KeralaNews

തൃപ്പൂണിത്തുറ സ്‌ഫോടനം: 8 പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍, പിടിയിലായത് മൂന്നാറില്‍ നിന്ന്

കൊച്ചി: തൃപ്പൂണിത്തുറ സ്‌ഫോടനത്തില്‍ എട്ട് പേര്‍ കൂടി അറസ്റ്റിലായി. ക്ഷേത്ര-ഉത്സവ കമ്മിറ്റി ഭാരവാഹികളാണ് ഇന്നലെ രാത്രി പിടിയിലായത്. മൂന്നാറില്‍ ഒളിവില്‍ കഴിയവെയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത്. പടക്കസംഭരണശാലയില്‍ തീപിടിച്ചുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ജില്ലാ കളക്ടര്‍ നിയോഗിച്ച അന്വേഷണ സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. സബ് കളക്ടര്‍ കെ മീരയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടുണ്ടോ എന്നതടക്കമാണ് സംഘം പരിശോധിക്കുന്നത്. സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

പൊലീസിന്റെ നിര്‍ദ്ദേശം മറികടന്നാണ് പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് പടക്കം എത്തിച്ചത്. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയിട്ടും പൊലീസ് തടഞ്ഞില്ല എന്നതും ദുരൂഹമാണ്. സ്‌ഫോടനത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച പ്രാഥമിക കണക്കെടുപ്പും അന്വേഷണസംഘം നടത്തിയേക്കും.

നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മീഷന്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെടിക്കെട്ട് നിയന്ത്രിക്കണമെന്നും നാട്ടുകാര്‍ പറയുന്നു. സ്‌ഫോടനത്തിലൂടെ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

15 വീടുകള്‍ പൂര്‍ണമായും 150ലേറെ വീടുകള്‍ ഭാഗികമായും തകര്‍ന്നെന്നുമാണ് കണക്കുകള്‍. നാല് വീടുകള്‍ വാസയോഗ്യമല്ലാതായെന്നാണ് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ കണ്ടെത്തല്‍. മറ്റ് വീടുകളിലും താമസം തുടങ്ങണമെങ്കില്‍ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാകണം.

ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. നഷ്ടപരിഹാരത്തിനായി കോടതിയുടെ മേല്‍നോട്ടത്തില്‍ കമ്മീഷനെ നിയോഗിച്ച് കണക്കെടുപ്പ് നടത്തണമെന്നാണ് ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം.

ഇതുമായി ബന്ധപ്പെട്ട അഭിഭാഷകരുമായി ചര്‍ച്ച നടത്തി. പുതിയകാവ് ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന പടക്കം പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിഷ്ണു, ദിവാകരന്‍ എന്നിവരാണ് മരിച്ചത്. സ്‌ഫോടനത്തില്‍ പരിക്കേറ്റവര്‍ ചികിത്സയിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button