‘തൃശൂർ കപ്പ് ഇങ്ങെടുത്തു’ ഫോട്ടോഫിനിഷിൽ പാലക്കാടിനെ മറി കടന്നു; കാൽനൂറ്റാണ്ടിനുശേഷം കിരീടധാരണം
തിരുവനന്തപുരം: കൗമാരകലയുടെ കനകകിരീടം വീണ്ടും കലയുടെ തലസ്ഥാനമായ തൃശൂരിലേയ്ക്ക്. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തില്‍ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. ഒരൊറ്റ പോയന്റ് വ്യത്യാസത്തിലാണ് തൃശൂര്‍ പാലക്കാടിനെ മറികടന്നത്.
തൃശൂരിന് 1008 പോയന്റും പാലക്കാടിന് 1007 പോയന്റും. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരു ടീമുകളും 482 പോയന്റുമായി ഒപ്പത്തിനൊപ്പമാണ്. ഹയര്‍ സെക്കന്‍ഡറിക്കാരാണ് തൃശൂരിന്റെ രക്ഷയ്‌ക്കെത്തിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ തൃശൂരി 526 ഉം പാലക്കാടിന് 525 പോയന്റുമാണുള്ളത്.
കാല്‍നൂറ്റാണ്ടിനുശേഷമാണ്, കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന വിശേഷണം പേറുന്ന തൃശൂര്‍ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കുന്നത്. 1999ല്‍ നടന്ന കൊല്ലം കലോത്സവത്തിലാണ് തൃശൂര്‍ ഇതിന് മുന്‍പ് ജേതാക്കളായത്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കണ്ണൂരിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 21 വര്‍ഷം കിരീടം കുത്തകയാക്കി റെക്കോഡിട്ട കോഴിക്കോടിന് നാലാം സ്ഥാനമേ ഉള്ളൂ. .
സ്‌കൂളുകളുടെ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്. ജി.ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാമത്. 171 പോയിന്റോടെ ബഹുദൂരം മുന്നിലാണ് അവര്‍. തിരുവനന്തപുരം കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറിയാണ് രണ്ടാമത്. ഇടുക്കി എം.കെ. എന്‍.എം.എച്ച്.എസ് സ്‌കൂളാണ് മൂന്നാമത്.
സമാപന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരങ്ങളായ ടൊവിനോ തോമസും ആസിഫലിയും അതിഥികളായി. സ്പീക്കര്‍ എ. എ.ഷംസീര്‍ അധ്യക്ഷനായി. മന്ത്രിരായ കെ.എന്‍.ബാലഗോപാല്‍, കെ.രാജന്‍, ജി. ആര്‍. അനില്‍, ആര്‍.ബിന്ദു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.