വയനാട്ടിൽ വീണ്ടും കടുവ? വളർത്തുനായയെ കടുവ പിടിച്ചെന്ന് നാട്ടുകാർ

കൽപ്പറ്റ : വയനാട് കുറുക്കൻ മൂല കാവേരി പൊയിലിൽ വനഭാഗത്തോട് ചേർന്ന ജനവാസ മേഖലയിൽ കടുവയെ കണ്ടെന്ന് സൂചന. ഇന്നലെ രാത്രി പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളർത്തു നായയെ കടുവ പിടിച്ചു. താൻ കടുവയെ നേരിട്ട് കണ്ടുവെന്നാണ് ലക്ഷ്മി പറയുന്നത്. പ്രദേശത്ത് തിരച്ചിൽ നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നാൽ പുലിയാണെന്ന അനുമാനത്തിലാണ്.
ഇന്നലെ പഞ്ചാരക്കൊല്ലിയിൽ ഭീഷണി പടർത്തിയ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. വനംവകുപ്പ് തിരച്ചിലിനിടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം. കടുവയുടെ കഴുത്തിൽ ഏറ്റുമുട്ടലിൽ സംഭവിച്ച നാല് മുറിവുകൾ ഉണ്ടായിരുന്നു. ഉൾവനത്തിൽ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോൾ ഉണ്ടായ മുറിവെന്നാണ് നിഗമനം.
വന്യമൃഗ ശല്യം പെരുകിയ സാഹചര്യത്തിൽ വയനാട്ടിൽ ഇന്ന് മുതൽ 3 നാൾ ജനകീയ പരിശോധന നടക്കുന്നുണ്ട്. കടുവ പേടി നിലനിൽക്കുന്ന, പെരുന്തട്ട, പുൽപള്ളി മേഖല, ഇന്നലെ കടുവയെ ചത്തനിലയിൽ കണ്ടെത്തിയ പഞ്ചാരക്കൊല്ലി ഉൾപ്പെടെയുള്ള മേഖലകളിലാണ് വനംവകുപ്പ് പരിശോധന. നോർത്ത്, സൗത്ത് വനം ഡിവിഷനുകളെ 6 മേഖലകളാക്കി തിരിച്ചാണ് പരിശോധിക്കുന്നത്. ജനങ്ങളുടെ ആശങ്ക അകറ്റാനും കൂടി വേണ്ടിയാണ് പ്രത്യേക ദൗത്യം.