തൃശൂർ: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ വെടിക്കെട്ട് ഒഴിവാക്കിയ ഹെെക്കോടതി ഉത്തരവിൽ പ്രതികരിച്ച് ദേവസ്വം ബോർഡ് പ്രതിനിധികൾ. വെടിക്കെട്ട് ഒഴിവാക്കി തൃശൂര്‍ പൂരം നടത്താനാകില്ലെന്നും ഹൈക്കോടതി ഉത്തരവ് ദേവസ്വങ്ങളേയും മറ്റ് ആഘോഷകമ്മിറ്റികളേയും കേട്ടശേഷമല്ലെന്നും തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പറഞ്ഞു.
തൃശൂർ പൂരം വെടിക്കെട്ടിന് സുപ്രീം കോടതി ഇളവ് നൽകിയിട്ടുളളതാണ്. വെടിക്കെട്ട് ആചാരത്തിന്റെ ഭാഗമാണ്. നടപടിക്രമങ്ങള്‍ പാലിച്ചാണ് നടത്താറുള്ളത്. കോടതി വിധി ബാധകമാക്കിയാല്‍ നിയമവഴി തേടും. മതപരമായ കേന്ദ്രങ്ങളില്‍ നിരോധിച്ചിട്ട് മറ്റിടങ്ങളില്‍ അനുവദിക്കുന്നത് തുല്യ നീതിയല്ല. പെസോയുടെ നിരീക്ഷണത്തിൽ വെടിക്കെട്ട് നടക്കുന്നത് തൃശൂർ പൂരം മാത്രമാണ്. നിരോധിച്ച വെടിമരുന്നുകൾ തൃശൂർ പൂരത്തിന് ഉപയോഗിക്കുന്നില്ല.
വീടുകളിലും മറ്റും വെടിക്കെട്ട് നിരോധിക്കാതെ ഉത്സവങ്ങളിൽ മാത്രം നിരോധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. മൂന്ന് മാസം മുൻപ് തന്നെ യോഗം ചേർന്ന് എല്ലാ വിധനിയന്ത്രണങ്ങളും അനുസരിച്ചാണ് വെടിക്കെട്ട് നടക്കുന്നത്. ഉത്തരവ് പുനഃപരിശോധിക്കണമെന്നും തിരുവമ്പാടി ദേവസ്വം ജോയിൻ്റ് സെക്രട്ടറി ശശിധരൻ പറഞ്ഞു.
അസമയത്ത് വെടിക്കെട്ട് നടത്തുന്നതിനാണ് ഹെെക്കോടതി നിരോധനം ഏർപ്പെടുത്തിയത്. ദെെവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധ ഗ്രസ്ഥത്തിലും പറയുന്നില്ലെന്ന് ഹെെക്കോടതി പറഞ്ഞിരുന്നു. അസമയത്ത് വെടിക്കെട്ട് നടക്കുന്നില്ലെന്ന് ജില്ലാ കളക്ടർമാർ ഉറപ്പുവരുത്തണമെന്നും ഹെെക്കോടതി നിർദേശിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ദേവസ്വം ബോർഡ് പ്രതിനിധികളുടെ പ്രതികരണം.
വെടിക്കെട്ട് ശബ്ദ, പരിസ്ഥിതി മലിനീകരണങ്ങൾക്ക് കാരണമാകുന്നുണ്ട്. ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പരിശോധന നടത്തി പിടിച്ചെടുക്കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. മരട് ക്ഷേത്രത്തിൽ വെടിക്കെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹെെക്കോടതിയുടെ ഈ ഉത്തരവ്.