംകൊലകളുടെ തുടക്കം ഉമ്മൂമ്മയിൽനിന്ന്, കഴുത്തിലെ മാല എടുത്തു; കടംവാങ്ങിയ പണത്തിൽ ചുറ്റിക വാങ്ങി

തിരുവനന്തപുരം: അതിക്രൂര കൊലപാതകത്തിനാണ് തലസ്ഥാന നഗരി തിങ്കളാഴ്ച സാക്ഷ്യം വഹിച്ചത്. അഫാൻ എന്ന 23-കാരൻ സ്വന്തം സഹോദരനേയും പ്രായമായ ഉമ്മൂമ്മയേയും കാമുകിയേയും അടക്കം അഞ്ചുപേരെ ക്രൂരമായാണ് കൊലപ്പെടുത്തിയത്. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സിസിടിവി ദൃശ്യങ്ങളിലുംനിന്നും പ്രാഥമിക അന്വേഷണത്തിലും ഇവ വ്യക്തമാകുന്നുണ്ട്. എന്താണ് കൊലപാതക കാരണം എന്നതിനെക്കുറിച്ചും പ്രതി ലഹരിക്കടിമപ്പെട്ടിരുന്നോ എന്നതിനെക്കുറിച്ചും വ്യക്തത വരേണ്ടതുണ്ട്.

നിലവിൽ പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ആദ്യം കൊലപ്പെടുത്തിയത് ഉമ്മൂമ്മയെ ആണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇവരുടെ പക്കൽ നിന്ന് മാല കവർന്നതായും പോലീസ് പറയുന്നു. എന്നാൽ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും ഇത് പൂർണ്ണമായും പോലീസ് വിശ്വസിക്കാനും തയ്യാറായിട്ടില്ല.

പെൺസുഹൃത്തിന്റെ മുഖം അടിച്ചു തകർത്ത് തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കിക്കളഞ്ഞിരുന്നു പ്രതി. ഇത്രയും മൃഗീയമായ കൊലപാതകം നടത്തണമെങ്കിൽ പ്രതി ലഹരിക്കടിമപ്പെടുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും സ്വാധീനമോ ഉണ്ടാകും എന്നാണ് കരുതപ്പെടുന്നത്. പ്രതിയുടെ ഓൺലൈൻ ബന്ധങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഉമ്മൂമ്മയെ കൊലപ്പെടുത്തുന്നതിന് വേണ്ടി വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് കല്ലറയിലെ വീട്ടിലേക്ക് ഉച്ചയ്ക്ക് 12.30ന് പ്രതി വരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 11.30ന് പള്ളിയിലെ സെക്രട്ടറി പിരിവിന് വേണ്ടി സൽമാബീവിയുടെ വീട്ടിൽ എത്തിയിരുന്നു. അതിന് ശേഷമാണ് അഫാൻ സൽമാ ബീവിയുടെ വീട്ടിൽ എത്തിയതെന്നാണ് വിവരം.

വൈകിട്ട് അഞ്ച് മണിക്ക് ബന്ധു വീട്ടിലെത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് സൽമാ ബീവി ചോരയിൽ കുളിച്ച് മരിച്ച് കിടക്കുന്നത് കാണുന്നത്. ഇതിന് ശേഷമാണ് പ്രതിയുടെ പിതാവ് റഹീമിന്റെ സഹോദരൻ ലത്തീഫിനേയും ഭാര്യ ഷാഹിദയേയും കൊലപ്പെടുത്തുന്നത്. ഇതിന് ശേഷം തിരികെ വീട്ടിലെത്തി ഉമ്മയെ ആക്രമിച്ച ശേഷം സഹോദരനെയും കൊലപ്പെടുത്തി. കൊലപ്പെടുത്തും മുമ്പ് സഹോദരൻ ഭക്ഷണം വാങ്ങിക്കൊടുക്കുകയും ചെയ്തു. ഇതിനിടെ വീട്ടിലെത്തിയ പെൺസുഹൃത്തിനേയും പ്രതി കൊലപ്പെടുത്തിയതായാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്.

കൊലപാതക പരമ്പരയുടെ തുടക്കം പ്രതിയുടെ ഉമ്മൂമ്മ സൽമാ ബീവിയുടെ വീട്ടിൽ നിന്നാണ് എന്നാണ് അനുമാനം. ഈ വീട്ടിൽ പോലീസ് പരിശോധന നടത്തിവരിയാണ്. പ്രധാന തെളിവുകൾ ഇവിടെനിന്ന് ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. എങ്ങനെ കൊലപാതകം നടപ്പാക്കി, എന്ത് ആയുധമാണ് ഉപയോഗിച്ചത്, ഉമ്മൂമ്മയുടെ എന്തൊക്കെ ആഭരണങ്ങൾ കവർന്നിട്ടുണ്ട് തുടങ്ങിയ വിവരങ്ങളൊക്കെ അറിയേണ്ടതുണ്ട്.

നിലവിൽ സൽമാ ബീവിയുടെ കഴുത്തിൽ ഉണ്ടായിരുന്ന ഒരു മാല പ്രതി എടുത്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ മാല ചോദിച്ചിട്ട് കൊടുക്കാത്തതിലുള്ള പ്രതികാരമാണ് സൽമാ ബീവിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് മൊഴി. അതേസമയം എന്താണ് യഥാർത്ഥ കൊലപാതക പരമ്പരയ്ക്കുള്ള കാരണം എന്നതിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്.

പിതാവിന്റെ കടബാധ്യത പരിഹരിക്കാനാണ് കൊലപാതകമെന്നാണ് പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി. പിതാവിന്റെ കടബാധ്യത പരിഹരിക്കാൻ ഒരു മാർഗവും കണ്ടില്ല. ബന്ധുക്കളെ സമീപിച്ചപ്പോൾ അവരും സഹായിച്ചില്ല. അതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അഫാൻ പോലീസിന് കഴിഞ്ഞ ദിവസം നൽകിയ മൊഴി. ഇതിന് ശേഷം പോലീസ് പ്രതിയെ ഔദ്യോഗികമായി ചോദ്യം ചെയ്തില്ല. വിവരങ്ങൾ ചോദിക്കുമ്പോഴൊക്കെ ഇക്കാര്യം തന്നെയാണ് പറഞ്ഞിരുന്നത്.

പ്രതി, വെഞ്ഞാറമൂട്ടിലെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന്, ആഭരണം തരാം എന്ന് പറഞ്ഞ് പണയം വെക്കുന്നതിന് മുമ്പ് തന്നെ കടമായി പണം വാങ്ങിയിരുന്നു. ഉച്ചയ്ക്ക് ആഭരണം തരാം എന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. മൊഴി പ്രകാരം, വീട്ടിൽ നിന്ന് ഇറങ്ങിയ അഫാൻ നേരെ സ്വർണ്ണപ്പണയ സ്ഥാപനത്തിലാണ് എത്തുന്നത്. ഉരുപ്പടി പിന്നെ കൊണ്ടുവരാം കുറച്ച് പണം വേണമെന്നാവശ്യപ്പെടുകയുമായിരുന്നു. നേരത്തെ പരിചയമുള്ളതിനാലാകണം, അവിടെ നിന്ന് പണം നൽകുകയും ചെയ്തു. ഈ പണം ഉപയോഗിച്ച് വെഞ്ഞാറമൂടിൽ നിന്ന് ചുറ്റിക വാങ്ങി. ഈ ചുറ്റികയുമായാണ് ഉമ്മൂമ്മ സൽമാ ബീവിയെ തലക്കടിച്ചു കൊലപ്പെടുത്തുന്നത്.

അവിടെ നിന്ന് മാല കൈക്കലാക്കി. ആ മാലയുമായി വെഞ്ഞാറമൂട് തിരിച്ചെത്തിയ ശേഷം പണമിടപാട് സ്ഥാപനത്തിൽ മാല ഏൽപ്പിക്കുന്നു. പിന്നീട് പ്രതി പിതാവിന്റെ സഹോദരന്റെ വീട്ടിലേക്ക് പോകുന്നു. ഇവിടെവെച്ച് പിതാവിന്റെ സഹോദരനേയും ഭാര്യയേയും കൊലപ്പെടുത്തുന്നു.

ശേഷം വീട്ടിലേക്ക് തിരിച്ചെത്തി ഉമ്മയെ ആക്രമിച്ചു. പെൺസുഹൃത്തിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തി. ശേഷം പുറത്ത് കളിച്ചു കൊണ്ടിരുന്ന സഹോദരനേയും കൊലപ്പെടുത്തുന്നു. എല്ലാം കഴിഞ്ഞ ശേഷം ഓട്ടോറിക്ഷയിൽ പ്രതി പോലീസ് സ്റ്റേഷനിലെത്തി എന്നാണ് മൊഴിയിൽ പറയുന്നത്.

എന്നാൽ മൊഴി പൂർണ്ണമായും പോലീസ് വിശ്വസിച്ചിട്ടില്ല. ഒരുപാട് വൈരുദ്ധ്യങ്ങൾ മൊഴിയിലുണ്ടെന്നാണ് പോലീസ് പറയുന്നത്. സ്വർണം പണയം വെച്ച കാര്യം പോലീസ് ഉറപ്പിച്ചിട്ടുണ്ട്. എത്ര പണം വാങ്ങി എന്ന കാര്യം അറിയേണ്ടതുണ്ട്. ഉമ്മൂമ്മയെ കൊലപ്പെടുത്തിയതിന് ശേഷം പ്രതിയുടെ ഫോണിലേക്ക് കൊല്ലപ്പെട്ട പിതാവിന്റെ സഹോദരന്റെ ഫോൺ വന്നിട്ടുണ്ട്.

പോലീസ് അനുമാനിക്കുന്നത്, ഉമ്മൂമ്മയെ കൊലപ്പെടുത്തുന്നതിന് മുമ്പ് സ്വന്തം വീട്ടിൽ സ്വന്തം ഉമ്മയ്ക്ക് നേരെ അതിക്രമം കാണിച്ചിരിക്കാം എന്നാണ് കരുതുന്നത്. കഴുത്തിൽ ഷാൾ മുറുക്കി തലക്കടിച്ച് ബോധരഹിതയാക്കി മുറിയിൽ പൂട്ടിയിട്ട ശേഷമാണ് പ്രതി ആദ്യ കൊലപാതകത്തിനായി പുറപ്പെടുന്നത് എന്ന് പോലീസ് സംശയിക്കുന്നു. ഇതിൽ സ്ഥിരീകരണം ആവശ്യമാണ്.

കടം വാങ്ങിയ പണത്തിലാണ് ചുറ്റിക വാങ്ങിയത് എന്ന കാര്യത്തിൽ പ്രതി ഉറച്ചു നിൽക്കുന്നുണ്ട്. പിന്നീട് ഉമ്മൂമ്മയെ കൊലപ്പെടുത്തിയ ശേഷം സ്വർണം സ്ഥാപനത്തിൽ ഏൽപ്പിക്കുകയായിരുന്നു എന്നാണ് പ്രതി മൊഴിയിൽ പറയുന്നത്.

പിതാവിന് കടബാധ്യതയുണ്ട്. ആ ബാധ്യതയുമായി ബന്ധപ്പെട്ട് കുടുംബങ്ങൾ സഹായിക്കുന്നില്ലെന്ന പരാതി ഉണ്ട്. അതിന്റെ കൂടെ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. അതിന് കുടുംബത്തിൽ നിന്ന് പ്രത്യേകമായി പണം ആവശ്യപ്പെട്ടിരുന്നു. ഇതും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.

താൻ ലഹരിക്കടിമയല്ലെന്നാണ് പ്രതി പറയുന്നത്. എന്നാൽ ബന്ധുക്കളിൽ ചിലർ പറയുന്നതനുസരിച്ച് പ്രതി ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് പറയുന്നത്. ഇയാൾ ഒറ്റയ്ക്കെത്തിയാണ് കൃത്യം ചെയ്തത് എന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker