അഡ്‌ലെ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ പൂര്‍ത്തിയായി സെമി ചിത്രം തെളിഞ്ഞപ്പോള്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത് ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനലിനാണ്. വ്യാഴാഴ്ച അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം സെമിയിലാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുക. ആദ്യ സെമിയില്‍ പാക്കിസ്ഥാനും ന്യൂസിലന്‍ഡും മാറ്റുരക്കും.
അതേസമയം, ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി പോരാട്ടത്തിനുള്ള ടിക്കറ്റുകളെല്ലാം കണ്ണടച്ചു തുറക്കും മുമ്പെ വിറ്റുപോയി. മത്സര ടിക്കറ്റുകള്‍ക്ക് മാത്രമല്ല, ഓസ്ട്രേലിയയിലെ വിവിധ നിഗരങ്ങളില്‍ നിന്ന് അഡ്‌ലെയ്ഡിലേക്കുള്ള വിമാന യാത്രാ നിരക്കിലും വന്‍ വര്‍ധനയാണിപ്പോള്‍. സെമി ചിത്രം വ്യക്തമായതോടെ സിഡ്നിയില്‍ നിന്ന് അഡ്‌ലെയ്ഡിലേക്കുള്ള വിമാന യാത്രാ നിരക്കില്‍ അഞ്ചിരട്ടി വര്‍ധനയാണ് കഴിഞ്ഞ ദിവസമുണ്ടായത്.
സൂപ്പര്‍ 12ല്‍ ഇന്ത്യ മത്സരിച്ച എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകള്‍ ഇതുപോലെ വിറ്റുപോയിരുന്നു. ഇന്ത്യ മത്സരിച്ച അഡ്‌ലെയ്ഡിലും പെര്‍ത്തിലും മെല്‍ബണിലും സിഡ്നിയിലുമെല്ലാം വന്‍ ആരാധക പിന്തുണയാണ് ലഭിച്ചത്. ഓസ്ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നും ആയിരക്കണക്കിന് ആരാധകരാണ് മത്സരം കാണാന്‍ ഈ നഗരങ്ങളിലെത്തിയത്. ഈ സാഹചര്യത്തില്‍ അഡ്‌ലെയ്ഡിലേക്കുള്ള യാത്രാ നിരക്കുയര്‍ത്തി പരമാവധി ലാഭം കൊയ്യാനാണ് വിമാനക്കമ്പനികള്‍ ശ്രമിക്കുന്നത്.
സൂപ്പര്‍ 12ല്‍ ഇന്നലെ നടന്ന മത്സരത്തില്‍ സിംബാബ്‌വെയെ 71 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലെത്തിയത്. നെതര്‍ലന്‍ഡ്സ് ദക്ഷണാഫ്രിക്കയെ അട്ടിമറിച്ചതോടെ ബംഗ്ലാദേശിനെ വീഴ്ത്തി പാക്കിസ്ഥാനും ഇന്ത്യയുടെ ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തി. ഇന്ത്യയോടും സിംബാബ്‌വേയോടും തോറ്റു തുടങ്ങിയ പാക്കിസ്ഥന്‍ അപ്രതീക്ഷിതമായാണ് സെമിയിലെത്തിയത്.
ഗ്രൂപ്പില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് മാത്രമാണ് തോറ്റത്. ഇന്ത്യയുടെ സെമിയിലെ എതിരാളികളായ ഇംഗ്ലണ്ട് ആകട്ടെ സൂപ്പര്‍ 12ല്‍ അയര്‍ലന്‍ഡിനു മുന്നില്‍ തലകുനിച്ചു. മഴയും ഐറിഷ് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. ഓസ്ട്രേലിയക്കെതിരായ മത്സരം മഴ മൂലം പൂര്‍ണമായം ഉപേക്ഷിച്ചപ്പോള്‍ ശേഷിക്കുന്ന മൂന്ന് കളികളും ജയിച്ചാണ് ഇംഗ്ലണ്ട് സെമിയിലെത്തിയത്.