തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇടുക്കി മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളിലും തീരദേശ മേഖലകളിലും ഇന്നും നാളെയും മഴ ലഭിക്കും.
മധ്യകേരളത്തില്‍ ഇന്നും നാളെയും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി പത്ത് വരെ ഇടിമിന്നലിന് സാധ്യതയുണ്ട്. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം.
അതേസമയം പസഫിക് സമുദ്രത്തില്‍ മിതമായ ലാ നിന പ്രതിഭാസം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള തെക്കന്‍ മേഖലകളില്‍ കൂടുതല്‍ വേനല്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിന്നു. മാര്‍ച്ച് മുതല്‍ മെയ് വരെ ലാ നിന തുടരും. സമുദ്രോപരിതലത്തിലെ ഊഷ്മാവ് സാധാരണയിലും കുറഞ്ഞിരിക്കുന്ന പ്രതിഭാസമാണ് ഇത്.
കേരളത്തില്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെ കൂടുതല്‍ പകല്‍ ചൂട് അനുഭവപ്പെട്ടത് കോട്ടയം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലാണ്. ആലപ്പുഴയില്‍ ദീര്‍ഘകാല ശരാശരിയില്‍ നിന്ന് 3.3 ഡിഗ്രി സെല്‍ഷ്യസും, കോഴിക്കോട് 2.1 ഡിഗ്രിയുമാണ് ചൂട് കൂടി നില്‍ക്കുന്നത്.