തിരുവനന്തപുരം: തൈപ്പൊങ്കൽ പ്രമാണിച്ചു കേരളത്തിൽ ആറ് ജില്ലകൾക്ക് ചൊവ്വാഴ്ച (14 – 01 – 2025) അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി ബാധകം. നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗിക കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുള്ള അവധിയാണ് ഈ ദിവസത്തേത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്ര മകരശീവേലി എന്നിവയും നാളെയാണ്.
മുൻ വർഷങ്ങളിലും തൈപ്പൊങ്കലിന് കേരളത്തിലെ ആറ് ജില്ലകൾക്ക് അവധി നൽകിയിരുന്നു. തമിഴ്നാട്,ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്കും നാളെ അവധിയാണ്.
കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പൊങ്കൽ ആശംസകൾ നേർന്ന് രംഗത്ത് വന്നിരുന്നു. പാലക്കാട് ജില്ലയുടെ കിഴക്കൻമേഖലയിലെ പ്രധാന ആഘോഷമായ പൊങ്കലിന് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കർഷകരുടെ അധ്വാനത്തിൻ്റെ പ്രതീകമാണ് തൈപ്പൊങ്കലെന്നാണ് പറഞ്ഞത്. ഇത് തമിഴ് സംസ്കാരത്തിൻ്റെ വൈവിധ്യവും സമ്പന്നതയും പകർന്നുനൽകുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് തമിഴ്നാട് സർക്കാർ ആറുദിവസത്തെ അവധിയാണ് ഇത്തവണ പ്രഖ്യാപിച്ചത്. പൊങ്കൽ ദിവനങ്ങളായ ജനുവരി 14 ചൊവ്വാഴ്ച മുതൽ 19 ഞായറാഴ്ചവരെയാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്. ജനുവരി 14നാണ് പരമ്പരാഗത വിളവെടുപ്പ് ഉത്സവമായ പൊങ്കൽ.
ഈ വർഷത്തെ മകരസംക്രാന്തിയോടനുബന്ധിച്ച് ആന്ധ്രാ പ്രദേശ്, തെലങ്കാന സർക്കാരുകൾ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തെലങ്കാന സർക്കാർ ഒരാഴ്ചത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയാണ് മകരസംക്രാന്തി. ജനുവരി 13 മുതൽ 17 വരെയാണ് തെലങ്കാന സംക്രാന്തി അവധി പ്രഖ്യാപിച്ചത്. നാളെ ഉത്തർ പ്രദേശിലും മകരസംക്രാന്തി പ്രമാണിച്ച് പൊതു അവധിയാണ്.