KeralaNews

സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണവും വൈറസ് ബാധിച്ച് മരിയ്ക്കുന്നവരുടെ എണ്ണവും കുത്തനെ ഉയരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക് ഡൗണ്‍. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ അനുമതിയുളളൂ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുളള ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും യാത്ര ഇളവുണ്ടാകും.

ശനിയാഴ്ച 108 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 28, കുവൈറ്റ്-14, താജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയര്‍ലാന്റ്-1) 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രാപ്രദേശ് -1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.

അതേസമയം, രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 50 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പാലക്കാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 7 പേരുടെയും (6 എയര്‍ ഇന്ത്യ ജീവനക്കാര്‍), എറണാകുളം ജില്ലയില്‍ നിന്നുള്ള 6 പേരുടെയും (രണ്ട് കൊല്ലം സ്വദേശികള്‍), കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 5 പേരുടെയും ഇടുക്കി, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെ വീതവുമാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. ഇതോടെ 1029 പേരാണ് രോഗം സ്ഥിരീകരിച്ച് ഇപ്പോള്‍ ചികിത്സയിലുള്ളത്. 762 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button