കടുവ കാണാമറയത്ത് തന്നെ, ഇന്നലെയും ആടിനെ കൊന്നു;മയക്കുവെടിവെച്ച് പിടികൂടാൻ ഊർജിതശ്രമം
വയനാട്: വനംവകുപ്പ് ഒരുക്കിയ കൂട്ടില്‍ക്കയറാതെ, നാട്ടില്‍ ചുറ്റിത്തിരിയുന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനുള്ള ശ്രമം തുടരുന്നു. അതിനിടെ, തൂപ്രയില്‍ ഒരു ആടിനെ കൂടി കടുവ കൊന്നു. തൂപ്രയില്‍ അങ്കണവാടിക്ക് സമീപം ചന്ദ്രന്റെ ആടിനെയാണ് കടുവ കൊന്നത്. ഒരാഴ്ചയ്ക്കിടെ കടുവ പിടികൂടുന്ന അഞ്ചാമത്തെ ആടാണിത്. കഴിഞ്ഞദിവസം കടുവയെ മയക്കുവെടിവെക്കാനായി ഊട്ടിക്കവലയില്‍ വനംവകുപ്പ് സംഘം ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനിടെയാണ് സമീത്തെ തൂപ്രയിലെത്തി കടുവ ഒരു ആടിനെ കൂടി കൊന്നത്.
അമരക്കുനിയില്‍നിന്ന് ദേവര്‍ഗദ്ദ, തൂപ്ര പ്രദേശങ്ങള്‍ കടന്ന് ചൊവ്വാഴ്ച പുലര്‍ച്ചയോടെ കടുവ ഊട്ടിക്കവലയില്‍ എത്തിയിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെ പ്രദേശവാസിയായ പായിക്കണ്ടത്തില്‍ ബിജുവിന്റെ വീട്ടുമുറ്റത്തെ കൂട്ടില്‍നിന്ന് കടുവ ആടിനെ കൊന്നിരുന്നു. വിവരമറിഞ്ഞ ഉടന്‍തന്നെ വനപാലകര്‍ സ്ഥലത്തെത്തി, ബിജുവിന്റെ വീടിനോടുചേര്‍ന്ന് നാലാമത്തെ കൂടും സ്ഥാപിച്ചു. പുലര്‍ച്ചെ പ്രദേശത്ത് തെര്‍മല്‍ സ്‌കാന്‍ ക്യാമറയുള്ള ഡ്രോണ്‍ പറത്തി നടത്തിയ നിരീക്ഷണത്തില്‍ കടുവയെ കണ്ടെത്തി.
ഇതോടെ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയ, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അജേഷ് മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള മയക്കുവെടി വിദഗ്ധസംഘവും സ്ഥലത്തെത്തി. എന്നാല്‍, അപ്പോഴേക്കും കടുവ നിരീക്ഷണവലയത്തില്‍നിന്ന് വിട്ടുപോയിരുന്നു. പകല്‍ ആര്‍.ആര്‍.ടി.യിലെ ജീവനക്കാരടക്കം വനപാലകര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ഡോക്ടര്‍മാരടക്കമുള്ള സംഘം തിരിച്ചുപോയി.
വൈകുന്നേരം 5.15-ഓടെ പ്രദേശവാസിയായ കൊച്ചുകുന്നുംപുറത്ത് ബിന്ദു വീട്ടിലേക്ക് നടന്നുവരുന്നതിനിടെയാണ് സമീപത്തെ കൃഷിയിടത്തില്‍ കടുവയെ കണ്ടത്. വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന വനപാലകരെത്തി കടുവയുണ്ടെന്ന് ഉറപ്പിച്ചു. ഉടന്‍തന്നെ മയക്കുവെടി വെക്കുന്നതിനായി ഡോക്ടര്‍മാരെയും ആര്‍.ആര്‍.ടി. സംഘത്തെയും തിരിച്ചുവിളിക്കുകയായിരുന്നു. തെര്‍മല്‍ സ്‌കാന്‍ ക്യാമറ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണവും പുനരാരംഭിച്ചു. 6.15-ഓടെ സ്ഥലത്തെത്തിയ മയക്കുവെടി വിദഗ്ധസംഘം കടുവയെ കണ്ട തോട്ടത്തിലേക്ക് കയറിയെങ്കിലും ഇരുട്ടുവീണുതുടങ്ങിയിരുന്നു.
തോട്ടത്തിലൂടെ നീങ്ങിക്കൊണ്ടിരുന്ന കടുവയെ ഇരുട്ടില്‍ മയക്കുവെടിവെക്കുക ദുഷ്‌കരമായ ദൗത്യമാണ്. ഈ പ്രദേശംമുഴുവന്‍ വനപാലകര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് വളഞ്ഞിരിക്കുകയാണ്. ആളുകള്‍ വീടിനു പുറത്തിറങ്ങരുതെന്ന് ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്. തിരിച്ചിലിനിടെ ഒന്‍പതേമുക്കാലോടുകൂടി കടുവ ബിജുവിന്റെ വീടിന് ചേര്‍ന്നുള്ള കൂടിന് സമീപത്തെത്തി. കുറച്ചുസമയം കൂടിന് സമീപം നിന്നതിന് ശേഷം കടുവ മാറിപ്പോയി.
അതേസമയം, എട്ടുദിവസമായിട്ടും കടുവയെ പിടികൂടാനാവാത്തതില്‍ വനംവകുപ്പിനെതിരേ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നുതുടങ്ങി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് രാവിലെമുതല്‍ പ്രദേശത്ത് വലിയ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
ആടിനെ കൊന്ന ഊട്ടിക്കവലയിലെ പായിക്കണ്ടത്തില്‍ ബിജുവിന്റെ വീട് സന്ദര്‍ശിക്കാനെത്തിയ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് മാജൂഷ് മാത്യൂസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഒരുവിഭാഗം സി.പി.എം. പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി. വനംവകുപ്പിന്റെ ഏകോപനമില്ലായ്മ അവസാനിപ്പിച്ച് കടുവയെ ഉടന്‍ മയക്കുവെടിവെക്കണമെന്നും വളര്‍ത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം വിതരണംചെയ്യണമെന്നും ഡി.എഫ്.ഒ.യോട് നേതാക്കള്‍ ആവശ്യപ്പെടുന്നതിനിടെയാണ് ഉദ്യോഗസ്ഥരെ ശല്യപ്പെടുത്തരുതെന്നുപറഞ്ഞ് സി.പി.എമ്മിലെ ഒരുവിഭാഗം രംഗത്തുവന്നത്. വീട്ടുമുറ്റത്തുവെച്ച് ഇരുവിഭാഗവും ചേരിതിരിഞ്ഞ് വാക്കേറ്റം തുടങ്ങിയതോടെ കൈയാങ്കളിയുടെ വക്കിലെത്തി. പിന്നീട് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്.
മയക്കുവെടിവിദഗ്ധരടക്കമുള്ള വനപാലകസംഘം കടുവ നിലയുറപ്പിച്ച സ്ഥലം വളഞ്ഞിട്ടുണ്ട്. ഊട്ടിക്കവലയിലെ കൃഷിയിടത്തിലാണ് നിലവില്‍ കടുവയുള്ളത്. ഈ മേഖലയിലേക്കുള്ള റോഡുകളിലെ ഗതാഗതം തടഞ്ഞും ആളുകളെ വീടുകള്‍ക്കുള്ളില്‍ത്തന്നെയിരുത്തിയും പ്രദേശത്തിന്റെ സുരക്ഷാനിയന്ത്രണം വനംവകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. സഹായത്തിനായി പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.