KeralaNews

കാഞ്ഞങ്ങാട്ടെ വിദ്വേഷ മുദ്രവാക്യം; ഏറ്റുവിളിച്ച 17കാരനടക്കം മൂന്നുപേർ കൂടി അറസ്റ്റിൽ

കാസർകോട്: മണിപ്പൂർ കലാപത്തിൽ നടപടിയാവശ്യപ്പെട്ട് കാഞ്ഞങ്ങാട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച ഐക്യദാർഢ്യ റാലിക്കിടയിലെ വിദ്വേഷ മുദ്രാവാക്യം വിളിച്ച മൂന്നുപേർകൂടി അറസ്റ്റിലായി. അറസ്റ്റിലായവരിൽ 17കാരനും ഉൾപ്പെടുന്നു. തെക്കേപ്പുറം സ്വദേശി നൗഷാദ്, ആറങ്ങാടി സ്വദേശി സായ സമീർ, 17 വയസ് പ്രായമുള്ള ഒരാൺകുട്ടി എന്നവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസം സംഭവത്തിൽ അഞ്ചുപേരെ ഹോസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മതവികാരം വ്രണപ്പെടുത്തൽ, അന്യായമായി സംഘംചേരൽ തുടങ്ങി ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്‍റ് പ്രശാന്ത് നല്‍കിയ പരാതിയിലാണ് പോലീസ് നടപടിയെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരമാണ് യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി റാലി നടത്തിയത്. ‘അമ്പലനടയിൽ കെട്ടിത്തൂക്കി പച്ചക്കിട്ട് കത്തിക്കും’ എന്ന മുദ്രാവാക്യമാണ് വിവാദത്തിന് ഇടയാക്കിയത്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിനെ തുടർന്ന് പരക്കെ വിമർശനം ഉയർന്നിരുന്നു. മുദ്രാവാക്യം വിളിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വവും ബിജെപിയും രംഗത്ത് വന്നിരുന്നു. ഇതേ തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് മുദ്രാവാക്യം വിളിച്ച പ്രവർത്തകനെ സംഘടനയിൽ നിന്ന് പുറത്താക്കിയതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

പ്രകോപനപരമായ മുദ്രാവാക്യം വിളിയില്‍ കണ്ടാലറിയാവുന്ന മുന്നൂറോളം പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തിരുന്നു. ഇനിയും കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന വിവരം. മത വിദ്വേഷമായ രീതിയിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. ഇതിനായി പ്രത്യേക ടീം രൂപീകരിച്ചു കഴിഞ്ഞു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ടീം പ്രവർത്തിക്കുന്നത്. കാസർകോട് ജില്ലയിലെ ടൗൺ കേന്ദ്രീകരിച്ച് വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker