നിരാഹാരം കിടന്ന് ജിമ്മിൽ പോകാൻ അനുവാദം വാങ്ങി, അന്ന് എനിക്ക് അപ്പൻ നൂറ് കോഴി മുട്ട വാങ്ങി തന്നു; ടൊവിനോ തോമസ്
കൊച്ചി:ഫിറ്റ്നസിൽ വളരെ അധികം ശ്രദ്ധിക്കുന്നയാളാണ് ടൊവിനോ തോമസ്. തന്റെ വർക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ താരം ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്. ഗോഡ്ഫാദർമാരില്ലാതെ സിനിമയിലേക്ക് അരങ്ങേറിയാണ് മലയാള സിനിമയിൽ ഇന്നുള്ള സ്റ്റാർഡം താരം നേടി എടുത്തത്. ഒരിക്കൽ പോലും ഔട്ട് ഓഫ് ഷേപ്പിൽ ടൊവിനോ എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. അതുകൊണ്ട് കൂടിയാണ് മിന്നൽ മുരളിയിൽ ടൊവിനോയാണ് സൂപ്പർ ഹീറോയായി എത്തുന്നതെന്ന് അറിഞ്ഞപ്പോൾ ആരാധകർക്കും അത് ഉൾക്കൊള്ളാനായത്.
മറ്റ് ഏത് നടൻ സൂപ്പർ ഹീറോ വേഷം ചെയ്യാൻ ഒരുങ്ങിയാലും അത് ശരിയാകുമോ എന്നുള്ള ചിന്ത ആരാധകരിൽ ഉണ്ടായിക്കൊണ്ടിരിക്കും. ഏറ്റവും പുതിയ ചിത്രമായ ഐഡന്റിറ്റിയിലെ ടൊവിനോയുടെ ഫൈറ്റ് സീനുകൾക്ക് ഹോളിവുഡ് ടച്ച് തോന്നാൻ ഒരു കാരണം നടന്റെ ഫിറ്റ്നസ് തന്നെയാണ്.
മലയാള സിനിമയിലെ ഫിറ്റ്നസ് ഫ്രീക്ക് ആരൊക്കെയെന്ന് ചോദിച്ചാൽ ആദ്യം ആളുകൾ പറയുക ടൊവിനോയുടേയും ഉണ്ണി മുകുന്ദന്റെയും പേരുകളാകും. രണ്ട് പേരും ഏത് സാഹചര്യത്തിലും വർക്കൗട്ട് ചെയ്യാൻ സമയം കണ്ടെത്തുന്നവരാണ്. പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് ടൊവിനോ ജിമ്മിൽ ജോയിൻ ചെയ്തത്.
പത്താം ക്ലാസിൽ ഉയർന്ന മാർക്ക് നേടിയപ്പോൾ പിതാവിനോട് സമ്മാനമായി ടൊവിനോ ചോദിച്ചത് ജിമ്മിൽ ചേരാനുള്ള തുക മാത്രമാണത്രെ. അപ്പന് തുടക്കത്തിൽ നടൻ ജിമ്മിൽ ചേരുന്നതിനോട് എതിർപ്പായിരുന്നുവത്രെ. നിരാഹാരം കിടന്നാണ് താൻ അനുവാദം വാങ്ങിയതെന്ന് കഴിഞ്ഞ ദിവസം ഐഡന്റിറ്റി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ ടൊവിനോ തോമസ് പറഞ്ഞു.
വിവാഹനിശ്ചയത്തിന്റെ അന്ന് ഇതുപോലൊരു സ്റ്റേജിൽ ഇരുന്നിട്ട് അപ്പൻ പറഞ്ഞത് എനിക്ക് ഓർമയുണ്ട്… ഒരു മൂന്ന് കാര്യങ്ങളിലാണ് ഞാൻ ഇവനെ ആദ്യം എതിർത്തിട്ടുള്ളത്. ആദ്യം ഇവൻ ജിമ്മിൽ പോകണമെന്ന് പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചിരുന്നില്ല എന്നാണ് അപ്പൻ പറഞ്ഞത്. പത്താം ക്ലാസിൽ ഡിസ്റ്റിങ്ഷൻ കിട്ടിയപ്പോൾ എനിക്ക് എന്ത് സമ്മാനം വേണമെന്ന് വീട്ടിൽ നിന്നും ചോദിച്ചിരുന്നു.
എനിക്ക് 116 രൂപ വേണം ജിമ്മിൽ ജോയിൻ ചെയ്യാൻ വേണ്ടി എന്നാണ് ഞാൻ പറഞ്ഞത്. പക്ഷെ അപ്പന്റെ മറുപടി അത് നടക്കില്ല. ജിമ്മിൽ പോകാൻ നിനക്ക് പ്രായമായിട്ടില്ല എന്നായിരുന്നു. അതിനുശേഷം ഞാൻ നിരാഹാരം കിടന്നു. അത് കണ്ട് അപ്പൻ സമ്മതിച്ചു. അങ്ങനെയാണ് ഞാൻ ജിമ്മിൽ ജോയിൻ ചെയ്യുന്നത്. ജിമ്മിൽ പോയി കുറച്ച് നാൾ കഴിഞ്ഞപ്പോൾ അത് എന്റെ ആരോഗ്യത്തിന് ഗുണമേ ചെയ്യുന്നുള്ളുവെന്ന് അപ്പന് മനസിലായി.
പിന്നീട് ഞാൻ മിസ്റ്റർ തൃശൂരിന് വേണ്ടി മത്സരിക്കുന്ന സമയത്ത് ഇരിങ്ങാലക്കുട പള്ളിയിലെ പെരുന്നാളും കൂടി അവിടെ നേർച്ചയായി കിട്ടിയ കോഴിമുട്ടകളിൽ നിന്നും നൂറ് കോഴിമുട്ട എനിക്കായി വാങ്ങി അപ്പൻ വീട്ടിലേക്ക് വന്നു. എനിക്കുള്ള പ്രോട്ടീനായിരുന്നു. ജിമ്മിൽ പോകരുതെന്ന് പറഞ്ഞ് എതിർത്തയാൾ തന്നെയാണ് എന്റേത് ശെരിയായ പ്രവൃത്തിയാണെന്ന് മനസിലായപ്പോൾ മുട്ട വാങ്ങികൊണ്ട് തന്നത്. എത്ര മക്കൾക്ക് അപ്പന്മാർ നൂറ് മുട്ട വാങ്ങി കൊടുത്തിട്ടുണ്ടാകും?.
നൂറ് മുട്ട എനിക്ക് ഒരാഴ്ച കഴിക്കാനേയുള്ളു. ആ സമയത്ത് മുപ്പത് മുട്ടയൊക്കെ ദിവസവും ഞാൻ കഴിക്കുമായിരുന്നു എന്നാണ് അപ്പനെ കുറിച്ച് സംസാരിക്കവെ ഓർമകൾ പങ്കിട്ട് ടൊവിനോ പറഞ്ഞത്. കുറച്ച് നാളുകൾക്ക് മുമ്പ് അപ്പനൊപ്പം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന ഫോട്ടോ ടൊവിനോ പങ്കിട്ടത് വൈറലായിരുന്നു.
അതേസമയം 2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റാണ് ടൊവിനോ തോമസ് ചിത്രം ഐഡന്റിറ്റി. സിനിമ ബോക്സ് ഓഫീസിൽ തരംഗമാണ്. അഖിൽ പോളും അനസ് ഖാനും ചേർന്നാണ് ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ചിത്രമായ ഐഡന്റിറ്റി സംവിധാനം ചെയ്തിരിക്കുന്നത്.