KeralaNews

എല്ലാവരും മറന്നകാര്യം; കുത്തിത്തിരിപ്പുണ്ടാക്കിയപ്പോൾ സുഖം കിട്ടിയല്ലേ; മാധ്യമപ്രവര്‍ത്തകനോട്‌ ടൊവിനോ

കൊച്ചി:പൊളിറ്റിക്കല്‍ കറക്ട്നസിന്റെ പേരിലുള്ള ചോദ്യത്തിന് മറുപടിയുമായി നടന്‍ ടൊവിനോ തോമസ്. പുതിയ സിനിമയായ ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ എന്ന സിനിമയുടെ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ‘കടുവ’ സിനിമയിലെ ഒരു സംഭാഷണവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍ ഉന്നയിച്ച ചോദ്യത്തിന് തിരക്കഥാകൃത്ത് ജിനു ഏബ്രഹാം മറുപടി പറയുന്നതിനിടെയായിരുന്നു ടൊവിനോയുടെ പ്രതികരണം. കടുവയുടെ തിരക്കഥാകൃത്തുകൂടിയാണ് ജിനു.

”രണ്ട് വര്‍ഷം മുന്‍പ് ഇറങ്ങിയ സിനിമ. അതില്‍ പറ്റിയൊരു തെറ്റിന്റെ പേരില്‍ നിരുപാധികം മാപ്പ് ചോദിക്കുകയും ആ രംഗം നീക്കം ചെയ്യുകയും ചെയ്തു. എല്ലാവരും മറന്നു കിടന്നൊരു കാര്യം ഇവിടെ മനഃപൂര്‍വം ഓര്‍മിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി. ഒരു സുഖം കിട്ടിയല്ലേ, കൊള്ളാം.”-ഇതായിരുന്നു ടൊവിനോയുടെ പ്രതികരണം.

ചിത്രത്തില്‍ നായകന്‍ വില്ലനോട് സംസാരിക്കുന്ന ഒരു രംഗത്തില്‍ ഭിന്നശേഷിക്കാരെ അവഹേളിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത് വലിയ വിവാദമായതോടെ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും പൃഥ്വിരാജും ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. വിവാദസംഭാഷണത്തില്‍ മാപ്പ് ചോദിക്കുന്നെന്നും അത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നെന്നും പൃഥ്വിരാജ് പറഞ്ഞു. ചിത്രത്തിലെ സംഭാഷണം ഒഴിവാക്കിയിട്ടുണ്ടെന്നും നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. പിന്നീട് ആ സംഭാഷണം ഒഴിവാക്കിയിട്ടുള്ള എഡിറ്റഡ് വേര്‍ഷനാണ് പ്രദര്‍ശനത്തിനെത്തിയത്.

ഇനിയുള്ള സിനിമകളില്‍ പൊളിറ്റിക്കലായ കാര്യം ശ്രദ്ധിക്കുമോ എന്നായിരുന്നു ജിനുവിനോടുള്ള ചോദ്യം. ആ സംഭാഷണം എഴുതുമ്പോള്‍ അതിലൊരു പ്രശ്‌നം തോന്നിയില്ലെന്നും താന്‍ അങ്ങനെ ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യക്തമാക്കിയ ജിനു താനൊരു സാഡിസ്റ്റ് അല്ലെന്നും പറഞ്ഞു.

തിരക്കഥ ഒരുപാടാളുകള്‍ വായിച്ച്, ഒരുപാട് ഫില്‍റ്ററിങുകള്‍ക്കു ശേഷമാണ് ചിത്രീകരിക്കുന്നത്. അതിന് തൊട്ട് മുമ്പുള്ള നിമിഷത്തില്‍ പോലും ചര്‍ച്ചകള്‍ നടക്കാറുണ്ട്. ആ സിനിമ ഇറങ്ങിയ ശേഷം ഞാനും ചിത്രത്തിന്റെ സംവിധായകനും ഇവിടുത്ത പല പ്രബുദ്ധരായ മാധ്യമപ്രവര്‍ത്തര്‍ക്കും അഭിമുഖങ്ങള്‍ നല്‍കിയിട്ടുണ്ട്. അവരൊക്കെ സിനിമ കണ്ടവരാണ്.

സിനിമയുടെ എല്ലാ ഭാഗങ്ങളെക്കുറിച്ചും സംസാരിച്ചിരുന്നു. ആര്‍ക്കും അതിനൊരു പ്രശ്നം തോന്നുകയോ ആ സംഭാഷണത്തിന് അങ്ങനൊരു ആംഗിളോ തോന്നിയിരുന്നില്ല. പെട്ടെന്നാണ് കുറച്ചാളുകളെ അത് ബാധിക്കുന്നുവെന്ന് വ്യാഖ്യാനിക്കപ്പെടുന്നത്. ഞങ്ങളാരും അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. ഞാനൊരു സാഡിസ്റ്റല്ല. ചിത്രത്തിന്റെ സംവിധായകന്‍ ഷാജി കൈലാസോ നായകന്‍ പൃഥ്വിരാജോ ഒട്ടുമല്ല.

ഒരു വിഭാഗത്തിന് അതിലൊരു വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ അവരെ കൂടുതല്‍ വേദനിപ്പിക്കാതെ മുറിവേല്‍പ്പിക്കാതെ കട്ട് ചെയ്ത് മാറ്റുക എന്നതാണ് മാന്യവും യുക്തവുമായ നടപടി. അത് കൃത്യമായി ചെയ്യുകയും ചെയ്തു. തിരക്കഥ സെന്‍സര്‍ ചെയ്ത് എഴുതുന്ന ആളല്ല ഞാന്‍. ഡാര്‍വിനും ടൊവിനോയും ഈ സിനിമയുടെ തിരക്കഥ എഴെട്ട് തവണ വായിച്ചിട്ടുണ്ടാകും. നാളെ ഞാന്‍ ചെയ്യാന്‍ പോകുന്ന സിനിമയിലെ നായകന്‍ പൃഥ്വിരാജാണ്. അവര്‍ക്ക് എന്നെ ഓര്‍മിപ്പിക്കാനും ഇങ്ങനൊരു പ്രശ്നമുണ്ടെന്ന് പറയാനും, അത് സത്യസന്ധമാണെന്ന് തോന്നിയാല്‍ അത് മാറ്റാനും ഞാനും തയാറാണ്.

എഴുതുമ്പോള്‍ മന:പ്പൂര്‍വ്വം ആരെയെങ്കിലും വേദനിപ്പിക്കണം എന്ന് ചിന്തിക്കുന്ന ആളല്ല ഞാന്‍. അത് അന്ന് കുറച്ച് പേര്‍ക്ക് വിഷമമുണ്ടാക്കി, അത് തിരുത്തി. അവിടെ കഴിഞ്ഞു. എന്റെ അടുത്ത സിനിമകളിലും അത്തരം സംഭാഷണങ്ങളുണ്ടാകുമെന്നും ഞാനത് ചിന്തിച്ച് തിരക്കഥയെഴുതുമെന്നും ആരും കരുതേണ്ടതില്ല.- ജിനു പറഞ്ഞു.

അതിന് പിന്നാലെ ടൊവിനോ ജിനുവില്‍ നിന്ന് മൈക്ക് വാങ്ങുകയും സംസാരിക്കുകയുമായിരുന്നു.

ഞാനൊരു കാര്യം ചോദിക്കട്ടെ. രണ്ട് വര്‍ഷം മുമ്പ് ഇറങ്ങിയ സിനിമ. അതില്‍ പറ്റിയൊരു തെറ്റിന്റെ പേരില്‍ നിരുപാധികം മാപ്പ് ചോദിക്കുകയും ആ സീന്‍ നീക്കം ചെയ്യുകയും ചെയ്തു. എല്ലാവരും മറന്നു കിടന്നൊരു കാര്യം ഇവിടെ വീണ്ടും മനഃപൂര്‍വം ഓര്‍മിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി. ഒരു സുഖം കിട്ടി. ഒരു കണ്ടന്റ് കിട്ടിയില്ലേ? തെറ്റ് ഏറ്റുപറഞ്ഞ് എഴുത്തുകാരന്‍, ഇനി ആവര്‍ത്തിക്കില്ലെന്ന് എഴുത്തുകാരന്‍ അതായിരിക്കും ക്ലിക്ക് ബൈറ്റ്. കൊള്ളാം. ഐ അപ്രിഷിയേറ്റ് ഇറ്റ് (ഞാന്‍ അഭിനന്ദിക്കുന്നു)- ടൊവിനോ പറഞ്ഞു.

ഇത്തരം തിരക്കഥകള്‍ ചെയ്യുന്നതില്‍ ടൊവിനോയ്ക്ക് പേടിയുണ്ടോ എന്ന ചോദ്യത്തിന് എനിക്കാരേയും പേടിയില്ല എന്നായിരുന്നു ടൊവിനോയുടെ പ്രതികരണം. പൊളിറ്റിക്കലി ഇന്‍കറക്ട് ആയിട്ടുള്ള തിരക്കഥ വന്നാല്‍ അഭിനയിക്കുമോ? എന്നായിരുന്നു അടുത്ത ചോദ്യം.

”പൊളിറ്റിക്കലി ഇന്റകറക്ട് ആയി ജീവിക്കുന്നൊരു കഥാപാത്രം ചെയ്യുന്ന സമയത്ത് ഞാന്‍ എന്ത് ചെയ്യണം? ഞാനൊരു വില്ലന്‍ കഥാപാത്രമാണ് ചെയ്യുന്നതെന്ന് കരുതുക. അയാളൊരു വൃത്തികെട്ടവനാണ്. പൊളിറ്റിക്കലി ഇന്‍കറക്ട് ആയ കാര്യങ്ങള്‍ ചെയ്യുന്നവനാണ്. അപ്പോഴും ഞാന്‍ പറയണമോ ഇത് പൊളിറ്റിക്കലി ഇന്‍കറക്ട് ആണെന്നും ഇത് ഞാന്‍ ചെയ്യില്ല എന്നും.

പൊളിറ്റിക്കലി ഇന്‍കറക്ട് ആയിട്ടുള്ള സീനുകളോ ഡയലോഗുകളോ ഉണ്ടാകുന്നതല്ല, അതിനെ ഗ്ലോറിഫൈ ചെയ്യുന്നതാണ് തെറ്റ്. പൊളിറ്റിക്കല്‍ കറക്ട്നെസിനെക്കുറിച്ച് കൃത്യമായി ധാരണയുണ്ടായിരുന്നുവെങ്കില്‍ ഈ ചോദ്യം ചോദിക്കേണ്ട കാര്യമില്ല. കുഴപ്പമില്ല, നിങ്ങള്‍ക്കൊരു കണ്ടന്റ് കിട്ടി. ചില്‍.”-ടൊവിനോ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker