News

മമ്മൂട്ടി @70; മലയാളത്തിന്റെ നടന വിസ്മയത്തിന് ഇന്ന് എഴുപതാം പിറന്നാള്‍

കൊച്ചി: മുഹമ്മദ് കുട്ടി പാനപറമ്പില്‍ ഇസ്മായീല്‍ എന്ന മലയാളത്തിന്റെ നടന വിസ്മയം മമ്മൂട്ടിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍. അഭിനയപ്രതിഭ കൊണ്ടും നിത്യയൗവനം കൊണ്ടും ഇന്ത്യന്‍ ലോകത്തെ ഭ്രമിപ്പിച്ച മറ്റൊരു താരം ഉണ്ടാകില്ല. അംബേദ്കറും, ചതിയന്‍ ചന്തുവും പോലുള്ള വീരനായകര്‍ മുതല്‍, പൊന്തന്‍ മാട പോലെ ചവിട്ടിത്തേക്കപ്പെട്ട നിസഹായക വിഭാഗത്തേയും, ഭാസ്‌കര പട്ടേലരെ പോലെ വിഷം തുപ്പുന്ന കഥാപാത്രങ്ങളും ഒരുപോലെ കൈയടകത്തോടെ അവതരപ്പിച്ച താരം വേറെയുണ്ടാവില്ല.

അഞ്ച് പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള അദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും, 12 തവണ ഫിലിംഫെയര്‍ (ദക്ഷിണേന്ത്യന്‍) പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 1998-ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ നല്‍കി ആദരിച്ചു. 2ഛ10 ജനുവരിയില്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച മമ്മൂട്ടിയെ ആ വര്‍ഷം ഡിസംബറില്‍ തന്നെ ഡോകടറേറ്റ് നല്‍കി കാലിക്കറ്റ് സര്‍വകലാശാലയും ആദരിച്ചു.

1971 ല്‍ കെ.എസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകളായിരുന്നു ആദ്യ ചിത്രം. പിന്നീട് കാലചക്രം, സമബര്‍മതി, ദേവലോകം ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍ ചെയ്തുവെങ്കിലും ശ്രദ്ധിക്കപ്പെടാന്‍ ഒന്‍പത് വര്‍ഷം കത്തിരിക്കേണ്ടി വന്നു ആ അതുല്യപ്രതിഭയ്ക്ക്. 1980 ലെ വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന നടനെ സിനിമാ ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. ആ വര്‍ഷം തന്നെ പുറത്തിറങ്ങിയ മേള എന്ന ചിത്രത്തിലൂടെ നായക പദവിയിലേക്ക് ഉയര്‍ന്നു.

കുട്ടി- പെട്ടി- മമ്മൂട്ടി

ഒരു കലാഘട്ടത്തില്‍ പിറന്ന മമ്മൂട്ടി ചിത്രങ്ങള്‍ക്കെല്ലാം സമാന ഫോര്‍മാറ്റ് ആയിരുന്നു. അത്തരം ചിത്രങ്ങള്‍ക്ക് ലഭിച്ച പേരാണ് കുട്ടി- പെട്ടി- മമ്മൂട്ടി. പലപ്പോഴും മുന്നോ നാലോ വയസ് പ്രായമായ കുട്ടിയുടെ പിതാവായി വലിയ ഉദ്യോഗസ്ഥനായിട്ടാണ് ഈ ചിത്രങ്ങളിലെ മമ്മൂട്ടി കഥാപാത്രം. സമ്പന്നതയെ പ്രതിനിധീകരിക്കാന്‍ ബ്രൗണ്‍ നിറത്തിലുള്ള പെട്ടിയും. അത്തരം സ്റ്റീരിയോടൈപ്പ് വേഷങ്ങളില്‍ നിന്ന് മമ്മൂട്ടി പുറത്ത് വരുന്നത് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. തുടര്‍ച്ചയായ ഫ്‌ളോപ്പുകള്‍ക്ക് ശേഷമുള്ള അത്യുഗ്രന്‍ താരോദയം !

1987 ല്‍ പുറത്തിറങ്ങിയ ന്യൂ ഡല്‍ഹി എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി എന്ന നടന്റെ താരോദയം സംഭവിക്കുന്നത്. ഡെന്നിസ് ജോസഫ് തിരക്കഥയെഴുതി ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ ജി.കെ കൃഷ്ണമൂര്‍ത്തിയെന്ന പത്രാധിപരാതി മമ്മൂട്ടിയെത്തിയത് വിസ്മയത്തോടെയും ആവേശത്തോടെയുമല്ലാതെ മലയാളികള്‍ക്ക് ഓര്‍ക്കാന്‍ സാധിക്കില്ല. അക്കാലത്തെ ഏറ്റവുമധികം പണം വാരിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ന്യൂ ഡല്‍ഹി. 2.5 കോടി രൂപയാണ് സിനിമ അന്ന് വാരിയത്.

ജീവകാരുണ്യ പ്രവര്‍ത്തനത്തിലും മമ്മൂട്ടി മറ്റെല്ലാവര്‍ക്കും മാതൃകയായി. പെയ്ന്‍ ആറ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റിയിലൂടെ നിരവധി പേര്‍ക്ക് തണലായി. സ്ട്രീറ്റ് ഇന്ത്യ മൂവ്‌മെന്റിന്റെ ഗുഡ് വില്‍ അമ്പാസിഡറായി പ്രവര്‍ത്തിച്ചു. മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര ചികിത്സാ പദ്ധതിയായ കാഴ്ചയ്ക്ക് രൂപം നല്‍കി. ഇതിലൂടെ നിര്‍ധനരായ കുട്ടികള്‍ക്ക് സൗജന്യമായി കണ്ണടള്‍ ലഭിച്ചു.

പിന്നീട് മമ്മൂട്ടി യുഗമായാണ് മലയാള സിനിമയെ അടയാളപ്പെടുത്തിയത്. ന്യൂ ഡല്‍ഹി ഇറങ്ങിയ അതേ വര്‍ഷം തന്നെ തനിയാവര്‍ത്തനമെന്ന മറ്റൊരു ഹിറ്റ്. തൊട്ടടുത്ത വര്‍ഷം, 1988 ല്‍ ഒരു സിബിഐ ഡയറിക്കുറുപ്പില്‍ തുടങ്ങി സിബിഐ സിനിമാ സീരീസ്.

മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ എന്ന കഥാപാത്രമായി നാല് സിനിമകളില്‍ അഭിനയിച്ചു. 1988 ലെ ഒരു സിബിഐ ഡയറിക്കുറിപ്പിലൂടെ തുടങ്ങിയ ഈ സീരീസ്, 1989 ലെ ജാഗ്രതയും, 2004 ലെ സേതുരാമയ്യര്‍ സിബിഐയും പിന്നിട്ട് 2005 ലെ നേരറിയാന്‍ സിബിഐയിലാണ് അവസാനിച്ചത്. 1994 മുതല്‍ 2000 വരെയുള്ള വര്‍ഷങ്ങളിലാണ് ദ കിംഗ്, ഭൂതകണ്ണാടി, അംബേദ്കര്‍ പോലുള്ള ചിത്രങ്ങള്‍ ഉണ്ടാകുന്നത്.

2000 എന്ന പുതിയ നൂറ്റാണ്ട് മമ്മൂട്ടി ആരംഭിക്കുന്നത് ലോഹിതദാസ് ചിത്രമായ അരയന്നങ്ങളുട വീട് എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് മലയാളികളുടെ പ്രയപ്പെട്ട അറക്കല്‍ മാധവനുണ്ണിയായി വല്യേട്ടനിലൂടെ മമ്മൂട്ടി എത്തി. 2001 ല്‍ ദുബായ്, 2002 ല്‍ ക്രോണിക് ബാച്‌ലര്‍, 2004 ല്‍ കാഴ്ച എന്നീ ചിത്രങ്ങളും ഈ സമയത്ത് മലായള സിനിമയക്ക് ലഭിച്ചു. 2005 ലാണ് മലയാളികളെ കലിപ്പ് കേറ്റി ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ രാജമാണിക്യം പിറവികൊള്ളുന്നത്. ഈ കാലഘട്ടത്തില്‍ തന്നെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ബിഗ് ബി, ഒരേ കടല്‍ പോലുള്ള ചിത്രങ്ങളിലും അഭിനയിച്ചു.

ഹാസ്യവും നന്നായി വഴങ്ങുന്ന നടനാണ് മമ്മൂട്ടി. കാര്‍ണിവലിലെ പാന്റ് കീറി പോകുന്ന രംഗം മലയാളികളെ ചിരിപ്പിച്ചത് കുറച്ചൊന്നുമല്ല. പിന്നീട് രാജമാണിക്യം, അണ്ണന്‍ തമ്പി, തുറുപ്പ് ഗുലാന്‍, കോട്ടയം കുഞ്ഞച്ചന്‍, പ്രാഞ്ചിയേട്ടന്‍ ആറ് ദി സെയ്ന്റ്, അഴകിയ രാവണന്‍, മനു അങ്കിള്‍, തൊമ്മനും മക്കളും എന്നിങ്ങനെ ഈ ശ്രേണിയിലുള്ള ചിത്രങ്ങള്‍ നീളുന്നു.

മലയാളത്തില്‍ മാത്രം ആ നടനവൈഭവം ഒതുങ്ങിയില്ല. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് എന്നീ ഭാഷകളിലും മമ്മൂട്ടി കഴിവ് തെളിയിച്ചു. മണി രത്‌നത്തിന്റെ തളപതിയില്‍ രജനി-മമ്മൂട്ടി കോമ്പോ ദക്ഷിണേന്ത്യയെ ഒന്നടങ്കം ആവേശം കൊള്ളിച്ചു. രാജീവ് മേനോന്റെ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അസാധ്യ പ്രകടനത്തിന് മുന്നില്‍ താരലോകം ശിരസ് താഴ്ത്തി നമിച്ചു.

മലയാളത്തിലെ ഹിറ്റ് സീരിയലായ ജ്വാലയായി നിര്‍മിച്ചത് മമ്മൂട്ടിയടെ മെഗാബൈറ്റ്‌സ് എന്ന പ്രൊഡക്ഷന്‍ കമ്പനിയായിരുന്നു. മമ്മൂട്ടി സഹസ്ഥാപകനായി പ്രവര്‍ത്തിച്ചിരുന്ന കാസിനോയാണ് നാടോടിക്കാറ്റ്, ഗാന്ധി നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് അടക്കമുള്ള ചിത്രങ്ങള്‍ നിര്‍മിച്ചത്.

ഭാര്യ സുല്‍ഫത്ത്. മകന്‍ ദുല്‍ഖര്‍ സല്‍മാനും അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമാ ലോകത്ത് എത്തി. ഭാര്യ അമാല്‍. ഒരു മകളും ഉണ്ട് മമ്മൂട്ടിക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button