ഒറ്റപ്പാലം: വീട്ടമ്മയെ കിടപ്പുമുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടത്തിയ സംഭവത്തിൽ ബന്ധുക്കളായ മൂന്ന് പേർ അറസ്റ്റിൽ. ഒറ്റപ്പാലം ആർ.എസ്. റോഡിൽ തെക്കേത്തൊടിയിൽ ഖദീജ മൻസിലിൽ ഖദീജ (63)യെയാണ് വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഖദീജയുടെ സഹോദരിയുടെ മകളേയും രണ്ട് മക്കളും പോലീസ് പിടികൂടി. ഇവർ കുറ്റം സമ്മതിച്ചതായാണ് വിവരം.
ഖദീജയുടെ സഹോദരിയുടെ മകൾ ഷീജ, മകൻ യാസിർ, പ്രായപൂർത്തിയാകത്ത മറ്റൊരു മകൻ എന്നിവരാണ് പോലീസ് പിടിയിലായത്. ആദ്യം യാസിറിനെ പിടികൂടിയ പോലീസ് രാത്രി വൈകി ലോഡ്ജിൽ നിന്നാണ് ഷീജയേയും മറ്റൊരു മകനേയും പിടികൂടിയത്. ഷീജയും മകൻ യാസിറും കുറ്റം സമ്മതിച്ചു. ശ്വാസം മുട്ടിച്ചാണ് കൊലനടത്തിയതെന്നും ഇവർ മൊഴി നൽകി. കൊലക്ക് ശേഷം ആഭരണങ്ങൾ വിറ്റ് മുംബൈയിലേക്ക് കടക്കാനായിരുന്നു ഇവരുടെ നീക്കം.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഖദീജയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്ന പേരിൽ ഷീജയുമായി തർക്കം നടന്നിരുന്നു. സ്വർണാഭരണം വിൽക്കാനായി ഒറ്റപ്പാലത്തെ ജുവലറിയിൽ ഷീജ എത്തിയിരുന്നു. എന്നാൽ വില സംബന്ധിച്ച് ഒന്നും പറയാതിരുന്നതിൽ സംശയം തോന്നിയ ജീവനക്കാർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇത് ഖദീജയുടെ സ്വർണമാണെന്ന് പോലീസ് കണ്ടെത്തി. എന്നാൽ ബന്ധുവായതിനാൽ പരാതിയില്ലെന്ന് ഖദീജ അറിയിച്ചതിനേ തുടർന്ന് പോലീസ് കേസ് എടുത്തിരുന്നില്ല.
പിന്നീട് രാത്രി 8.30നാണ് കൊലപാതകം നടത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പ് മുറിക്കുകയായിരുന്നു. സംഭവത്തേ തുടർന്ന് ഇവർ വീട്ടിൽ നിന്ന് അപ്രത്യക്ഷരായി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ഷീജയേയും മക്കളേയും ലോഡ്ജിൽ നിന്ന് കണ്ടെത്തിയത്. ഖദീജയുടെ സഹോദരിയുടെ മകളായ ഷീജ ധാരാവി സ്വദേശിയാണ്. ഖദീജക്കൊപ്പമാണ് ഷീജയും മക്കളും കഴിയുന്നത്. ഷൊർണൂർ ഡിവൈ.എസ്.പി. വി. സുരേഷ്, ഒറ്റപ്പാലം സി.ഐ. വി. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.