നിയമം അനുസരിച്ചാല്‍ പെട്രോള്‍ കാശ് മോട്ടോര്‍വാഹന വകുപ്പ് തരും; ലംഘിച്ചാല്‍ കനത്ത പിഴയും
മലപ്പുറം:മോട്ടോർവാഹന ഉദ്യോഗസ്ഥരുടെ കാക്കിസംഘം സ്കൂട്ടർ തടഞ്ഞപ്പോൾ യാത്രക്കാരായ സ്ത്രീകൾ അമ്പരന്നു. ലൈസൻസും മറ്റ് രേഖകളും ആവശ്യപ്പെട്ടു. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നു. എല്ലാം പരിശോധിച്ചതിനുശേഷം ഉദ്യോഗസ്ഥർ അവരെ അഭിനന്ദിച്ചു. അപ്പോഴാണ് ശ്വാസം നേരേവീണത്. പോരാത്തതിന് പെട്രോളടിക്കാൻ 300 രൂപയുടെ സൗജന്യ കൂപ്പൺകൂടി നൽകിയതോടെ അവരുടെ മുഖത്ത് പുഞ്ചിരി വിടർന്നു.
മമോട്ടോർവാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗമാണ് സുരക്ഷിതയാത്രയെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യത്യസ്തമായ പദ്ധതിയുമായി റോഡിലിറങ്ങിയത്. ഗതാഗതനിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ പിഴയീടാക്കുന്ന വകുപ്പിന്റെ വേറിട്ട മുഖമാണ് യാത്രക്കാർ കണ്ടത്. എല്ലാ നിയമങ്ങളും അനുസരിച്ച് വണ്ടിയോടിക്കുന്നവരെ കണ്ടുപിടിച്ച് മുന്നൂറ് രൂപയുടെ സൗജന്യ കൂപ്പണുകൾ നൽകി. കിഴക്കേത്തലയിലെ ഹൈവേയിലായിരുന്നു വ്യാഴാഴ്ച പരിശോധന.
മഅടുത്ത ദിവസങ്ങളിൽത്തന്നെ ജില്ലയിലെ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഓട്ടോറിക്ഷാത്തൊഴിലാളികൾക്ക് കൂടുതൽ പരിഗണന നൽകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കോവിഡ് കാരണം ഓട്ടംകുറഞ്ഞ സാഹചര്യത്തിൽ ഈ സൗജന്യകൂപ്പൺ ഏറെ സഹായമായെന്ന് കൂപ്പൺ ലഭിച്ച ഓട്ടോറിക്ഷാഡ്രൈവർ പറഞ്ഞു. ആദ്യഘട്ടത്തിൽ അഞ്ഞൂറ് സൗജന്യകൂപ്പണുകൾ നൽകാനാണ് തീരുമാനം. വൈകാതെ അത് ആയിരമാക്കും.
മഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, മലപ്പുറത്തെ എ.എം. മോട്ടോർസ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സുരക്ഷാബോധവത്കരണപരിപാടിയുടെ ഭാഗമായി വ്യത്യസ്തമായ പരിപാടികൾ ഇതിനുമുമ്പും മോട്ടോർവാഹനവകുപ്പ് നടത്തിയിട്ടുണ്ട്. സൗജന്യ ഹെൽമെറ്റ് വിതരണം വൻ വിജയമായിരുന്നു.കോവിഡ് കാലത്ത് ആയിരം പെരുന്നാൾക്കിറ്റുകളാണ് വിതരണംചെയ്തത്. ഓണക്കിറ്റുകളും പലയിടങ്ങളിലും വിതരണം ചെയ്തു.p>
മഎൻഫോഴ്സ്മെന്റ് ആർ.ടി.ഒ. കെ.കെ. സുരേഷ്കുമാറിന്റെ മേൽനോട്ടത്തിൽ എം.വി.ഐ. മാരായഡാനിയൽ ബേബി, സജി തോമസ്, എ.എം.വി.ഐ. മാരായ ഷൂജ മാട്ടട, സയ്യിദ് മഹമൂദ്, എബിൻ ചാക്കോ, പി.കെ. മനോഹരൻ തുടങ്ങിയ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. എ.എം. മോട്ടോർസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ കെ. രാജേന്ദ്രൻ, ജനറൽ മാനേജർ ദീപക്, പ്രതിനിധി മുഹമ്മദ് ഫാസിൽ എന്നിവരും പങ്കെടുത്തു.