InternationalNews

‘സമയപരിധി’ അവസാനിച്ചു; അതിർത്തിയിൽ നിലയുറപ്പിച്ച് ഇസ്രയേലി ടാങ്കുകൾ

ടെല്‍അവീവ്: വടക്കൻ ഗാസയിൽ നിന്ന് തെക്കൻ ഗാസയിലേക്ക് ആളുകൾക്ക് പോകുന്നതിനായി ഇസ്രയേൽ അനുവദിച്ച സമയം അവസാനിച്ചു. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ഹനൂനില്‍ നിന്നും ഖാന്‍ യൂനിസിലേക്കായിരുന്നു ഇസ്രയേല്‍ സുരക്ഷിതപാത ഒരുക്കിയത്. ഇസ്രയേലി ടാങ്കുകൾ ഗാസയുമായുള്ള അതിർത്തിയിൽ നിലയുറപ്പിക്കാൻ തുടങ്ങി. നിലവിൽ 126 പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.

തെക്കന്‍ ഗാസയിലേക്ക് സുരക്ഷിതമായി മാറാന്‍ രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഐ.ഡി.എഫ്. സമയം അനുവദിച്ചിരുന്നു. ഈ സമയത്ത് ഒരുതരത്തിലുള്ള സൈനികനീക്കവും ഗാസയില്‍ നടത്തില്ലെന്ന് ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസ് (ഐഡിഎഫ്) എക്‌സ് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. മൂന്ന് മണിക്കൂര്‍ നേരത്തേക്ക് അനുവദിച്ച സുരക്ഷിത ഇടനാഴിയിലൂടെ സുരക്ഷിതമായി തെക്കന്‍ ഗാസയിലേക്ക് മാറണമെന്ന് ഐഡിഎഫ് എക്‌സ് പോസ്റ്റില്‍ ആവശ്യപ്പെടുകയും ചെയ്തു.

വടക്കന്‍ ഗാസയിലെ 11 ലക്ഷംപേര്‍ക്കായിരുന്നു തെക്കന്‍ ഗാസയിലേക്ക് മാറാന്‍ ഇസ്രയേല്‍ നിര്‍ദേശം നല്‍കിയത്. ഹമാസ് നേതാക്കള്‍ തങ്ങളുടേയും കുടുംബാംഗങ്ങളുടേയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടാകുമെന്ന കാര്യം ഗാസയിലെ സാധാരണജനങ്ങള്‍ തിരിച്ചറിയണമെന്നും ഐഡിഎഫ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് തെക്കന്‍ ഗാസയിലേക്ക് നീങ്ങണമെന്നും പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.

ഇതിനിടെ, ഇസ്രയേലിനുനേര്‍ക്കുണ്ടാകുന്ന ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ യുഎസ് രണ്ടാമത്തെ വിമാനവാഹിനിക്കപ്പല്‍ ഇസ്രയേലിന് കൈമാറി. സാധാരണജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കണമെന്നും യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. പലസ്തീനിലെ ഭൂരിഭാഗം ജനതയ്ക്കും ഹമാസുമായി ബന്ധമില്ലെന്നും ബൈഡന്‍ പറഞ്ഞു. വിവിധ ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ ( ഒഐസി) അടിയന്തര അസാധാരണ യോഗം ശനിയാഴ്ച വിളിച്ചുചേര്‍ക്കുകയും ചെയ്്തു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര കാബിനറ്റ് വിളിച്ചുകൂട്ടി. ടെൽഅവീവിലെ സൈനിക ആസ്ഥാനത്താണ് യോഗം നടന്നത്. യോഗത്തിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 1,300 ഓളം ഇസ്രയേലികളെ മന്ത്രിമാർ അനുസ്‌മരിച്ചു. തങ്ങൾ തകരുമെന്ന് ഹമാസ് കരുതി, പക്ഷേ തങ്ങളാണ് ഹമാസിനെ തകർക്കുന്നത് എന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

നിലവിൽ ഗാസയിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാകാത്ത 50,000 ഗർഭിണികളുണ്ട് എന്നാണ് യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ കണക്കുകൾ പറയുന്നത്. സ്ത്രീകൾക്ക് അടിയന്തിര ആരോഗ്യ പരിചരണവും സംരക്ഷണവും ആവശ്യമാണ് എന്നും യുഎൻപിഎഫ് അറിയിച്ചു.

ഗാസയിലെ ഇസ്രയേലിന്റെ പ്രവർത്തികൾ സ്വയം പ്രതിരോധത്തിന്റെ പരിധിക്കപ്പുറമായെന്ന് ചൈന വിമർശിച്ചു. ഇസ്രായേൽ ഗാസയിലെ ജനങ്ങളെ കൂട്ടമായി ശിക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി ഞായറാഴ്ച പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker