മലപ്പുറം: തിരൂരില്‍ മൂന്നര വയസുകാരന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. രണ്ടാനച്ഛന്‍ അര്‍മാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് മര്‍ദനം തുടങ്ങിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഊഹിക്കാവുന്നതിലും അപ്പുറം മര്‍ദ്ദനം കുഞ്ഞിന് ഏറ്റവുവാങ്ങേണ്ടി വന്നിട്ടുണ്ടെന്ന് എസ്പി പറയുന്നു. പ്രതികളുടെ ക്വാര്‍ട്ടേഴ്സില്‍ എസ്പി സന്ദര്‍ശനം നടത്തി.
കുഞ്ഞിനെ പൊളളലേല്‍പ്പിക്കാന്‍ ഉപയോഗിച്ച വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് തലയില്‍ പരുക്ക് പറ്റിയെന്ന് പറഞ്ഞ് മൂന്നരവയസുകാരനായ ഷെയ്ഖ് സിറാജിനെയും കൊണ്ട് രണ്ടാനച്ഛന്‍ തിരൂരിലെ സ്വകാര്യം ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍ കുഞ്ഞ് അപ്പോഴേക്കും മരിച്ചിരുന്നു. കുഞ്ഞ് മരിച്ചുവെന്ന് ഉറപ്പ് വരുത്തിയതിന് പിന്നാലെ രണ്ടാനച്ഛന്‍ അവിടെ നിന്നും കടന്നുകളഞ്ഞു. ഇതിന് പിന്നാലെയാണ് ദുരൂഹത സംശയിക്കുന്നത്.
കുഞ്ഞ് കുളിമുറിയില്‍ വീണ് പരുക്കുപറ്റിയതാണെന്നാണ് അമ്മയുടെ മൊഴി. എന്നാല്‍ കുഞ്ഞിന്റെ തലയ്ക്ക് പിന്നില്‍ ശക്തമായ അടിയേറ്റതിന്റെ പാടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഒപ്പം പൊള്ളലേറ്റ പാടുകളുമുണ്ട്. തുടര്‍ന്ന് കുഞ്ഞിന്റെ മരണത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. കുട്ടിയുടെ തലയില്‍ അടിയേറ്റതിന്റെ പാടും ശരീരത്തില്‍ പൊളളലേല്‍പ്പിച്ചതിന്റെ പാടുമുണ്ടെന്ന് പൊലീസ് കണ്ടെത്തി.