കോഴിക്കോട്: ചേവരമ്പലത്ത് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് നാല്പതോളം പേര്‍ക്ക് പരിക്ക്. സോളിഡാരിറ്റി സമ്മേളനം കഴിഞ്ഞ് പോയവരുടെ ബസ് തിരുനെല്ലിയിലേക്ക് പോകുകയായിരുന്ന ബസില്‍ ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു സംഭവം.
ഇടിയുടെ ആഘാതത്തില്‍ തിരുനെല്ലിക്ക് പോകുകയായിരുന്ന ബസ് മറിഞ്ഞു. ഈ ബസില്‍ നാല്പതോളം പേരും മറ്റേ ബസില്‍ ഇരുപതിലധികം യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ നാല്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. അമിത വേഗതയാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു.
വേളാങ്കണ്ണി തീർത്ഥാടനത്തിന് ശേഷം മടങ്ങുകയായിരുന്ന അർത്തുങ്കൽ സ്വദേശികൾ സഞ്ചരിച്ച ടെമ്പോ ട്രാവലറിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് ഉണ്ടായ അപകടത്തിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. ട്രാവലറിലെ യാത്രക്കാരായ ആലപ്പുഴ ചേർത്തല ആർത്തുങ്കൽ ചമ്പക്കാട് വീട്ടിൽ പൈലി (75) ഭാര്യ റോസിലി (65), പൈലിയുടെ സഹോദരൻ വർഗീസിന്റെ ഭാര്യ ജെസി (50) എന്നിവരാണ് മരിച്ചത്. 16 പേർക്ക് പരിക്കേറ്റു. വടക്കഞ്ചേരി ഗോവിന്ദാപുരം സംസ്ഥാനപാതയിൽ ഇന്നലെ പകൽ 11.30 ഓടെയാണ് അപകടമുണ്ടായത്. ടൂറിസ്റ്റ് ബസ് തിരുവല്ലയിൽ നിന്ന് പഴനിയിലേക്കും ടെമ്പോ ട്രാവലർ വേളാങ്കണ്ണിയിൽ നിന്നും ആലപ്പുഴയിലേക്കും പോവുകയായിരുന്നു.
കനത്തമഴയിൽ ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ട്രാവലറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാവലർ പൂർണമായും തകർന്നു. സമീപത്തെ വീടിന്റെ മതിൽ തകർത്ത് നിന്ന ട്രാവലറിൽ കുടുങ്ങിയ യാത്രക്കാരെ വടക്കാഞ്ചേരി പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
ട്രാവലറിൽ സഞ്ചരിച്ച പൈലിയുടെ മകൻ പ്രിൻസ് (31), പൈലിയുടെ സഹോദരൻ വർഗീസ് (57), വർഗീസിന്റെ മകൾ വർഷ (24), ബന്ധുക്കളായ ബൈജു (50), ഭാര്യ പ്രസന്ന (43), മകൾ ജെസിയ (16), ബന്ധുക്കളായ ഷോജി (36), ഭാര്യ കുഞ്ഞുമോൾ (34), മക്കളായ മനു (12), മിന്നു (7), ട്രാവലർ ഡ്രൈവർ ആലപ്പുഴ തുമ്പോളി സ്വദേശി അഖിൽ (32), ടൂറിസ്റ്റ് ബസിലെ യാത്രികരായ തിരുവല്ല രാമൻചിറ സ്വദേശികളായ ലൗലി (39), സജിനി (49), ശാന്ത (60), കുഞ്ഞുമോൾ (60), അഭിഷേക് (20) എന്നിവർക്കാണ് പരിക്കേറ്റത്.
വർഗീസ്, അഖിൽ എന്നിവരുടെ നില ഗുരുതരമാണ്. ഇവർ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തീർത്ഥാടകസംഘം വെള്ളിയാഴ്ച രാവിലെയാണ് പുറപ്പെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് തിരിച്ചെത്തും വിധമാണ് യാത്ര ക്രമീകരിച്ചിരുന്നത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനു ശേഷം അർത്തുങ്കൽ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. പൈലിയുടെ മക്കൾ: പ്രിൻസ്, പ്രിൻസി, റിൻസി. മരുമക്കൾ: സാമുവേൽ, പീറ്റർ.