അമേരിക്കയില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു
വാഷിംഗ്ടണ്‍: അമേരിക്കയില്‍ മൂന്ന് പലസ്തീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വെടിയേറ്റു. വെര്‍മോണ്ടിലെ ബര്‍ലിംഗ്ടണില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റോഡ് ഐലന്‍ഡിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന ഹിഷാം അവര്‍ത്താനി, പെന്‍സില്‍വാനിയയിലെ ഹാവര്‍ഫോര്‍ഡ് കോളേജില്‍ പഠിക്കുന്ന കിന്നന്‍ അബ്ദുല്‍ ഹമീദ്, കണക്റ്റിക്കട്ടിലെ ട്രിനിറ്റി കോളേജില്‍ പഠിക്കുന്ന തഹ്സീന്‍ അഹമ്മദ് എന്നിവര്‍ക്കാണ് വെടിയേറ്റത്.
വെര്‍മോണ്ട് യൂണിവേഴ്സിറ്റി കാമ്പസിന് സമീപത്ത് വെച്ചാണ് മൂന്ന് പേര്‍ക്കും വെടിയേറ്റത്. സംഭവം വിദ്വേഷ കുറ്റകൃത്യമാണ് എന്നാണ് ബര്‍ലിംഗ്ടണ്‍ പൊലീസ് പറയുന്നത്. എന്നാല്‍ വെടിവെച്ചയാളെ തിരിച്ചറിയാനോ പിടികൂടാനോ സാധിച്ചിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തണം എന്നും അക്രമിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നും വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങള്‍ പറഞ്ഞു.
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷം ഒക്ടോബര്‍ 7-ന് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ വിദ്വേഷ പ്രചരണങ്ങളും മറ്റും രാജ്യത്ത് വ്യാപകമാകുന്നതിനിടെയാണ് വെടിവയ്പ്പ്. വെടിയേറ്റ വിദ്യാര്‍ത്ഥികള്‍ അറബി സംസാരിക്കുകയും പരമ്പരാഗത പലസ്തീന്‍ കെഫിയെ ധരിക്കുകയും ചെയ്തിരുന്നതായി പലസ്തീന്‍ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പറഞ്ഞു. യുഎസ് ആസ്ഥാനമായുള്ള അഭിഭാഷക സംഘടനയായ അമേരിക്കന്‍-അറബ് ആന്റി ഡിസ്‌ക്രിമിനേഷന്‍ കമ്മിറ്റി വെടിവെപ്പ് വിദ്വേഷ കുറ്റകൃത്യമായി അന്വേഷിക്കാന്‍ ഫെഡറല്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
അറബ് വിരുദ്ധ, പലസ്തീന്‍ വിരുദ്ധ വികാരത്തിന്റെ കുതിച്ചുചാട്ടം അഭൂതപൂര്‍വമാണ്, ആ വിദ്വേഷം അക്രമാസക്തമാകുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത് എന്ന് എഡിസി നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബെദ് അയൂബ് പറഞ്ഞു. വെടിയേറ്റ മൂന്ന് പേരും ബിരുദധാരികളാണെന്ന് ഇസ്രായേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ സെക്കന്‍ഡറി സ്‌കൂളായ റമല്ല ഫ്രണ്ട്‌സ് സ്‌കൂള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഹിഷാമിന് പുറകിലും തഹ്സീന്‍ നെഞ്ചിലും ആണ് വെടിയേറ്റത്. കിന്നന് ചെറിയ പരിക്കുകളെ ഉള്ളൂ. ശനിയാഴ്ച വൈകുന്നേരം 6:30 ഓടെ ആണ് സംഭവം അറിഞ്ഞതെന്നും ഉടന്‍ സംഭവസ്ഥലത്ത് എത്തിയെന്നും പൊലീസ് പറഞ്ഞു. വെടിയേറ്റ ആദ്യത്തെ രണ്ടുപേരെ സംഭവസ്ഥലത്ത് വെച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി അഗ്‌നിശമന സേന വെര്‍മോണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി.
മൂന്നാമനെ പൊലീസ് ആണ് അതേ ആശുപത്രിയില്‍ എത്തിക്കുന്നത്. അതേസമയം ഇസ്രായേല്‍- ഹമാസ് യുദ്ധത്തില്‍ താല്‍ക്കാലിക വെടിനിര്‍ത്തല്‍ തുടരുകയാണ്. നാല് ദിവസത്തെ വെടിനിര്‍ത്തലിന്റെ മൂന്നാം ദിനമാണ് ഇന്ന്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഇരുകൂട്ടരും ബന്ദികളെ മോചിപ്പിച്ചിരുന്നു. ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിക്കാനും കരാര്‍ പ്രകാരം ധാരണയായിട്ടുണ്ട്.